Wednesday, November 26, 2008

ബംഗളുരു നാട് - "സാര്‍, ദിസ്‌ ഈസ്‌ റ്റൂ മച്ച്‌"

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നമ്മുടെ ഒരു സുഹൃത്ത്‌, നാട്ടില്‍ നിന്നും പെട്ടിയും തൂക്കി വൊള്‍വൊയില്‍ കയറി ബംഗലൂരിലെത്തി. (അന്നു ബാഗ്ലൂര്‍). ഒരു സോഫ്റ്റവയര്‍ ജീവനക്കാരന്റെ ജീവിതത്തിലെ അതിപ്രധാനമായ യാത്ര. ഒരു അയ്യപ്പ്പഭക്തന്റെ ശബരിമല യാത്രയൊടും, ഒരു മലബാറുകാരന്റെ ഗള്‍ഫ്‌ യാത്രയൊടും ഇതിനെ ഉപമിക്കാം. ജീവിതത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കും ഈ യാത്ര. ഭാഗ്യമുണ്ടെങ്കില്‍ മാസാമാസം അന്ചക്ക ശമ്പളം, ചെത്തിനടക്കാന്‍ ബൈക്ക്‌ (പിന്നില്‍ ഒരു ഗേള്‍ ഫ്രണ്ട്‌ - ഒപ്ഷനല്‍), ഓണ്‍ സൈറ്റ്‌, പിസ്സാ, കേ എഫ്‌ സി, പബ്‌, ലൈവ്‌ ബാന്‍ഡ്‌..അങ്ങനെ പട്ടിക നീളും. നിര്‍ഭാഗ്യം തലോടിയാല്ലോ? കോടംബാക്കത്തുനിന്നു നിരാശരായി നാട്ടിലേക്കു മടങ്ങിയിരുന്ന സിനിമാ പ്രേമികളെപ്പൊലെ, അല്ലറ ചില്ലറ നാടക വേഷങ്ങളുമായി ശിഷ്ടകാലം. പിന്നീട്‌ ഭാഗ്യമുണ്ടെങ്കില്‍ ബിഗ്‌ സ്ക്രീനില്‍ എത്തിയെന്നും വരാം. നമ്മുടെ സുഹൃത്ത്‌ തന്റെ പെട്ടിക്കൊപ്പൊം ഒരു ബൈക്കും കൊണ്ടാണു വൊള്‍വൊയില്‍ കയറിയത്‌. തന്റെ ജീവിതത്തില്‍ വിട്ടുപിരിയാന്‍ കഴിയാത്ത ഒന്നാണു ആ ബൈക്ക്‌ എന്നു അവന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌. (കാരണം പറഞ്ഞിട്ടില്ല, ഒരു പക്ഷെ നാട്ടിലെ കളികൂട്ടുകാരിയുമായി യാത്ര ചെയ്തതിന്റെ സ്മരണകളാകാം, അല്ലെങ്കില്‍ ട്യുഷന്‍ ടീച്ചറെ വീട്ടിലേക്ക്‌ ലിഫ്റ്റ്‌ കൊടുത്തതിന്റെയാവാം, അമ്മയല്ലാതെ ആദ്യമായി ഒരു പെണ്ണ്‍ -സ്വന്തം കാമുകി- ആ ബൈക്കില്‍ ഇരുന്നത്‌ ഓര്‍ത്താവാം) ആ വണ്ടിക്കാണെങ്കില്‍ ആര്‍ സി ബുക്കില്ല, ഇന്‍ഷുറന്‍സ്‌, ടാക്സ്‌ ഇത്യാദി രേഖകള്‍ ഒന്നും തന്നെയില്ല. പൊല്ല്ലൂഷന്റെ കാര്യമാണെങ്കില്‍ പറയണ്ട. ബൈക്കിന്റെ ഒരൊ പാര്‍ട്ടും നാടിനെ നല്ലപൊലെ പൊല്ലൂട്ട്‌ ചെയ്യുന്നു!.
കരിയറില്‍ ഉന്നത നിലയിലേക്ക്‌ വളര്‍ന്നെങ്കിലും, ബൈക്കിനെ അവന്‍ കൈവിട്ടില്ല. ഇതിനിടയില്ലാണു ബാംഗലൂരു പൊലീസ്‌ 'ബൈക്ക്‌ വേട്ട' ആരംഭിക്കുന്നത്‌. അന്യദേശക്കാരെ അവര്‍ പ്രത്യേകം നൊട്ടമിട്ടു. അങ്ങനെ സുഹൃത്തും അവരുടെ നൊട്ടപ്പുള്ളിയായി. ആദ്യമായി അവനെ പൊക്കിയപ്പോള്‍ത്തന്നെ നല്ല ഒരു 'പ്രൊസ്പെക്റ്റ്‌ കസ്റ്റമറാണെന്ന്' പൊലീസിനു മനസിലായി. പേപ്പര്‍ ഒന്നിനുമില്ല്ലാത്തതിനാല്‍ ധാരാളം കാശു പോരും. രണ്ടു മൂന്നു പ്രാവശ്യം സുഹൃത്ത്‌ പിടികൊടുത്തു. പിന്നെ സ്വന്തം പേര്‍സ്‌ പാന്റ്സിന്റെ രഹസ്യ അറയിലേക്കു മാറ്റി. പൊക്കെറ്റിലെ 20-50 രൂപ കാണിച്ച്‌ അവന്‍ അവരുടെ മുന്നില്‍ വിനയം നടിച്ചു. "ജീവിക്കാന്‍ നിവൃത്തിയില്ല സാര്‍..ഇതേ ഉള്ളൂ.കരുണ കാണിക്കണം." ദൈന്യത നിറഞ്ഞ വാചകങ്ങള്‍ക്കുമുന്നില്‍ പല പോലീസുകാരും കരഞ്ഞുപോയി. ഉള്ളതുവാങ്ങി അവര്‍ അവനെ യാത്രയാക്കി. പക്ഷെ ചായ കുടിക്കണമെന്നു തോന്നുമ്പോഴെല്ലാം ഏമാന്മാര്‍ സുഹൃത്തിനെ പൊക്കി. ഒരിക്കല്‍ ചായകുടി കാത്തുനിന്നവന്മാരെ പറ്റിക്കാന്‍ റോഡിന്റെ വലതുവശത്തു കൂടി തല കുനിച്ചു പറക്കാന്‍ ശ്രമിച്ച സുഹൃത്തിനെ പോലിസ്‌ വലത്തുവശത്തേക്കു കടന്നു വന്നു പിടിച്ചു. മുന്നില്‍ നിന്നു മന്ദസ്മിതം തൂകിയ ഏമാനെ നൊക്കി അവന്‍ ദയനീയമായി പറഞ്ഞു," സാര്‍, ദിസ്‌ ഈസ്‌ റ്റൂ മച്ച്‌". ബുക്കും പേപ്പറുമില്ല, ഏന്നാലും "റ്റൂ മച്ച്‌" ആണെന്നാണു അവന്‍ പറയുന്നത്‌!. ദുഷ്ടന്മാര്‍ പോലീസുകാര്‍...

