ബംഗളുരു നാട് - "സാര്‍, ദിസ്‌ ഈസ്‌ റ്റൂ മച്ച്‌"

വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നമ്മുടെ ഒരു സുഹൃത്ത്‌, നാട്ടില്‍ നിന്നും പെട്ടിയും തൂക്കി വൊള്‍വൊയില്‍ കയറി ബംഗലൂരിലെത്തി. (അന്നു ബാഗ്ലൂര്‍). ഒരു സോഫ്റ്റവയര്‍ ജീവനക്കാരന്റെ ജീവിതത്തിലെ അതിപ്രധാനമായ യാത്ര. ഒരു അയ്യപ്പ്പഭക്തന്റെ ശബരിമല യാത്രയൊടും, ഒരു മലബാറുകാരന്റെ ഗള്‍ഫ്‌ യാത്രയൊടും ഇതിനെ ഉപമിക്കാം. ജീവിതത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കും ഈ യാത്ര. ഭാഗ്യമുണ്ടെങ്കില്‍ മാസാമാസം അന്ചക്ക ശമ്പളം, ചെത്തിനടക്കാന്‍ ബൈക്ക്‌ (പിന്നില്‍ ഒരു ഗേള്‍ ഫ്രണ്ട്‌ - ഒപ്ഷനല്‍), ഓണ്‍ സൈറ്റ്‌, പിസ്സാ, കേ എഫ്‌ സി, പബ്‌, ലൈവ്‌ ബാന്‍ഡ്‌..അങ്ങനെ പട്ടിക നീളും. നിര്‍ഭാഗ്യം തലോടിയാല്ലോ? കോടംബാക്കത്തുനിന്നു നിരാശരായി നാട്ടിലേക്കു മടങ്ങിയിരുന്ന സിനിമാ പ്രേമികളെപ്പൊലെ, അല്ലറ ചില്ലറ നാടക വേഷങ്ങളുമായി ശിഷ്ടകാലം. പിന്നീട്‌ ഭാഗ്യമുണ്ടെങ്കില്‍ ബിഗ്‌ സ്ക്രീനില്‍ എത്തിയെന്നും വരാം. നമ്മുടെ സുഹൃത്ത്‌ തന്റെ പെട്ടിക്കൊപ്പൊം ഒരു ബൈക്കും കൊണ്ടാണു വൊള്‍വൊയില്‍ കയറിയത്‌. തന്റെ ജീവിതത്തില്‍ വിട്ടുപിരിയാന്‍ കഴിയാത്ത ഒന്നാണു ആ ബൈക്ക്‌ എന്നു അവന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌. (കാരണം പറഞ്ഞിട്ടില്ല, ഒരു പക്ഷെ നാട്ടിലെ കളികൂട്ടുകാരിയുമായി യാത്ര ചെയ്തതിന്റെ സ്മരണകളാകാം, അല്ലെങ്കില്‍ ട്യുഷന്‍ ടീച്ചറെ വീട്ടിലേക്ക്‌ ലിഫ്റ്റ്‌ കൊടുത്തതിന്റെയാവാം, അമ്മയല്ലാതെ ആദ്യമായി ഒരു പെണ്ണ്‍ -സ്വന്തം കാമുകി- ആ ബൈക്കില്‍ ഇരുന്നത്‌ ഓര്‍ത്താവാം) ആ വണ്ടിക്കാണെങ്കില്‍ ആര്‍ സി ബുക്കില്ല, ഇന്‍ഷുറന്‍സ്‌, ടാക്സ്‌ ഇത്യാദി രേഖകള്‍ ഒന്നും തന്നെയില്ല. പൊല്ല്ലൂഷന്റെ കാര്യമാണെങ്കില്‍ പറയണ്ട. ബൈക്കിന്റെ ഒരൊ പാര്‍ട്ടും നാടിനെ നല്ലപൊലെ പൊല്ലൂട്ട്‌ ചെയ്യുന്നു!.
കരിയറില്‍ ഉന്നത നിലയിലേക്ക്‌ വളര്‍ന്നെങ്കിലും, ബൈക്കിനെ അവന്‍ കൈവിട്ടില്ല. ഇതിനിടയില്ലാണു ബാംഗലൂരു പൊലീസ്‌ 'ബൈക്ക്‌ വേട്ട' ആരംഭിക്കുന്നത്‌. അന്യദേശക്കാരെ അവര്‍ പ്രത്യേകം നൊട്ടമിട്ടു. അങ്ങനെ സുഹൃത്തും അവരുടെ നൊട്ടപ്പുള്ളിയായി. ആദ്യമായി അവനെ പൊക്കിയപ്പോള്‍ത്തന്നെ നല്ല ഒരു 'പ്രൊസ്പെക്റ്റ്‌ കസ്റ്റമറാണെന്ന്' പൊലീസിനു മനസിലായി. പേപ്പര്‍ ഒന്നിനുമില്ല്ലാത്തതിനാല്‍ ധാരാളം കാശു പോരും. രണ്ടു മൂന്നു പ്രാവശ്യം സുഹൃത്ത്‌ പിടികൊടുത്തു. പിന്നെ സ്വന്തം പേര്‍സ്‌ പാന്റ്സിന്റെ രഹസ്യ അറയിലേക്കു മാറ്റി. പൊക്കെറ്റിലെ 20-50 രൂപ കാണിച്ച്‌ അവന്‍ അവരുടെ മുന്നില്‍ വിനയം നടിച്ചു. "ജീവിക്കാന്‍ നിവൃത്തിയില്ല സാര്‍..ഇതേ ഉള്ളൂ.കരുണ കാണിക്കണം." ദൈന്യത നിറഞ്ഞ വാചകങ്ങള്‍ക്കുമുന്നില്‍ പല പോലീസുകാരും കരഞ്ഞുപോയി. ഉള്ളതുവാങ്ങി അവര്‍ അവനെ യാത്രയാക്കി. പക്ഷെ ചായ കുടിക്കണമെന്നു തോന്നുമ്പോഴെല്ലാം ഏമാന്മാര്‍ സുഹൃത്തിനെ പൊക്കി. ഒരിക്കല്‍ ചായകുടി കാത്തുനിന്നവന്മാരെ പറ്റിക്കാന്‍ റോഡിന്റെ വലതുവശത്തു കൂടി തല കുനിച്ചു പറക്കാന്‍ ശ്രമിച്ച സുഹൃത്തിനെ പോലിസ്‌ വലത്തുവശത്തേക്കു കടന്നു വന്നു പിടിച്ചു. മുന്നില്‍ നിന്നു മന്ദസ്മിതം തൂകിയ ഏമാനെ നൊക്കി അവന്‍ ദയനീയമായി പറഞ്ഞു," സാര്‍, ദിസ്‌ ഈസ്‌ റ്റൂ മച്ച്‌". ബുക്കും പേപ്പറുമില്ല, ഏന്നാലും "റ്റൂ മച്ച്‌" ആണെന്നാണു അവന്‍ പറയുന്നത്‌!. ദുഷ്ടന്മാര്‍ പോലീസുകാര്‍...

