Wednesday, October 28, 2009

ദൂരദര്‍ശനം

ദില്ലി ദൂരദര്‍ശന്റെ 50 വര്‍ഷവും മലയാളം ദൂരദര്‍ശന്റെ 25 വര്‍ഷവും തികയുന്ന ഈ സമയത്ത്‌ പണ്ട്‌ ഈ ടെലിവിഷനും അതിലൂടെ ദൂരദര്‍ശനും ആദ്യമായി എന്റെ ജീവിതത്തില്‍ കടന്നു വന്ന നാളുകള്‍ ഓര്‍ത്തുപോകുന്നു. ഒരു വലിയ മാറ്റമായിരുന്നു അത്‌, ഇന്ന് ഇപ്പോള്‍ കുട്ടികള്‍ 'പ്ലേ സ്റ്റേഷന്‍' 'എക്സ്‌ ബോക്സ്‌' മുതലായവ കണ്ടു കൊണ്ടാണു ജനിച്ചു വീഴുന്നതു തന്നെ. പക്ഷെ തികച്ചും പരിചയമില്ല്ലാത്ത ഒരു 'ഉപകരണം' വീട്ടിലേക്കും പിന്നെ ജീവിതത്തിലേക്കും കടന്നു വന്ന ഒരു കാലഘട്ടത്തില്‍, അങ്ങനെത്തെ ഒരു സമൂഹത്തില്‍ ജീവിക്കാന്‍ കഴിയുന്നത്‌ ഇന്നത്തെ കുട്ടികള്‍ക്ക്‌ പ്രാപ്യമല്ല. എനിക്കുണ്ടായ ഭാഗ്യവും അതാണു.

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പടിക്കുമ്പോഴാണു വീട്ടില്‍ ടെലിവിഷന്‍ വാങ്ങുന്നത്‌. പക്ഷെ അതിനു മുന്‍പേ ഞാന്‍ പരിപാടികള്‍ കാണാറുണ്ടായിരുന്നു. ഞാന്‍ താമസിച്ചിരുന്ന ഗവണ്‍മന്റ്‌ ക്വാട്ടേര്‍സ്സില്‍ മൂന്നു നാലു വീടുകള്‍ക്കപ്പുറത്തുള്ള ഒരു ചേട്ടന്റെ വീട്ടില്‍ ആയിരുന്നു ടിവി ഉള്ളത്‌. ഒരു പക്ഷെ ആ ക്വാട്ടേര്‍സ്സില്‍ ടിവി ഉള്ള ചുരുക്കം ചില വീടുകള്‍ ആയിരിക്കാം. കണ്ടിരുന്ന പരിപാടികള്‍ - ക്രിക്കറ്റ്‌ (ഗവാസ്കാറും, കപിലും, ശ്രീകാന്തും ലോക കപ്പ്‌ നേടി കത്തി നില്‍ക്കുന്ന കാലം), സിനിമകള്‍ (ഹിന്ദി മാത്രം) പിന്നെ മഹാഭാരതം, രാമയണം, ചില കാര്‍ട്ടൂണുകള്‍ (ഓര്‍മ വരുന്നത്‌ ഹി-മാന്‍, മഹാഭാരതത്തിനു തൊട്ടു മുന്‍പ്‌)- ഇവയൊക്കെ ആണു. മകന്‍ നല്ല വഴിക്ക്‌ വളരട്ടെ എന്നു കരുതിയായിരിക്കാം അഛനും അമ്മയും രാമായണ മഹാഭാരതങ്ങള്‍ കാണാന്‍ എന്നെ അയച്ചത്‌. ക്രിക്കറ്റിനു പക്ഷെ വേറെ ഒരു വീടായിരുന്നു സങ്കേതം. വെറേയും ചേട്ടന്മാര്‍ അവിടെ വന്നു കാണാറുണ്ടായിരുന്നു. വീട്ടിലേ റേഡിയോയില്‍ നിന്നു വരുന്ന ശബ്ദവീചികള്‍ക്കപ്പുറം കാഴച്ചയുടെ ഒരു മനോഹാരിത, അത്‌ കാണാന്‍ അവസരം കിട്ടുമ്പൊഴെല്ലാം ചേട്ടന്മാരുടെ വീടുകളുലേക്കോടി!.