അങ്ങനെയിരിക്കുമ്പോഴാണു ഹെല്‍മെറ്റ്‌ നിര്‍ബന്തമാക്കിയത്‌. അതോടെ സുഹൃത്തിന്റെ നല്ല കാലം തെളിഞ്ഞു. രണ്ടു സണ്‍ ഗ്ലാസ്‌ പേപ്പര്‍ ഹെല്‍മെറ്റില്‍ ഓടിച്ചു അവന്‍ സ്വന്തം തല മറച്ചുകളഞ്ഞു. അതോടെ യാത്രകള്‍ സുഖകരമായി. ഹെല്‍മെറ്റ്‌ തലകള്‍ക്കിടയില്‍നിന്നു സുഹൃത്തിനെ പൊക്കാന്‍ പോലീസിനായില്ല. ഏന്നാലും പോക്കറ്റില്‍ 50 രൂപ സൂക്ഷിക്കാന്‍ അവന്‍ എന്നും ഒര്‍മ്മിച്ചു.
പിന്‍ കുറിപ്പ്‌: കാലം കഴിഞ്ഞു. സ്നേഹിതന്‍ വീട്‌ വച്ചു, കല്യാണവും കഴിച്ചു. അതിനു ശേഷം നാട്ടില്‍ നിന്നു വന്നത്‌ ഒരു കാറുമായാണു. വീണ്ടും തദൈവ, അതിനും ബുക്കും പേപ്പറുമില്ല!. ഈയിടെ പുള്ളിക്കാരനെ ഭാര്യയുമായി കാറോടിച്ചു പോകുന്നതു കണ്ടു...ഹെല്‍മറ്റ്‌ ആ തലയില്‍ ഇപ്പൊഴുമുണ്ട്‌! മനുഷ്യനു സ്വന്തം സുരക്ഷയാണല്ലോ പ്രധാനം.

Sunday, October 12, 2008

ബംഗളുരു നാട് : ദി അറ്റാക്ക് ഓഫ് മൂഷികന്‍സ്

ചാവേര്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ നാട്ടില്‍ ഒരു വാര്‍ത്തയല്ലാതാവുകയാണല്ലോ. ജനസമ്മൂഹത്തിനിടയില്‍ നുഴഞ്ഞു കയറുന്ന ഭീകരര്‍ അവര്‍ക്ക്‌ വലിയ ഒരു തലവേദനയായി മാറുന്നു. ശക്തമായ പ്രതിരോധം തീര്‍ത്താലേ ഇവരേ സമൂഹത്തില്‍ നിന്നു തുരത്താന്‍ കഴിയൂ. ഇതേ രീതിയിലുള്ള ഒരു പ്രതിരോധം ഞാനും തീര്‍ത്തിരിക്കുന്നു...എന്റെ വീട്ടില്‍, മൂഷികന്മാര്‍ക്കെതിരെ!!ഈ വീട്ടില്‍ താമസം തുടങ്ങി കുറച്ചു കാലം കഴിഞ്ഞപ്പൊഴാണു ഞാന്‍ അതു ശ്രദ്ധിച്ചത്‌, മൂഷിക ഭീകരര്‍ ചുറ്റുമുണ്ട്‌. വീട്ടുടമ ഇതൊന്നും സൂചിപ്പിച്ചിരുന്നില്ല. വീട്ടിനു മുന്നിലെ ഡ്രൈനേജിലേക്ക്‌ ഓടി ഒളിച്ച ഒരുവനെ ഞാന്‍ 'നോട്ട്‌' ചെയ്തു. ചാവേര്‍ ആക്രമണം പ്ലാന്‍ ചെയ്യാന്‍ എത്തിയ ഒരു ഹെല്‍പ്പര്‍ അയിരുന്നു അവന്‍. പരിസരം നിരീക്ഷിക്കാന്‍ എത്തിയതായിരുന്നു. അരോ പുതിയതായി വീട്ടില്‍ ഭരണം തുടങ്ങിയതായി അവര്‍ അറിഞ്ഞിരിക്കുന്നു. ജനാധിപത്യ രീതിയില്‍ ഈ വീട്ടില്‍ അധികാരത്തില്‍ ഏറിയ എന്നോട്‌ ആ ഭീകരര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു! ഭരണത്തില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത്‌ ഒരു മേശക്കു ചുറ്റുമിരുന്ന് സംസാരിച്ചു തീര്‍ക്കണ്ടതല്ലേ?


