Saturday, April 11, 2009

ബംഗളുരു നാട്‌ : ചില വിഷുക്കാല സ്മരണകള്‍

കഴിഞ്ഞ ദിവസം രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നത്‌ കുറച്ചു വിഷുക്കാല ഓര്‍മകളുമായാണു. അതിനു നന്ദി പറയേണ്ടത്‌ സ്വന്തം ഭാര്യയൊടും. വിഷു അടുക്കുമ്പൊള്‍ നാട്ടില്‍ പതിവായി കേള്‍ക്കാറുള്ള ഒരു ശബ്ദമണു ഞാന്‍ കഴിഞ്ഞ ദിവസം കേട്ടുണര്‍ന്നത്‌. ആ ശബ്ദം മറ്റൊന്നുമല്ല, പൊട്ടാസിന്റേതാണു!(പട്ടാസ്‌). കുട്ടികളുടെ എഷ്ട പടക്കമാണല്ലോ ഇത്‌. ഒരു ഗുളിക രൂപത്തിലും നീണ്ട സ്ട്രിപ്പ്‌ ആയും ഇത്‌ വാങ്ങാന്‍ കിട്ടും. ഒന്നുകില്‍ കുത്തിപൊട്ടിക്കാം അല്ലെങ്കില്‍ കളിത്തോക്കില്‍ വച്ച്‌ പൊട്ടിക്കാം. വന്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനു മുന്‍പ്‌ കുട്ടികള്‍ക്ക്‌ നല്ല ഒരു പ്രാക്റ്റീസ്‌ അണല്ലോ ഇത്‌. വലിയ സൈക്കിള്‍ ഓടിക്കാന്‍ പടിക്കുന്നതിനു മുന്‍പ്‌ 'അര' സൈക്കില്‍ വാടകക്കെടുത്ത്‌ ഓട്ടി പടിച്ചിട്ടിലേ? അതു പോലെ.

വിഷു സ്മരണയിലേക്ക്‌ മടങ്ങി വരാം. പൊട്ടാസിന്റെ ശബ്ദം വരുന്നത്‌ മറ്റേ ബെഡ്ഡ്‌ റൂമില്‍ നിന്നാണു. ഭാര്യ പൊട്ടാസ്‌ കുത്തിപൊട്ടിക്കുന്നുവോ? അങ്ങനെ വരാന്‍ വഴിയില്ല, അച്ഛനാണു വീട്ടില്‍ പടക്കം വാങ്ങാറും പൊട്ടിക്കാറും എന്നാണു അവള്‍ പറഞ്ഞിട്ടുള്ളത്‌. പതിവു പോലെ, പെണ്ണുങ്ങള്‍ ചെയ്യാറുള്ളതുപോലെ, കമ്പിത്തിരി കത്തിച്ച്‌ വായുവില്‍ പൂജ്യം വരച്ചു പടിക്കുകയാണു ചെയ്തിട്ടുള്ളത്‌. പൂജാരിമാര്‍ ദൈവങ്ങള്‍ക്കുമുന്നില്‍ ആരതി ഉഴിയുന്നതുപോലെ. ഇനിയിപ്പൊള്‍ കല്യാണം കഴിഞ്ഞുള്ള പരുക്കന്‍ ജീവിതം അവളെ ഒരോ പൊട്ടാസിലും എന്റെ മുഖം കാണാന്‍ പ്രേരിപ്പിക്കുന്നുവോ? ഏതായാലും തുടര്‍ച്ചയായി പൊട്ടല്‍ അടുത്ത്‌ റൂമില്‍ നിന്ന് കേള്‍ക്കുന്നു. ഇനി ഇത്‌ അടുത്ത്‌ ഫ്ലാറ്റില്‍ നിന്നാണോ? പക്ഷെ ഈ ബംഗലൂരുവില്‍ ഏവിടെ നിന്നാണു പൊട്ടാസ്‌. ഏതായലും ഞാന്‍ ഈ പൊട്ടിക്കല്‍ കേട്ടുകൊണ്ടു അങ്ങനെ കിടന്നു. പണ്ട്‌ പാലക്കാട്‌ കോളനിയില്‍ താമസിക്കുമ്പൊള്‍ അടുത്ത്‌ വീട്ടിലേ പയ്യന്മാരുമായി പടക്കം പൊട്ടിച്ചുനടന്ന കാലം. കമ്പിത്തിരി, മത്താപ്പ്‌, വിഷ്ണു ചക്രം, പാമ്പ്‌ ഗുളിക, തീവണ്ടി, ഓല, മാല, ഗുണ്ട്‌, വാണം അങ്ങനെ എന്തെല്ലം... വിഷു തലേന്ന് സന്ധ്യക്കു തുടങ്ങി പിറ്റേന്ന് രാവിലെ വരെ ഈ പടക്ക ശബ്ദമല്ലാതെ നാട്ടില്‍ വേറെ എന്താണു കേള്‍ക്കാന്‍ കഴിയുക? കണികാണുന്നതിനു മുന്‍പ്‌ ഈ ശബ്ദം ഞാന്‍ ഞാന്‍ അങ്ങനെ കിടക്കാന്‍ നല്ല ഒരു സുഖമണു.