ഒര്‍മ്മയില്‍ വരുന്ന ഒരു ചമ്മല്‍ ഇപ്പ്പ്പോള്‍ ഒര്‍ക്കുന്നു. പതുവു പോലെ ഒരു ഞായറാഴ്ച. ആദ്യം ഹി-മാന്‍ പിന്നെ മഹാഭാരതം. ഞാന്‍, ചേട്ടന്റെ ഒപ്പം ഹി-മാന്‍ കണ്ടുകൊണ്ടിക്കുന്നു. തലേന്ന് കാണിച്ച നാളത്തെ പ്രസക്ത്ഭാഗങ്ങള്‍ ഓര്‍ത്തുകൊണ്ടു ചേട്ടന്‍ ഒരു പേടിപ്പിക്കുന്ന രംഗം എന്നോട്‌ പറഞ്ഞു, അടുത്ത സീന്‍ അതാണത്രെ. ഭയം പുറത്തുകാണിക്കാതെ ഞാന്‍ പറഞ്ഞു, " ഒന്നു മൂത്രം ഒഴിക്കണം, ഇപ്പൊള്‍ വരാം" പിന്നെ വീടിനു പുറത്തേക്ക്‌. സുദീര്‍ഘമായ ഒരു മൂത്രിക്കല്‍!! തിരിച്ചു വന്നപ്പൊഴേക്കും എല്ലാ സീനും തീര്‍ന്നിരുന്നു, പക്ഷെ ചേട്ടന്റെ അമ്മ എന്നൊട്‌ ഒരു ചോദ്യം " അടുത്ത മൂത്രം ഒഴിക്കല്‍ എപ്പോളാ?" ചേട്ടന്റെ മുഖത്ത്‌ ഒരു കളിയാക്കി ചിരി. (ഇങ്ങനെ ധാരാളം മൂത്രങ്ങള്‍ എന്നില്‍ നിന്നു പൊയിരിക്കാം, ഒര്‍മ്മ വരുന്നില്ല)

ഒടുവില്‍ വീട്ടിലേക്കും ഒരു ടിവി കടന്നുവന്നു. പക്ഷെ വന്ന സമയം തീരെ ശരിയായിരുന്നില്ല. അന്ന് ചേച്ചി പത്താം ക്ലാസ്സ്‌ എന്ന കടമ്പ കടക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. പരീക്ഷ കഴിയാതെ ടിവി പെട്ടി തുറക്കില്ലെന്ന് അഛന്‍. അങ്ങനെ കൂട്ടിലിട്ട കോഴികളെ നോക്കി ചുറ്റും കറങ്ങി നടന്ന ഒരു കുറുക്കന്റെ അവസ്തയിലായി ഞാന്‍. 'ബി പി എല്‍ ടിവി - ബി പി എല്‍ ഇന്ത്യ' എന്നെഴുതിയ ആ കൂടു പൊളിച്ച്‌ എന്ന് ടിവി പുറത്തു വരും? ഒടുവില്‍ 2-3 ആഴ്ച്യ്യൊളം എടുത്തു വന്നപ്പൊള്‍. ആന്റിന ഉറപ്പിച്ചത്‌ സുരേഷ്‌ എന്ന ഒരു ചേട്ടനായിരുന്നു, (ഒട്ടു മിക്ക വീടുകളിലും പുള്ളിയായിരുന്നു 'ഫ്ലാഗ്‌ പോസ്റ്റിംഗ്‌'). അന്ന് ഡി ഡി മലയാളം എതാനും മണിക്കൂര്‍ കാണാമായിരുന്നു. പക്ഷെ നല്ലപൊലെ 'ഗ്രേയിന്‍സ്‌' (ഈ വാക്ക്‌ നമ്മള്‍ എന്നേ മറന്നു!!). ആദി ശങ്കരന്റെ ഒരു ഹിന്ദി സിനിമ നടക്കുമ്പോഴാണു ആന്റിന ഉറപ്പിക്കുന്നത്‌. മലയാളം ചാനലിലെ ആ ഗ്രേയിന്‍സ്‌ കുറക്കാന്‍ ചേട്ടന്‍ നടത്തിയ ശ്രമം ഒര്‍ക്കുന്നു. ഇന്നത്തേ പൊലെ 'ഓട്ടോ ടൂണിംഗ്‌' ആല്ലല്ലോ അന്ന്! ചക്രം കറക്കി കറക്കി വിരലില്‍ തഴമ്പ്‌ കേറി. അങ്ങനെ ദില്ലി-ട്രീവാന്‍ഡ്രം-കൊഡൈക്കനാല്‍ ഇങ്ങനെ മൂന്നു ചാനലുകള്‍ വീട്ടില്‍ വിസ്മയം തീര്‍ത്തു.