ഇന്റലിജെന്‍സ്‌ സംവിധാനം ശരിയല്ലെന്നു ഭാര്യ ഇടക്കിടയ്ക്കു പറയാറുണ്ടായിരുന്നു. മറ്റു ഭരണത്തിരക്കുകള്‍ക്കിടയില്‍ അതു കാര്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഒരു ദിവസം രാവിലെ ഭാര്യ അടുക്കളയില്‍ നിന്നു ഓടി വന്നു നിലവിളിച്ചപ്പോളാണു സംഗതിയുടെ ഗൗരവം മനസ്സിലായത്‌. മൂഷികന്മാരുടെ അദ്യത്തെ അറ്റാക്ക്‌ ആയിരുന്നു അത്‌. അടുക്കളയില്‍ ഗ്യാസ്‌ അടുപ്പിനു അടിയില്‍ ഒളിച്ചിരിക്കുകയായിരുന്ന ഒരുവന്‍ അവളുടെ കഴുത്തിനു മുകളിലൂടെ എടുത്തു ചാടി. ആകെ നിലവിളിയായി. ചാടിയെണീറ്റു ഓടിവന്ന ഞാന്‍ കണ്ടത്‌ അടുത്ത റൂമിലെ ഫ്രിഡ്ജ്‌ നു പിന്നിലെ തുറന്ന ഒളിച്ചിരിക്കാന്‍ പറ്റിയ ഇടത്തേക്ക്‌ അവന്‍ ഓടുന്നതാണു. ഒളിത്താവളങ്ങള്‍ എല്ലാം അവന്‍ മനസ്സിലാക്കിയിരിക്കുന്നു. തലയോ വാലോ പുറത്തു വരുന്നുണ്ടോ എന്നു നോക്കി ഞാന്‍ ഫ്രിഡ്ജ്‌ നു സമീപം നിന്നു. കാണുന്ന നിമിഷം പുറത്തേക്കു വലിച്ചെടുത്ത്‌ 'എന്‍കൗണ്ടര്‍' ചെയ്യാന്‍. പക്ഷെ അവനെ കണ്ടില്ല. അവസാനം അന്നത്തേക്കു ആ ശ്രമം മതിയാക്കി ഞങ്ങല്‍ ഓഫീസിലെക്കു പോയി. ഓഫീസിലെ കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്നു മൗസ്‌ ക്ലിക്ക്‌ ചെയ്യുന്ന അവസരത്തിലെല്ലാം ഞാന്‍ എന്റെ കൈയ്ക്കുള്ളില്‍ പിടയുന്ന ആ മൂഷിക ഭീകരെ ഒര്‍ത്തുപോയി!!


വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയപ്പൊള്‍ ഭാര്യ മുഖം വീര്‍പ്പിച്ചുനില്‍പ്പാണു. കാര്യം മൂഷികന്‍ തന്നെ! അവന്‍ പകല്‍ മുഴുവന്‍ വീട്ടില്‍ അഴിഞ്ഞാടിയിരിക്കുന്നു. എന്നിട്ടു വീണ്ടും താവളത്തിലേക്കു മടങ്ങിയെത്രേ! പകല്‍ വീട്ടില്‍ ആരുമില്ലാത്തപ്പൊള്‍ ഭീകരത സ്രുഷ്ടിക്കുന്നു...എന്നിട്ടു രാത്രി സുഖമായി ഫ്രിഡ്ജ്‌ ല്‍ ഒളിച്ചിരിക്കുന്നു. അവിടെ ഇരുന്നുകൊണ്ടു രാജ്യത്തിനു പുറത്തെ ഭീകരരുമായി സന്ദേശങ്ങല്‍ കൈമാറുന്നു! എങ്ങനെ ഇവനെ നേരിടാം എന്നു അലോചിച്ച്‌ ദിനങ്ങള്‍ കടന്നുപോയി, ഒടുവില്‍ ഒരു വാരാന്ത്യം എത്തി.


ശനിയാഴ്ച്ചയായതിനാല്‍ രാവിലെ സമയമുണ്ട്‌. തല്ലേന്നു രാത്രി വൈകുവോളം ഞാനും ഭാര്യയും പദ്ധതികള്‍ അവിഷ്കരിച്ചു. ബുദ്ധികൊണ്ടു ഭീകരനെ നേരിടാന്‍ അവള്‍ എന്നെ ഉപദേശിച്ചു! അടുക്കളയില്‍ നിന്നു ഫ്രിഡ്ജ്‌ എന്ന ഒളിത്താവളത്തിലേക്കാണു അവന്റെ ഓട്ടം, അയതിനാല്‍ താവളത്തിലേക്കുള്ള വഴി അടച്ച്‌ അവനെ നേരിടണം. എന്നില്ലേ ബുദ്ധി ഉണര്‍ന്നു! രാവിലെ നേരത്തേ ഉണര്‍ന്നു ഞാന്‍ അവന്റെ താവളം കുഷ്യന്‍സ്‌ വച്ചു അടച്ചു!. ഒരു വന്മതില്‍ ഫ്രിഡ്ജ്‌ നു ചുറ്റും ഉണ്ടാക്കി. ഭാര്യ പതിവു പോലെ അടുക്കളയില്‍ നിന്നു നിലവിളിച്ചു ഒാടിവന്നു, മൂഷികന്‍ അവിടെയുണ്ട്‌. ഞാന്‍ ആയുധങ്ങല്‍ എടുത്ത്‌ അടുക്കളയിലേക്ക്‌ കയറി. നിമിഷങ്ങള്‍ക്കകം ഞാനും മൂഷികനും 'ടോം ആന്‍ഡ്‌ ജെറി' ഫില്‍മിലെ പൊലെ 'ചേസ്‌' ആരംഭിച്ചു. പതിവു പോലെ അവന്‍ ഫ്രിഡ്ജ്‌ ലേക്കണു ഓടികയറുന്നത്‌. ഞാന്‍ ഒരു 'എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ്‌' രൂപ ഭാവത്തോടെ അവന്റെ പിന്നില്‍ പാഞ്ഞു! പക്ഷെ പിന്നീടു നടന്നത്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല!. ഒളിതാവളത്തിനു മുന്നിലെ തടസ്സങ്ങല്‍ കണ്ടു ആദ്യം അമ്പരന്ന മൂഷികന്‍ പക്ഷെ ഒരു 'സെര്‍ജി ബൂബ്ക' സ്റ്റയിലില്‍ കുഷ്യന്‍സിനു മുകളിലൂടെ എടുത്തു ചാടി, അകത്തു കയറി!. 'പണി പാളി, പണി പാളി' ഡൈനിംഗ്‌ റ്റേബിളിനു മുകളില്‍ നിന്ന് ഭാര്യ പാടി. അങ്ങനെ ഒരു കാര്യം മനസ്സിലാക്കി, ഇവന്‍ വാഗമണ്ണില്‍ പോയി മലകയറ്റം, മതില്‍ ചാട്ടം മുതലായവ അഭ്യസിച്ചിട്ടുണ്ട്‌!