അങ്ങനെയിരിക്കുമ്പോഴാണു ഹെല്‍മെറ്റ്‌ നിര്‍ബന്തമാക്കിയത്‌. അതോടെ സുഹൃത്തിന്റെ നല്ല കാലം തെളിഞ്ഞു. രണ്ടു സണ്‍ ഗ്ലാസ്‌ പേപ്പര്‍ ഹെല്‍മെറ്റില്‍ ഓടിച്ചു അവന്‍ സ്വന്തം തല മറച്ചുകളഞ്ഞു. അതോടെ യാത്രകള്‍ സുഖകരമായി. ഹെല്‍മെറ്റ്‌ തലകള്‍ക്കിടയില്‍നിന്നു സുഹൃത്തിനെ പൊക്കാന്‍ പോലീസിനായില്ല. ഏന്നാലും പോക്കറ്റില്‍ 50 രൂപ സൂക്ഷിക്കാന്‍ അവന്‍ എന്നും ഒര്‍മ്മിച്ചു.
പിന്‍ കുറിപ്പ്‌: കാലം കഴിഞ്ഞു. സ്നേഹിതന്‍ വീട്‌ വച്ചു, കല്യാണവും കഴിച്ചു. അതിനു ശേഷം നാട്ടില്‍ നിന്നു വന്നത്‌ ഒരു കാറുമായാണു. വീണ്ടും തദൈവ, അതിനും ബുക്കും പേപ്പറുമില്ല!. ഈയിടെ പുള്ളിക്കാരനെ ഭാര്യയുമായി കാറോടിച്ചു പോകുന്നതു കണ്ടു...ഹെല്‍മറ്റ്‌ ആ തലയില്‍ ഇപ്പൊഴുമുണ്ട്‌! മനുഷ്യനു സ്വന്തം സുരക്ഷയാണല്ലോ പ്രധാനം.

അഭിപ്രായങ്ങള്‍

smitha adharsh പറഞ്ഞു…
ഹെല്‍മെറ്റ്‌ വച്ചും കാര്‍ ഓടിക്കാമല്ലേ?
Kaithamullu പറഞ്ഞു…
സ്നേഹിതന്‍ വീട്‌ വച്ചു, കല്യാണവും കഴിച്ചു. അതിനു ശേഷം നാട്ടില്‍ നിന്നു വന്നത്‌ ഒരു കാറുമായാണു.
വീണ്ടും തദൈവ, അതിനും ബുക്കും പേപ്പറുമില്ല!

-ഏതിന്?
ഓപ്ഷന്‍സ്:
1)വീട്,
2)ഭാര്യ
3)കാറ്
ഹി..ഹി..ഹി
ക്ലൈമാക്സിലെ എഴുത്ത് സൂപ്പര്‍
നരിക്കുന്നൻ പറഞ്ഞു…
സൂപ്പർ.
ഹെൽമെറ്റ് വെച്ച് കാറോടിക്കുക, അതും ബംഗലൂരു നാട്ടിൽ...കൊള്ളാം...

ക്ലൈമാക്സ് കലക്കി.
ഉല്ലാസ് പറഞ്ഞു…
കാറിനു മാത്രം...കൈതമുള്ളേ പ്രശ്നം ഉണ്ടാക്കലേ. :-)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

ഒരു ഓട്ടോഗ്രാഫ്‌ മിനി കഥ

ഓര്‍മ്മകളുടെ കല്‍പ്പടവുകളിലൂടെ...