പിന്നേ അങ്ങോട്ട്‌ വീട്ടിലേ എല്ലാവരുടേയും ദിനചര്യ തന്നെ മാറുകയായിരുന്നു, വൈകുന്നേരം സ്കൂളില്‍ നിന്ന് വന്നാല്‍ കണേണ്ട പരിപാടികള്‍, രാത്രി ആഹാരം കഴിക്കുമ്പോള്‍ കണേണ്ടത്‌ എന്നിങ്ങനെ എല്ലം 'വെല്‍ പ്ലാന്‍ഡ്‌' ആയിരുന്നു. മറക്കാന്‍ പറ്റാത്തതായി അങ്ങനെ എത്ര പരിപാടികള്‍... ശനിയാഴ്ച്ച വൈകുന്നേരങ്ങളിലേ ഹിന്ദി സിനിമ, ഞായറാഴ്ച്ച വൈകുന്നേരത്ത്‌ മലയാളം, അതിനു മുന്‍പ്‌ 'ജയന്റ്‌ റൊബൊര്‍ട്ട്‌' (വിരലിന്റെ അറ്റത്തു നിന്ന് വെടിയുണ്ട പായുന്നത്‌ ഒര്‍ക്കുന്നു!), മലയാളം, ഹിന്ദി വാര്‍ത്തകള്‍ എന്നിങ്ങനെ. സീരിയലുകള്‍ അന്ന് ഹിന്ദി ആയിരുന്നു - സര്‍ക്കസ്‌, ഫുജി, റിപ്പോര്‍ട്ടര്‍, വ്യൊംകേഷ്‌ ബക്ഷി, മാല്‍ഗുഡി ഡേ യ്സ്‌, മൃഗനയനി, ഹം ലൊഗ്‌, ഗുണിരാം, ഏക്‌ സെ ബഡ്ക്കര്‍ ഏക്‌ (അന്ന് ഒരു എപ്പിസോഡ്‌ കഴിഞ്ഞാല്‍ അടുത്തത്‌ അടുത്ത്‌ ആഴ്ച്ച മാത്രം!, ഇന്ന് ഇത്‌ റ്റൂ മച്ച്‌!). ഒടുവില്‍ മെഗാ സീരിയലുകളുടെ ജനനം -'ശാന്തി', പിന്നെ മസാല നിറച്ച്‌ 'സ്വാഭിമാന്‍'. രാത്രി സീരിയലുകള്‍ കാണുന്നത്‌ ആഹാരം കഴിക്കുമ്പൊള്‍. അതു വരെ ഒന്നിച്ചിരുന്നു കഴിച്ചിരുന്ന ഞങ്ങള്‍ അഛനെ ഒറ്റപ്പെടുത്തി ടിവിക്കു മുന്‍പില്‍. ഞായറാഴ്ച്ചകളാണു വിഭവ സമൃദ്ദം. പേപ്പറില്‍ ആദ്യം വായിക്കുന്നത്‌ വാരാന്ത്യപതിപ്പിലെ മഹാഭാരതം സ്ക്രിപ്റ്റ്‌, പിന്നെ ഒറിജിനല്‍ ടിവി പ്ലേ. 'ഭാരത്‌ എക്‌ ഖൊജ്‌', 'സിഗ്മ' എന്നിങ്ങനെ തുടരുന്ന കാഴ്ച്ചകള്‍... (ഈ സീരിയല്‍ ലിസ്റ്റ്‌ ഞാന്‍ ഒര്‍ക്കും തോറും എഴുതികൊണ്ടിരിക്കാം, പക്ഷെ ഈ ലിങ്ക്‌ കാണുക -  http://www.creative-castle.net/forum/forum_posts.asp?TID=4882  -  എല്ലാം ഇവിടെയുണ്ട്‌!)

ഏതായാലും ഒന്ന് ഉറപ്പാണ്‌, ഇന്നത്തെ ചാനലുകളിലെ അസംഖ്യം പരിപാടികള്‍ക്കിടയിലും അന്നത്തെ ആ എണ്ണം പറഞ്ഞ കാഴച്ചകള്‍ മനസ്സില്‍ എന്നും പതിഞ്ഞു നില്‍ക്കും. ദൂരദര്‍ശനു മാത്രം അവകാശപ്പെടാനാവുന്നതാണു ഈ ക്രെഡിറ്റ്‌.

Saturday, August 15, 2009

ബംഗളുരു നാട്‌ : സാമ്പത്തിക മാന്ദ്യം - ഒരു റിയാലിറ്റി ഷോ

താഴെ പറയുന്ന കഥാപാത്രങ്ങള്‍ക്ക്‌ ജീവിച്ചിരിക്കുന്നവരോ ആത്മഹത്യ ചെയ്തവരോ ആയ സോഫ്റ്റ്‌ വയര്‍ മാനേജേര്‍സ്‌ അല്ലെങ്ങില്‍ ഡെവലപ്പേര്‍സുമായി സാമ്യം തോന്നുന്നുണ്ടെങ്കില്‍ അത്‌ തികച്ചും യാദ്രുശ്ചികം മാത്രം.