ഓപ്പറേഷന്‍ പരാജയപ്പെട്ടതിന്റെ ദു:ഖവുമായി ആ ദിനം കടന്നുപോയി. എന്നാല്‍ വളരെ തന്ത്രപ്രധാനമായ ചില തീരുമാനങ്ങല്‍ ഞാന്‍ എടുത്തു. നാളെ ഇവനെ വക വരുത്തും. ഉറപ്പാണു. പിറ്റേന്ന് ആദ്യം ഞാന്‍ ചെയ്ത കാര്യം അവന്റെ ഒളിത്താവളം നിരപ്പാക്കി എന്നതാണു. ആ ഫ്രിഡ്ജ്‌ ഞാന്‍ നിരക്കി വെറോരു മുറിയില്‍ കൊണ്ടുവച്ചു. ആയുധങ്ങളുമായി പതിവു പോലെ ഞാന്‍ തയ്യറെടുത്തു. വീണ്ടും 'ടോം ആന്‍ഡ്‌ ജെറി' മോഡല്‍ ചേസ്‌. ഇത്തവണ മൂഷികനു എല്ലാം പിഴച്ചു. ഒളിത്താവാളം കണാനേയില്ല!! പാവം എങ്ങൊട്ടു എന്നറിയാതെ മുറിയിലൂടെ അങ്ങൊട്ടും ഇങ്ങൊട്ടും പരക്കം പായുന്നു. പൂര്‍ണമായി ഒളിച്ചിരിക്കന്‍ ഒരു ഇടം കിട്ടാതെ അവന്‍ കഷ്ടപ്പെട്ടു. ടിവി സ്റ്റാന്‍ഡില്‍ ശ്രമിച്ചെങ്കിലും അവിടെ നിന്നും ഞാന്‍ അവനെ തുരത്തി. ഒടുവില്‍ വീടിന്റെ മെയിന്‍ വാതിലിനു മുന്നില്‍ വച്ചു എന്റെ അയുധങ്ങള്‍ക്കു മുന്നില്‍ അവന്‍ കീഴടങ്ങി. മര്‍മ്മത്തില്‍ തന്നെ പ്രഹരം. ചോര വാര്‍ന്നു നിമിഷങ്ങള്‍ക്കകം മരണം. ഭാഗ്യമെന്നു പറയട്ടെ ആരും ഇതിനെ ഒരു വ്യാജ ഏറ്റുമുട്ടലായി ചിത്രീകരിച്ചില്ല! എന്റെ ജീവിത്തിലെ ആദ്യ മൂഷിക ഹത്യ.


തറവാടിയായ ഒരു മൂഷിക ഭീകരനേയണു ഞാന്‍ പിന്നീട്‌ നേരിട്ടത്‌. (ഇപ്പൊഴും നേരിടുന്നു...) സെപ്റ്റിക്‌ ടാങ്കില്‍ ആണു താമസമെങ്കിലും അപ്പി ഇടാന്‍ അവന്‍ എന്റെ കക്കൂസില്‍ വരുന്നു!! വാഷ്‌ ബേസിന്റെ കുഴല്‍ കടിച്ചു മുറിച്ചു വഴി ഉണ്ടാക്കിയാണു അവന്റെ വരവ്‌. എന്നും രാത്രി വന്നു 'കാര്യം' സാധിച്ചു മടങ്ങി പോകും. പലപ്രാവശ്യവും അവനെ ഞാന്‍ ക്ലോസറ്റില്‍ കുടുക്കി. പിന്നേ ധാരാളം വെള്ളം ഒഴിച്ചു ഫ്ല്ഷ്‌ ചെയ്തു കളഞ്ഞു. ചത്തോളും എന്നു വിചാരിച്ചു. പക്ഷെ വീഗാലാന്റിലെ 'വണ്ടര്‍ സ്പ്ലാഷ്' പോലെയേ ഉള്ളു ആ മൂഷികനു ഇതൊക്കെ എന്ന് വീണ്ടും അവനെ കണ്ടപ്പൊള്‍ മനസ്സിലായി. ആ ഭീകരന്‍ എപ്പോഴും കക്കൂസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കഴിയുന്നു. 'എന്‍കൗണ്ടര്‍' തന്ത്രങ്ങളുമായി ഞാനും...

Sunday, September 21, 2008

ബംഗളുരു നാട്‌ : പരോപകാരികള്‍

നമുക്കു ചുറ്റുമുള്ള ദാസന്മാരേയും വിജയന്മാരേയും ഓര്‍ത്തുകൊണ്ട്‌...


മനുഷ്യന്‍ കടുത്ത പ്രതിസന്ധികളില്‍ പെട്ടു തളരുമ്പോഴും മറ്റുള്ളവരെ സഹായിക്കാന്‍ കാട്ടുന്ന ആ നല്ല മനസ്സ്‌ എല്ല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല. പക്ഷേ എനിക്കു അങ്ങനെയുള്ള കുറച്ചു സ്നേഹിതന്മാരുണ്ട്‌. അതൊരു ഭാഗ്യം തന്നെയാണു.