ഇപ്പോള്‍ വര്‍ഷങ്ങളായി ഇത്തരം അനുഭവങ്ങള്‍ ഒന്നും ജീവിതത്തിലില്ല. പക്ഷെ ഇപ്പൊളിതാ ഇവിടെ ഈ നഗരത്തില്‍, സ്വന്തം ഫ്ലാറ്റില്‍ അതേ അനുഭവം. പടക്കം അങ്ങെനെ തകര്‍ത്തു പൊട്ടുന്നു. ഇതു കളിത്തോക്കില്‍ പൊട്ടാസ്‌ വെച്ചു പൊട്ടിക്കുന്നതു തന്നെ, തുടര്‍ച്ചയായി അങ്ങനെ നിന്നു പൊട്ടുന്നുണ്ട്‌. ഏതായാലും ചെന്നു നോക്കാമെന്നു കരുതി അടുത്ത ബെഡ്ഡ്‌ റൂമ്മിലേക്കു നടന്നു. ഭാര്യ തന്നെയാണു പൊട്ടിക്കുന്നത്‌, പക്ഷെ തോക്കും പൊട്ടാസും ഇല്ല പകരം ടെന്നീസ്‌ റാക്കറ്റു പോലെ ഒരു ബാറ്റ്‌ കൈയ്യില്‍! കാര്യങ്ങള്‍ ക്രമേണ മനസ്സിലായി തുടങ്ങി. തലേന്നു ഭാര്യയുടെ നിര്‍ദ്ദേശപ്രകാരം കൊണ്ടുവന്ന ഇലക്ട്രിക്‌ 'കൊതുക് ' ബാറ്റ്‌ ആണിത്‌. നിമിഷങ്ങള്‍ക്കകം അനേകം കൊതുകുകളെ കൊന്നൊടുക്കാന്‍ കഴിവുള്ള ഒരു ബാറ്റ്‌! വീനസ്‌ വില്ല്യംസിന്റെ ചടുല ഭാവഭേദങ്ങളോടെ അതേ 'ഗ്രൗണ്ട്‌ സ്ട്രോക്‌' മൂവ്‌ മെന്റില്‍ ഭാര്യ ബാറ്റു ഉപയോഗിച്ച്‌ കൊതുകുകളെ കൊന്നൊടുക്കുകയാണു. ബാറ്റിന്റെ ഇലക്ട്രിക്‌ വലയില്‍ കുരുങ്ങി പൊട്ടിത്തെറിക്കുന്ന കൊതുകിന്റെ നിലവിളിയാണു ഞാന്‍ കേട്ട ശബ്ദം. കഷ്ടം, നല്ല ചില സ്മരണകള്‍ അങ്ങനെ അവിടെ തകര്‍ന്നു വീണു! വലയില്‍ കുരുങ്ങി പോകുന്ന കൊതുകുകള്‍ തിളച്ച എണ്ണയില്‍ വീഴുന്ന കടുകു മണികളെ പോലെ തുടര്‍ച്ചയായി പൊട്ടിതകരുന്നു. ഏതായാലും കുറച്ചു നേരമെങ്കിലും പഴയ വിഷുക്കാല സ്മരണകള്‍ മനസ്സില്‍ പൊടിതട്ടിയെടുക്കുവാന്‍ ഇടയാക്കിയ ഈ വീനസ്‌ വില്ല്യംസിനു നന്ദി പറഞ്ഞു കൊണ്ടു ഞാന്‍ മറ്റു പ്രഭാത കാര്യങ്ങളിലേക്കു കടന്നു.