സംഭവം നടക്കുന്നത്‌ ഈ നഗരത്തെ ഒരു മള്‍ട്ടി നാഷനല്‍ സോഫ്റ്റ്‌ വയര്‍ കമ്പനിയില്‍. ഒരു പ്രോജക്ട്‌ ടീം. അതില്‍ ഒരു മാനേജര്‍ (35 വയസ്സ്‌- വീട്ടില്‍ ഭാര്യ, കുഞ്ഞ്‌, മറ്റു പ്രാരാബ്ദങള്‍). മറ്റുള്ളവര്‍ ഒരു ടീം നായകനും പിന്നെ ഡെവലപ്പേര്‍സും. ഒരുത്തന്‍ വലിയ 'കിടു', 'ടെക്നോ ഫണ്ടു'. മരുപച്ചയായി ഒരു പെണ്‍കുട്ടിയുണ്ട്‌ ഈ ടീമില്‍. ഈ പെണ്‍ ഡെവലപ്പര്‍ വളരെ സാമര്‍ഥ്യക്കാരി. സോപ്പ്‌ ശരീരത്തില്‍ മാത്രമല്ല, ചിന്തകളിലും, പ്രവൃത്തിയിലും. മറ്റോരുത്തനോ? വെറും ടൈം പാസ്‌, യോ യോ, മൂസിക് മസ്തി. മനേജറിന്റെ കണ്ണിലേ കരട്‌ ആണു ഈ പയ്യന്‍. പയ്യനൊഴികെ ഇവിടെ ഈ കഥയില്‍ മറ്റാര്‍ക്കും ഒരു പ്രസക്തിയുമില്ല.


അങ്ങനെയിരിക്കെ നഗരത്തില്‍ സാമ്പത്തിക മാന്ദ്യം വന്നു.
ഡെവലപ്പേര്‍സ്‌ റൗണ്ട്‌
-------------------------
കമ്പനിയിലെ എച്ച്‌ ആര്‍ സുന്ദരി വന്ന് മനേജറോട്‌ പറഞ്ഞു, ടീമില്‍ നിന്ന് ഒരാളെ കമ്പനിക്കുവേണ്ടി ബലി കൊടുക്കണം. മാനേജറിനു വേറേ അലോച്ചിക്കേണ്ടി വന്നില്ല. യോ യോ പയ്യനെ പോ പോ കമ്പനിക്കു പുറത്തു പോ എന്നു പറയാന്‍ കാത്തിരിക്കുകയാണല്ലോ പുള്ളിക്കാരന്‍. പക്ഷെ എച്ച്‌ ആര്‍ പറഞ്ഞു, അതിനു ചില കണ്ടീഷന്‍സ്‌ ഉണ്ട്‌. ഈ 'കീ പേര്‍ഫൊര്‍മന്‍സ്‌ ഇന്‍ഡികേറ്റര്‍' എന്നു പറയുന്നപോലെ 'കീ ഫാക്റ്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ്‌' (കമ്പനിക്ക്‌ അകത്ത്‌), ചുരുക്കി പറഞ്ഞാല്‍ കേ എഫ്‌ സി!. ഇത്‌ നേടുന്നവരെ പുറത്താക്കരുത്‌. ഒപ്ഷന്‍സ്‌ തഴെ കാണുന്നവ.

1. മനേജര്‍ സ്വന്തം സീറ്റില്‍ ഇരുന്ന് ഒരു പെന്‍ അല്ലെങ്കില്‍ ഡസ്റ്റര്‍ പൊക്കിയെറിയും. അത്‌ വന്ന് തലയില്‍ വീഴുന്ന ഡെവലപ്പര്‍ കമ്പനിക്ക്‌ പുറത്ത്‌. (തലയില്‍ ഉണ്ടാവുന്ന മുറിവ്‌ കമ്പനി ചികിത്സിക്കും)

2. വായില്‍ സ്പൂണ്‍ പിടിച്ച്‌ അതില്‍ നാരങ്ങാ വച്ച്‌ 100 മീറ്റര്‍ ഹര്‍ഡില്‍സ്‌. ഹുസൈന്‍ ബൊള്‍ട്ടിനേപൊലേ തന്നെ തോല്‍പ്പിക്കാന്‍ അരുമില്ലേ എന്നു ചോദിച്ച്‌ ജയിച്ച്‌ വന്നാല്‍ പുറത്താക്കില്ല.