ഞാന്‍ ഈയിടക്കാണു ഒരു പുതിയ വാടക വീട്ടിലേക്കു താമസം മാറിയത്‌. ഒരു വലിയ ലേ ഔട്ട്‌ ആണു ഇത്‌. തലങ്ങും വിലങ്ങും വഴികളായി ആക്കെ ഒരു കണ്‍ഫ്യൂഷന്‍ ആണു. ബാലരമയില്‍ കാണുന്ന 'വഴി കണ്ടെത്തൂ' പോലെയാണു ഈ ലേ ഔട്ടില്‍ കയറിയാല്‍. '205 ക്രോസ്സ്‌' '1302 മെയിന്‍' എന്നൊക്കെ സൈന്‍ കാണാം. ഒരു മെയിന്‍ ബോര്‍ഡില്‍ ഫുള്‍ ലേ ഔട്ടിന്റെ പടം കാണാം. പക്ഷേ ഒരു മോഡേണ്‍ ആര്‍ട്‌ കാണുന്ന പോലെയണു എനിക്കു അതു തോന്നിയിട്ടുള്ളത്‌. സ്നേഹിതര്‍ ഈയിടെ എന്നെ കാണാനായി വന്നു. ആദ്യമയാണു വരവ്‌. ഞാന്‍ തന്നെ എന്റെ വീട്ടില്‍ എത്തിച്ചേരുന്നത്‌ കഷ്ടപ്പെട്ടാണു. 'ക്രോസ്സും' 'മേയിനും' താണ്ടി എത്താന്‍ വിയര്‍പ്പൊഴുക്കണം. ആകെ ഒരു ലാന്റ്‌ മാര്‍ക്കാണു അറിയുന്നത്‌. എല്ലാവരൊടും ഞാന്‍ അതാണു പറഞ്ഞു കൊടുക്കാറു. സ്നേഹിതര്‍ അവിടെ എത്തിച്ചേര്‍ന്നു. പിന്നെ എല്ലാം ദൈവത്തിന്റെ കൈകളില്‍ എന്നു ഞാന്‍ അവരെ ഒര്‍മ്മിപ്പിച്ചു. ഒരു സാഹസിക പരിവേഷം അണിഞ്ഞു അവര്‍ ലേ ഔട്ടില്‍ കറക്കം തുടങ്ങി.എല്ലാ അനുമാനങ്ങളും നിമിഷങ്ങള്‍ക്കകം തകര്‍ന്നു. 'പാമ്പും കോണിയും' കളിയില്‍ എന്ന പോലെ അവര്‍ തുടങ്ങിയ ഇടത്തു തന്നെ വീണ്ടും തിരിച്ചെത്തി കൊണ്ടിരുന്നു. കയ്യിലെ ഒരു തുണ്ടു കടലാസില്‍ എഴുതിയ അഡ്രസ്‌ നോക്കി അവര്‍ നെടുവീര്‍പ്പിട്ടു. വഴിപൊക്കര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. വഴിയുടെ ഇരു കരകളിലും വീടുകള്‍ ഉണ്ടെങ്കിലും, ആരെയും പുറത്തു കാണാത്തതിനാല്‍ ഒന്നും ചോദിക്കാനായില്ല. ആ നട്ടുച്ചക്കു അങ്ങനെ തേരാ പാരാ ബൈക്കുമായി ചുറ്റുന്നതിനിടയില്‍ എന്നെ അവര്‍ ഫോണ്‍ ചെയ്യുന്നുമുണ്ട്‌. അങ്ങനെ ഒരു മാടക്കടയില്‍ അവര്‍ അഭയം തേടി. ഒരു പുകയും പിന്നെ ഒരു സോഡയും അവരെ ആശ്വസിപ്പിച്ചു.

അപ്പോഴാണു ഒരു സ്കൂട്ടിയില്‍ രണ്ടു തരുണീമണികള്‍ അവിടെയെത്തിയത്‌. ചെത്തു പിള്ളേര്‍. ഒരു മന്ദ മാരുതന്‍ വീശിയടിച്ച പ്രതീതി...'കാന്‍ യു ഹെല്‍പ്‌ മീ?' തരുണീ മണിയില്‍ നിന്നു ചോദ്യം സ്നേഹിതരുടെ കാതില്‍ എത്തുന്നതിനു മുന്‍പേ, 'വൈ നോട്‌?' പിന്നെ, ഞങ്ങള്‍ ഭൂമിയില്‍ വന്നതു തന്നെ നിങ്ങളെ സഹായിക്കാനല്ലേ? എന്ന മട്ടില്‍ മറുപടിയും. 'ഓകെ, കാന്‍ യു ഷൊ മീ വെയര്‍ ഇസ്‌ ദിസ്‌ അഡ്രസ്‌?'... ഒന്നാമന്‍ പേപ്പര്‍ തുണ്ടു വാങ്ങി , കുറച്ചു അലോച്ചിച്ചു, രണ്ടാമനൊടു, വിജയാ, "ഡു യു നൊ ദിസ്‌? നട്ടുച്ചക്കു ഇംഗ്ലീഷ്‌ കത്തികയറി!! "ലെറ്റ്‌ മീ സീ" ദാസനൊടു വിജയന്‍.."വിലാസം കണ്ടിട്ടു ഈ ലേ ഔട്ടില്‍ തന്നെയാണെന്നു തൊന്നുന്നൂ അല്ലേ?" വിജയന്‍. "ദിസ്‌ ഇസ്‌ വെരി ഫെമിലിയര്‍ റ്റു മീ" ദാസന്‍ വീണ്ടും തരുണീമണികളോട്‌. "യാ യാ, ദിസ്‌ ഈസ്‌ വെരി നിയര്‍ ഒന്‍ളി" വിജയനും വിട്ടില്ല!. ഏതു ദിശയില്ലേക്കു വിടും ഇവരേ? ഒരു കാര്യം ചെയ്യാം, അവിടെ ഒരു സ്കൂള്‍ കണ്ടില്ലേ? അങ്ങോട്ടു വിടാം, അവിടെ ആരൊടെങ്കിലും ചൊദിച്ചോളും.. ദാസനു ഐഡിയ തെളിഞ്ഞു. എല്ലാമറിയുന്നവന്റെ ഭാവത്തില്‍ ദാസന്‍ തട്ടിവിട്ടു." റ്റേക്‌ ദിസ്‌ ലെഫ്റ്റ്‌, ദെന്‍ ഗൊ സ്റ്റ്രൈയിറ്റ്‌, റ്റേക്ക്‌ സെക്കന്റ്‌ ലെഫ്റ്റ്‌, ദെന്‍ ഇമ്മീഡിയറ്റ്‌ റയിറ്റ്‌. ദെന്‍ ഗൊ റ്റെന്‍ മീറ്റേര്‍സ്‌...വിജയന്‍ വായും പൊളിച്ചു നില്‍പ്പാണു. "താങ്കസ്‌" മണികള്‍ നന്ദി അറിയിച്ചു. "ഇറ്റ്‌ ഈസ്‌ ഔര്‍ പ്ലേഷര്‍" വിജയനും ദാസനും ഒരേ ശ്വാസത്തില്‍...അവര്‍ തിരിച്ചു വരുമ്പോഴേക്കും പെട്ടെന്നു ഇവിടം വിടാം. രണ്ടു പേരും ബൈക്കും എടുത്തു അവിടേനിന്നും മുങ്ങി.