3. കമ്പനി ഫയര്‍ ഡ്രില്‍ നടത്തും, അലാറം കേള്‍ക്കുമ്പൊള്‍ ഓടി പോയി പുറത്ത്‌ നട്ടുച്ച വേയിലില്‍ നില്‍ക്ക്കണം. പിന്നെ അടുത്ത വിസില്‍ കേള്‍ക്കുമ്പൊള്‍ ഓടി വന്ന് (ചില കമ്പനിയില്‍ ഇവിടെ ചാക്കില്‍ കയറി വേണം ഓടാന്‍ എന്നു കേള്‍ക്കുന്നു) ഓഫീസില്‍ കയറണം. വാതില്‍ അടയുന്നതിന്റെ മുന്‍പ്‌ എല്ലാ 'സ്വൈപ്പും' ചെയ്ത്‌ വേണം സീറ്റില്‍ എത്താന്‍.


(ചുരുക്കം പറഞ്ഞാല്‍, സ്കൂളില്‍ പടിക്കുമ്പോല്‍ ചാക്ക്‌ ചാട്ടം, സ്പൂണില്‍ നാരങ്ങാ വച്ച്‌ ഓട്ടം എന്നിവ പരിശീലിച്ച ഡെവലപ്പേര്‍സിനു കമ്പനിയില്‍ തുടര്‍ന്നും പണി ചെയ്യാം.)

നമ്മുടെ മാനേജര്‍ ഓപ്ഷന്‍ ഒന്ന് സെലക്റ്റ്‌ ചെയ്തു. ലക്ഷ്യം യോ യോ പയ്യന്‍ തന്നെ. മറ്റുള്ള ഡെവലപ്പേര്‍സിന്റെ സഹായത്തൊടെ അവനെ സീറ്റില്‍ ബലമായി പിടിച്ചിരുത്തി, സ്വന്തം സീറ്റില്‍ നിന്ന് ഒരു ഡസ്റ്റര്‍ (സ്കൂളില്‍ കാണുന്ന പഞ്ഞി കൊണ്ടുള്ളതല്ല!) ഉന്നം നോക്കിയെറിഞ്ഞു. അങ്ങനെ തലയില്‍ ഒരു കുഞ്ഞു മുഴയുമായി പയ്യന്‍ പുറത്ത്‌. ആദ്യ റൗണ്ട്‌ അവസാനിച്ചു.


മാനേജേര്‍സ്‌ റൗണ്ട്‌
-----------------------
നമ്മുടെ എച്ച്‌ ആര്‍ സുന്ദരി ഈ കഥയിലെ മാനേജറിന്റെ ബോസ്‌ ആയ വി പി (വൈസ്‌ പ്രസിഡന്റ്‌) യെ കാണുന്നു. ഒരു മനേജറിനെ അടുത്തതായി ബലി കൊടുക്കണം. വി പി കുറച്ച്‌ ആലോചിച്ചു. എല്ലാവരും ഒന്നിനൊന്ന് മെച്ചം! ആരേയാണിപ്പോള്‍?? അപ്പോഴാണു യോ യോ പയ്യന്റെ കടന്നു വരവ്‌(പുള്ളി രണ്ടു മാസത്തെ പരോളില്‍ ഇപ്പൊഴും കമ്പനിയിലുണ്ട്‌). ഒരു വലിയ സൂട്ട്‌ കേസും അതില്‍ നിറയെ പണവും വി പിക്കു മുന്നില്‍ വച്ചു. "ഞാന്‍ നിങ്ങളെ സഹായിക്കാം. വളരേ ജനകീയമായിരിക്കണം ഈ എലിമിനേഷന്‍" പയ്യന്‍ നിര്‍ദ്ദേശിച്ചു. "20% നിങ്ങള്‍ക്ക്‌ മാര്‍ക്കിടാം. ബാക്കി 80% എസ്‌ എം എസ്‌". "വളരേ നല്ല മാര്‍ഗ്ഗം". സൂട്ട്‌ കേസിന്റെ പുറത്ത്‌ കേറിയിരുന്നു വി പി പറഞ്ഞു.