പിന്നീട്‌ അവര്‍ എങ്ങനെയോ എന്റെ വീട്‌ തേടിയെത്തി. (എങ്ങനെയെന്നു ഇനി പ്രസക്തമല്ല) വീട്ടില്‍ സംസാരിച്ചിരിക്കുമ്പൊള്‍, എന്തിനോ വേണ്ടി പുറത്തിറങ്ങിയ വിജയന്‍ ചാടി അകത്തുകയറി. "ഏടാ ദാസാ, അവര്‍ പുറത്തു നില്‍ക്കുന്നെടാ." ഞാന്‍ നൊക്കിയപ്പൊള്‍, ഒരു സ്കൂട്ടിയില്‍ രണ്ടു പെണ്ണുങ്ങള്‍. വഴി അറിയാതെ നില്‍പ്പാണു. എന്റെ വീടിന്റെ മുന്നില്‍ നിന്നു പരുങ്ങിയ അവര്‍ പിന്നീട്‌ രണ്ടു വീടുകള്‍ക്കപ്പുറത്തേക്കു ചെന്നു. ഒടുവില്‍ അവര്‍ വീട്‌ കണ്ടെത്തിയെന്നു തൊന്നുന്നു. ഞാന്‍ കൂട്ടുകാരൊടു ചോദിച്ചു.. "എന്തേ ഒരു ചുറ്റിക്കളി? " "ഒന്നും പറയണ്ടാ", അവര്‍ ചുമ്മാ ചിരിച്ചു.

പിന്‍ കുറിപ്പ്‌: ഒരു കുറ്റസമ്മതം എന്ന പോലെ ഇതിലെ ഒരു സുഹ്രുത്ത്‌ എന്നൊടു പിന്നീട്‌ ഒരു കാര്യം പറഞ്ഞു. വീണ്ടും എപ്പൊഴോ ലേ ഔട്ടില്‍ വഴിയറിയാതെ ഉഴലുമ്പൊള്‍ ഒരു അമ്മൂമ്മ വന്നു വഴി ചോദിച്ചു പോലും, ദൂരെ കാണുന്ന ഒരു 'ക്രോസ്സ്‌' നോക്കി ആ വഴി വിട്ടു പൊയ്യ്ക്കൊള്ളാന്‍ അവന്‍ പറഞ്ഞെത്രേ!! പാവം അമ്മൂമ്മ. ആ വഴിയുടെ അങ്ങേ തലയ്ക്കു ഒരു പ്രധാന ഡ്രെയിനേജ്‌ ഉണ്ട്‌. പിന്നീടാണു അതു ഞങ്ങള്‍ മനസിലാക്കിയത്‌. ദൈവം ആ അമ്മൂമ്മയെ അന്നു സഹായിച്ചിരുന്നേക്കും!

Saturday, August 30, 2008

ബംഗലുരു നാട്‌ : റിലേ ഓട്ടം

റിലേ ഓട്ടങ്ങളിലെ ബാറ്റണ്‍ കൈമാറുന്ന ആ പ്രോസ്സ്സ് നെ മനസ്സില്‍ ഓര്‍ത്ത്‌കൊണ്ടു...

ബിജിംഗ് ഒളിമ്പിക്സിലെ റിലേ ഓട്ടം കണ്ടപ്പോളാണ് ഇതേ അനുഭവം ജീവിതത്തിലുമുണ്ടാവുമല്ലോ എന്ന് ഓര്‍ത്തത്‌. ഉണ്ടായി എന്നതാണു സത്യം. കഴിഞ്ഞ വീകെന്‍ഡ്‌ ആയിരുന്നു അത്.

പതിവ് പോലെ ശനിയാഴ്ച രാവിലെ... ആലസ്യത്തിന്‍്ടെ പുതപ്പില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ നേരം എട്ടു മണി. വീട്ടിനുള്ളില്‍ കുത്തിയിരിക്കാന്‍ പറ്റില്ല എന്ന് ഭാര്യ. ശരി, ഒന്നു കറങ്ങിയേക്കാം എന്ന് ഒരു തോന്നല്‍. കൂട്ടത്തില്‍ ക്യാമറ റിപ്പയര്‍ ചെയ്യാന്‍ കൊടുക്കണം. പിന്നെ ചെറിയ ഒരു ഷോപ്പിങ്ങ് (ഭാര്യയ്കല്ലാ). നമ്മുടെ അയല്‍ വാസിയായ കൂട്ടുകാരനെ ഒന്നു വിളിച്ചു നോക്കി. അവനു സമ്മതം. "നമുക്കു നാഗാറ്ജജു്നയീല്‍ നിന്നും കഴിക്കാം. ഇതു മാത്രമാണ് അവന് ഒരു കണ്ടിഷന്. ആഹാരത്തിന്ടെ കാര്യത്തില്‍ അവന് ആകെ ഒരു ടെന്‍ഷന്‍ ആണ്. അവന്ടെ ഭാര്യ നല്ല ഭക്ഷണം ഉണ്ടാക്കികൊടുക്കുന്നതയാണ് കേട്ടറിവ്. എന്നാലും കൂട്ടില്‍ നിന്നും ഇറക്കി വിടുന്ന സിംഹത്തെ പോലെയാണ് (അതിന് എത്ര നല്ല ഭക്ഷണം കൂട്ടിനകത്ത്‌ കൊടുത്താലും) ചില സമയങ്ങളില്‍ അവന്‍. ഓടി നടന്നു കാണുന്നതെല്ലാം അകത്താക്കുന്ന ഒരു സ്വഭാവം. ഒരു ചെയിന്ച്ച് ഒക്കെ വേണ്ടേ ഏതു സിംഹത്തിനും. (കൂട്ടത്തില്‍ എനിക്കും). " ആന്ധ്രാ മീല്‍സ്‌ കഴിക്കാം, കുറച്ചു കാലമായി കഴിച്ചിട്ട്" (കഴിഞ്ഞ ആഴ്ചയാണ് ഓഫീസില്‍ നിന്നും കൊലീഗ്സും ആയി പുറത്തു പോയി കഴിച്ചത്). ഭക്ഷണ കാര്യത്തില്‍ ചെറിയ നുണകള്‍ ഭാര്യയോടു പറയാം. ഇല്ലെങ്കില്‍ കേരള ഫുഡ് എന്ന് പറഞ്ഞു വാശി കാട്ടും. ചോറും കാരാ പൊടിയും നെയ്യും ചേര്‍ത്ത് ആദ്യം ഒരു പിടി, പിന്നെ പരിപ്പും പപ്പടവും ചേര്‍ത്ത് കൂട്ടി കുഴച്ച്ച്ചു...ഒപ്പം ഗുണ്ടൂര്‍ ചിക്കനും. ഭാര്യക്കും ഒരു ചെയിന്ച്ച് ഒക്കെ വേണ്ടെ. പക്ഷെ എന്തോ അവള്ക്ക് അതിനോട് വലിയ താത്പര്യം ഒന്നും ഇല്ല.

അങ്ങനെ ഉച്ചയോടടുക്കാറായപ്പോള്‍ ഞങ്ങള്‍ വീട്ടില്‍ നിന്നിറങ്ങി. കാറിലാണ് യാത്ര. ഒപ്പം സുഹൃത്തും ഭാര്യയും ഉണ്ട്. ആദ്യം ക്യാമറ ഷോപ്പ് ലേക്ക്, പിന്നെ ഭക്ഷണം. ഇതായിരുന്നു പ്ലാന്‍. വളരെ തിരക്കേറിയ ഒരു ഷോപ്പിങ്ങ് സ്ഥലത്താണ് ഈ ക്യാമറ ഷോപ്പ്. അങ്ങോട്ടടുതപ്പോള്‍ തന്നെ മനസിലായി പാര്‍ക്കിംഗ് കിട്ടാന്‍ ബുദ്ധിമുട്ടാണെന്നു. എന്ഗനെയെന്കിലും, എവിടെയെങ്കിലും തിരുകി കയറ്റണം എന്നോര്‍ത്ത് മുന്നോട്ടു...നമ്മുടെ സുഹൃത്തിനെ ആ ദൌത്യം എല്പ്പിച്ചു. അങ്ങനെ തിരക്കേറിയ ആ ഷോപ്പിങ്ങ് വഴികളിലൂടെ ഞങ്ങളുടെ കാര്‍ ഓടാന്‍ തുടങ്ങി. ആദ്യത്തെ കറക്കത്തില്‍ തന്നെ ക്യാമറ ഷോപ്പ് കണ്ടെത്താന്‍ കഴിഞ്ഞു . ഭൂമി ഉരുണ്ടാതനെന്നതിനു ഒരു ഉദാഹരണമാണ് ഈ സ്ഥലം. ഒരു സ്ഥലത്തുനിന്ന് പുറപ്പെട്ടാല്‍ തിരിച്ചു അവിടെതന്നെ കറങ്ങിയെത്താം. എല്ലാ വഴികളും 'വണ്‍ വെ' ആണ്. ഷോപ്പ് കണ്ടെതിയെങ്ങിലും അവിടെ പാര്‍ക് ചെയ്യാന്‍ കഴിഞ്ഞില്ല. വണ്ടികള്‍ തലങ്ങും വിലങ്ങും പാര്‍ക്കു ചെയ്യ്തിരിക്കുന്നു. അടുത്ത തവണ കറങ്ങി വരുമ്പോള്‍ ഒരു സ്ഥലം കണ്ടതാമെന്നു കരുതി മുന്നോട്ടു. കാര്‍ ഒന്നു സ്ലോ ചെയ്യാന്‍ പോലുമാവുന്നില്ല, പിന്നില്‍ നിന്നു അട്ടഹാസം മുഴക്കുന്നു വണ്ടികള്‍! "വണ്ടിയില്‍ ബ്രേക്ക് ഉള്ളത് നിര്‍ത്താന്‍ കൂടിയല്ലേ മാഷേ?' സുഹൃതിന്ടെ വക കമന്റ്. അങ്ങനെ ഈ കറക്കം തുടര്‍ന്ന് കൊണ്ടിരുന്നു. ഒരു പാര്‍ക്കിംഗ് സ്ലോട്ട് പോലും കണ്ടെതാനാവതെ അനന്തമായി നീളുന്നു ഈ യാത്ര. പാര്‍ക്കു ചെയ്യാന്‍ കിടക്കുന്ന വാഹനത്തിന്നു മുകളില്‍ കയറ്റി ഇടാനാവുമോ എന്ന് ചിന്തിക്കുന്നു ചിലര്‍! ചില ഷോപ്പിങ്ങ് മാള്‍ നു അകത്തു പാര്‍ക്കിംഗ് ഉണ്ടാവാം, പക്ഷെ പിന്നിലിരിക്കുന്ന ഭാര്യമാരെ ഓര്‍ത്ത് വേണ്ടെന്നു വച്ചു. കരിമ്പിന്‍ കാട്ടിലേക്ക് കാറോടിച്ചു കയറണമോ? സുഹൃത്തിനും മറൊരഭിപ്രയമില്ല. ചില 'നൊ പാര്‍കിംഗ്‌' സിഗ്നലിനു അടുത്ത സ്ഥലമുണ്ട്. പക്ഷെ കാറിനു പിന്‍ ചക്രങ്ങളില്‍ മാത്രം ഓടേണ്ടി വരുമെന്ന് ഓര്‍ത്ത് ആ സാഹസത്തിനു മുതിര്‍ന്നില്ല!.