എലിമിനേഷന്‍ റൗണ്ട്‌
------------------------
എല്ലാ മാനേജേര്‍സും നിരനിരയായി നില്‍ക്കുന്നു. കരച്ചില്‍ വരാറായി നില്‍ക്കുന്ന മുഖഭാവങ്ങള്‍. എച്‌ ആര്‍ സുന്ദരിയും ഒരു മൈക്കും പിടിച്ച്‌ കരച്ചിലിന്റെ വക്കില്ലാണു. പൊട്ടിക്കരയണോ? അതോ വിങ്ങി വിങ്ങി കരയണോ? വിതുമ്പണോ, എല്ലാം ഉള്ളില്‍ ഒതുക്കി തേങ്ങണോ? ഇതാണു അവര്‍ അലോചിക്കുന്നത്‌. ജഡ്ജിന്റെ സീറ്റില്‍ നമ്മുടെ വി പി ഇരിപ്പുണ്ട്‌. കാണികളായി ഡെവലപ്പേര്‍സും. "എന്താ പറയുക? നിങ്ങളുടെ നല്ലതിനു വേണ്ടിയാണു ഞാന്‍ ഒരോ തെറ്റു കുറ്റങ്ങള്‍ പറഞ്ഞിട്ടുള്ളത്‌. നിങ്ങള്‍ക്ക്‌ അത്‌ മനസ്സിലായിക്കാണുമല്ലോ? അതു മതി" പുള്ളി പതുക്കെ തല താഴ്ത്തി. ഒടുവില്‍, വിഷാദം നിറഞ്ഞു തുളുമ്പിയ ആ നിമിഷത്തില്‍ സുന്ദരി റിസള്‍ട്ട്‌ പറഞ്ഞു. നമ്മുടെ കഥയിലെ മാനേജര്‍ പുറത്തായി. 20% മാര്‍ക്കില്‍ പുള്ളിക്ക്‌ കിട്ടിയത്‌ പൂജ്യം. ബാക്കി 80% എസ്‌ എം എസ്‌, അത്‌ പയ്യന്‍സ്‌ എല്ലാ ഡെവലപ്പേര്‍സിനേയും വേണ്ടതുപോലെ കണ്ടു ശരിയാക്കിയെടുത്തു. പാവം മാനേജര്‍..."എന്നെ സപ്പോര്‍ട്ട്‌ ചെയ്ത എല്ലാവര്‍ക്കും നന്ദി. ഇതു വരെ എത്താന്‍ കഴിഞ്ഞത്‌ എന്റെ ഒരു മഹാ ഭാഗ്യം." പിന്നെ ഒന്നു തേങ്ങി, "എനിക്ക്‌ ഒരു 2 എസ്‌ എം എസ്‌ കൂടി അയക്കാമായിരുന്നില്ലേ?" ഒടുവില്‍ ഒരു പൊട്ടിക്കരച്ചില്‍. ഒപ്പം എച്ച്‌ ആര്‍ സുന്ദരിക്കും ദുഖം അടക്കാനായില്ല.അങ്ങനെ റിയാലിറ്റി ഷോ കഴിഞ്ഞു.

കര്‍ട്ടണിനു പിന്നില്‍, അണിയറയില്‍. നമ്മുടെ മാനേജറും യോ യോ പയ്യനും ഓഫീസിലെ വിശാലമായ കഫേറ്റേറിയയില്‍. "സര്‍, ഈ കമ്പനിയുടെ വാതിലുകള്‍ നമ്മള്‍ക്കു വേണ്ടി തുറന്നിട്ടിരിക്കുന്നു, പുറത്ത്‌, വിശാലമായ ലോകം. അനവധി അവസരങ്ങള്‍. ഫ്ലാറ്റ്‌ നേടാന്‍ ഇനിയും റിയാലിറ്റി ഷോകള്‍ വരും. നമ്മുക്ക്‌ ഒന്നിച്ചു നില്‍ക്കാം." പയ്യന്‍സിന്റെ ഈ കോണ്‍ഫിഡെന്‍സ്‌ കണ്ട്‌ മാനേജെറിന്റെ മനം നിറഞ്ഞു.

Monday, May 18, 2009

ബംഗളുരു നാട്‌ : ലഡ്ക്കി

നിഷ്കളങ്കന്മാരായ ഭര്‍ത്താക്കന്മാരെ സംശയത്തോടെ മാത്രം വീക്ഷിക്കുന്ന ഈ ലോകത്തിന്റെ അവസ്ഥയൊര്‍ത്ത്‌...

കഴിഞ്ഞ ഞായറാഴ്ച്ച. ഉച്ചയൂണും കഴിഞ്ഞ്‌ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. വീട്ടിനകത്ത്‌ ഐ പി എല്ലും പുറത്ത്‌ തകര്‍ത്ത്‌ മഴയും പെയ്യുന്നു. പൊതുവെ ഒരു തണുത്ത കാലാവസ്ഥ. ഒരു കമ്പിളി പുത്തപ്പിനകത്ത്‌ ചുരുണ്ടുകൂടി മയങ്ങാന്‍ പറ്റുന്ന സമയം. ഞാന്‍ ടിവി കണ്ടുകൊണ്ടിരിക്കുന്നു; ഭാര്യ തൊട്ടടുത്ത്‌ കമ്പ്യൂട്ടറില്‍ എന്തോ ചെയ്തു കൊണ്ടിരിക്കുന്നു. ഒരു ഫോണ്‍ കാള്‍; ഫ്ലാറ്റിന്റെ താഴേ നിന്ന് സെക്യുരിറ്റി ചേട്ടന്‍ ആണു. ഭാര്യയ്ക്കു ഹിന്ദി കേട്ടാല്‍ മനസ്സിലാകില്ല. (കൂടാതെ എഴുതാനും വായിക്കാനും അറിയില്ല - പറയുമ്പൊള്‍ സത്യം മുഴുവന്‍ പറയണമല്ലോ!). പുള്ളിക്കാരി ഫോണ്‍ എനിക്കു തന്നു. പിന്നീടുള്ള സംഭാഷണം ഇങ്ങനെ:സെക്യുരിറ്റി: സാര്‍, ലഡ്ക്കി ചാഹിയേ?
ഞാന്‍: ??
സെക്യുരിറ്റി: സാര്‍, ലഡ്ക്കി ചാഹിയെ ക്യാ? യഹാം പെ ആയി ഹെ.
ഞാന്‍: ??
സെക്യുരിറ്റി: സാര്‍, കുകിംഗ്‌ കെ ലിയേ ലഡ്ക്കി ചാഹിയെ?
ഞാന്‍: (പിടികിട്ടി) നഹി, കുകിംഗ്‌ കെ ലിയേ ലഡ്ക്കി നഹി ചാഹിയെ.
സെക്യുരിറ്റി: ഭര്‍ത്തന്‍ സാഫ്‌ കര്‍ നെ കെ ലിയെ ലഡ്ക്കി ചാഹിയെ?
ഞാന്‍: നഹി, ഭര്‍ത്തന്‍ സാഫ്‌ കര്‍ നെ കെ ലിയെ ലഡ്ക്കി നഹി ചാഹിയെ.
സെക്യുരിറ്റി: ക്ലീനിംഗ്‌ സാഫ്‌ സഫായി കെ ലിയെ ചാഹിയെ?
ഞാന്‍: നഹി, അബി നഹി ചാഹിയെ, മെരി വൈഫ്‌ മാനേജ്‌ കര്‍തി ഹെ വൊ.
സെക്യുരിറ്റി: അച്ചി ഹെ യെ, ദൂസരെ ഫ്ലാറ്റ്‌ മെ ഭി കര്‍തി ഹെ,കുകിംഗ്‌.
ഞാന്‍: നഹി നഹി, കുകിംഗ്‌ കെ ലിയേ നഹി ചാഹിയെ.
സെക്യുരിറ്റി: ടീക്‌ ഹെ.
ഞാന്‍: അബി നഹി ചാഹിയെ, ബാദ്‌ മെ ദേകേങ്കെ.
സെക്യുരിറ്റി: ടീക്‌ ഹെ.അങ്ങനെ ആ ഫോണ്‍ സംഭാഷണം നിന്നു. ഫോണ്‍ സ്റ്റാന്‍ഡില്‍ വയ്ക്കാന്‍ തിരിഞ്ഞപ്പൊള്‍, ഭാര്യ ചോദിച്ചു, (മുറി ഹിന്ദിയില്‍) '...തൊ കിസ്ക്കെ ലിയെ ലഡ്ക്കി ചാഹിയേ??'

വെറും ഒരു തമാശയായി ആ ചോദ്യത്തെ കാണേണ്ടായെന്നു ഭാര്യയുടെ മുഖഭാവം കണ്ടപ്പൊള്‍ മനസിലായി. ഇതാണു ലോകം.