കുറച്ചു നേരമായി ഈ കറക്കം തുടങ്ങിയിട്ട്. ഞങ്ങള്‍ നിരാശരായി. ഓരോ തവണയും ആ ക്യാമറ ഷോപ്പിന് മുന്നിലൂടെ ഓടുമ്പോള്‍ കൂടിലടച്ച കിളികള്‍ പുറത്തെ ആകാശത്തേയ്ക്ക് തലയിട്ടു എത്തി നോക്കുനത് പോലെ ഞങ്ങള്‍ നോക്കി കൊണ്ടിരുന്നു . ഒരു വിരുതന്‍ ഇതിനിടയ്ക്ക് തന്റ്റെ കാര്‍ ഒരു 'നോ പാര്‍ക്കിംഗ്' സിഗ്നലിന്‍ അടിയില്‍ തന്നെ പാര്‍ക് ചെയ്തു . എന്നിട്ട് സിഗ്നലിന്റെ 'നോ' ഒരു സ്ടിക്കെര്‍ വച്ചു മറച്ചു കളഞ്ഞു! തട്ടിപ്പ് നടത്തിയാലെ ജീവിക്കാന്‍ കഴിയൂ... ഈ കാറിനെന്നാണോ നില്ക്കാന്‍ ഒരു ഭാഗ്യം കിട്ടുക. നിര്‍ത്താന്‍ പോയിട്ട് ഒന്നു സ്ലോ ചെയ്യാന്‍ പറ്റെണ്ടേ?. ഒടുവില്‍ സത്യം തിരുച്ചരിഞ്ഞ ഞങ്ങള്‍ വേറെ വഴികള്‍ ആലോചിക്കാന്‍ തുടങ്ങി . അങ്ങനെയാണ് റിലേ ഓട്ടം എന്ന ഐഡിയ മനസ്സില്‍ ഉദിച്ചത് . ബാറ്റണ്‍ കൈമാറി ലക്ഷ്യത്തിലേക്കു ഓടുന്നവരെ ഞങ്ങള്‍ ഓര്‍ത്തു . അവര്‍ ഒരിക്കലും ഓട്ടം നിര്‍ത്താതെ, ഓടികൊണ്ടുതന്നെ കാര്യം സാധിക്കുന്നു . അങ്ങനെ മനസ്സില്‍ ഒരു പ്ലാന്‍ തയ്യാറാക്കി , സുഹൃത്തും ഭാര്യയും തയ്യാറെടുത്തു.

കാര്‍ വീണ്ടും ക്യാമറ ഷോപ്പിന്നു അടുത്തേയ്ക്ക്. ഞാന്‍ കുറച്ചു സ്ലോ ചെയ്തു.പിന്നില്‍ വരുന്നവന്റെ ഹോണ്‍ ഉച്ചത്തില്‍ മുഴങ്ങാന്‍ തുടങ്ങി. അത് ഓട്ടം തുടങ്ങുനതിന്റെ വെടിയോച്ചയായി എടുത്തു സുഹൃത്തും ഭാര്യയും ക്യാമറയുമായി കാറില്‍ നിന്നു ചാടിയിറങ്ങി....കാറിനൊപ്പം കുറച്ചു ദൂരം ഓടി അവര്‍ റോഡില്‍ ലാന്‍ഡ്‌ ചെയ്തു. ഞാന്‍ എന്റെ ഭാര്യയുമായി കാറില്‍ മുന്നോട്ടു.... ഞങ്ങള്‍ വീണ്ടും ഓടി കൊണ്ടിരിക്കുകയാണ്. അടുത്ത തവണ ഷോപ്പ്നു മുന്നിലെത്തിയപ്പോള്‍ സുഹൃത്തിനു സിഗ്നല്‍ നല്കി, അവന്‍ തയ്യാറായിരുന്നില്ല. ഇപ്പോഴും ഷോപ്പില്‍ തന്നെയാണ് . കുറച്ചു തിരക്കുന്ടെന്നാണ് തോന്നുന്നത്. അങ്ങനെ ഓരോ കറക്കത്തിലും ഞങ്ങള്‍ തമ്മില്‍ സിഗ്നലുകള്‍ കൈമാറി. ഒടുവില്‍ അവര്‍ ഷോപ്പിനു മുന്നില്‍ തിരിച്ചെത്തി തയ്യാറാണെന്ന് നിര്‍ദ്ദേശം തന്നു. അടുത്ത തവണ കാര്‍ ഷോപ്പിനു അടുത്തെത്തിയപ്പോള്‍ രണ്ടു പേരും 'വാം അപ്' ചെയ്തു തയ്യാറായിരുന്നു. പിന്നെ കാറിനോപ്പോം കുറച്ചു ദൂരം ഓടി....ചാടി കയറി. അയ്യോ...!സുഹൃത്തിന്ടെ ഭാര്യയ്ക്ക് ചാട്ടം പിഴച്ചു. കാര്‍ പക്ഷെ മുന്നോട്ടു പോയി...സാരമില്ല, അടുത്ത ഉ‌ഴത്തിനായി പുള്ളിക്കാരി തയ്യാറെടുത്തു. ഒടുവില്‍, അടുത്ത തവണ കുറച്ചു ദൂരം കാറിനൊപ്പം ഓടിയലയാലും അവസാനം ചാടി കയറാന്‍ കഴിഞ്ഞു. സുഹൃത്തിനു ആശ്വാസം. അങ്ങനെ റിലേ ഒട്ടങ്ങളിലെ ഒട്ടത്തിനെ അനുസ്മരിക്കുമാറു വളരെ സിസ്റ്റ്മാറ്റിക് ആയി ഞങ്ങള്‍ കാര്യം സാധിച്ചു . ദൌത്യം പൂര്‍തിയാക്കി ഹോട്ടലിലേക്ക് പോവുമ്പോള്‍ മനസ്സില്‍ തോന്നി . കുറച്ചു 'മത്സര' ബുദ്ധി വേണം എപ്പോഴും. ജീവിതം തന്നെ ഒരു ഓട്ടം അല്ലെ? ഓട്ടം മാത്രമല്ല, high jump, long jump, ഗുസ്തി, ബോക്സിംഗ്‌ എല്ലാമുണ്ട് ഈ ജീവിതത്തില്‍...