Saturday, April 11, 2009

ബംഗളുരു നാട്‌ : ചില വിഷുക്കാല സ്മരണകള്‍

കഴിഞ്ഞ ദിവസം രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നത്‌ കുറച്ചു വിഷുക്കാല ഓര്‍മകളുമായാണു. അതിനു നന്ദി പറയേണ്ടത്‌ സ്വന്തം ഭാര്യയൊടും. വിഷു അടുക്കുമ്പൊള്‍ നാട്ടില്‍ പതിവായി കേള്‍ക്കാറുള്ള ഒരു ശബ്ദമണു ഞാന്‍ കഴിഞ്ഞ ദിവസം കേട്ടുണര്‍ന്നത്‌. ആ ശബ്ദം മറ്റൊന്നുമല്ല, പൊട്ടാസിന്റേതാണു!(പട്ടാസ്‌). കുട്ടികളുടെ എഷ്ട പടക്കമാണല്ലോ ഇത്‌. ഒരു ഗുളിക രൂപത്തിലും നീണ്ട സ്ട്രിപ്പ്‌ ആയും ഇത്‌ വാങ്ങാന്‍ കിട്ടും. ഒന്നുകില്‍ കുത്തിപൊട്ടിക്കാം അല്ലെങ്കില്‍ കളിത്തോക്കില്‍ വച്ച്‌ പൊട്ടിക്കാം. വന്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനു മുന്‍പ്‌ കുട്ടികള്‍ക്ക്‌ നല്ല ഒരു പ്രാക്റ്റീസ്‌ അണല്ലോ ഇത്‌. വലിയ സൈക്കിള്‍ ഓടിക്കാന്‍ പടിക്കുന്നതിനു മുന്‍പ്‌ 'അര' സൈക്കില്‍ വാടകക്കെടുത്ത്‌ ഓട്ടി പടിച്ചിട്ടിലേ? അതു പോലെ.

വിഷു സ്മരണയിലേക്ക്‌ മടങ്ങി വരാം. പൊട്ടാസിന്റെ ശബ്ദം വരുന്നത്‌ മറ്റേ ബെഡ്ഡ്‌ റൂമില്‍ നിന്നാണു. ഭാര്യ പൊട്ടാസ്‌ കുത്തിപൊട്ടിക്കുന്നുവോ? അങ്ങനെ വരാന്‍ വഴിയില്ല, അച്ഛനാണു വീട്ടില്‍ പടക്കം വാങ്ങാറും പൊട്ടിക്കാറും എന്നാണു അവള്‍ പറഞ്ഞിട്ടുള്ളത്‌. പതിവു പോലെ, പെണ്ണുങ്ങള്‍ ചെയ്യാറുള്ളതുപോലെ, കമ്പിത്തിരി കത്തിച്ച്‌ വായുവില്‍ പൂജ്യം വരച്ചു പടിക്കുകയാണു ചെയ്തിട്ടുള്ളത്‌. പൂജാരിമാര്‍ ദൈവങ്ങള്‍ക്കുമുന്നില്‍ ആരതി ഉഴിയുന്നതുപോലെ. ഇനിയിപ്പൊള്‍ കല്യാണം കഴിഞ്ഞുള്ള പരുക്കന്‍ ജീവിതം അവളെ ഒരോ പൊട്ടാസിലും എന്റെ മുഖം കാണാന്‍ പ്രേരിപ്പിക്കുന്നുവോ? ഏതായാലും തുടര്‍ച്ചയായി പൊട്ടല്‍ അടുത്ത്‌ റൂമില്‍ നിന്ന് കേള്‍ക്കുന്നു. ഇനി ഇത്‌ അടുത്ത്‌ ഫ്ലാറ്റില്‍ നിന്നാണോ? പക്ഷെ ഈ ബംഗലൂരുവില്‍ ഏവിടെ നിന്നാണു പൊട്ടാസ്‌. ഏതായലും ഞാന്‍ ഈ പൊട്ടിക്കല്‍ കേട്ടുകൊണ്ടു അങ്ങനെ കിടന്നു. പണ്ട്‌ പാലക്കാട്‌ കോളനിയില്‍ താമസിക്കുമ്പൊള്‍ അടുത്ത്‌ വീട്ടിലേ പയ്യന്മാരുമായി പടക്കം പൊട്ടിച്ചുനടന്ന കാലം. കമ്പിത്തിരി, മത്താപ്പ്‌, വിഷ്ണു ചക്രം, പാമ്പ്‌ ഗുളിക, തീവണ്ടി, ഓല, മാല, ഗുണ്ട്‌, വാണം അങ്ങനെ എന്തെല്ലം... വിഷു തലേന്ന് സന്ധ്യക്കു തുടങ്ങി പിറ്റേന്ന് രാവിലെ വരെ ഈ പടക്ക ശബ്ദമല്ലാതെ നാട്ടില്‍ വേറെ എന്താണു കേള്‍ക്കാന്‍ കഴിയുക? കണികാണുന്നതിനു മുന്‍പ്‌ ഈ ശബ്ദം ഞാന്‍ ഞാന്‍ അങ്ങനെ കിടക്കാന്‍ നല്ല ഒരു സുഖമണു.

ഇപ്പോള്‍ വര്‍ഷങ്ങളായി ഇത്തരം അനുഭവങ്ങള്‍ ഒന്നും ജീവിതത്തിലില്ല. പക്ഷെ ഇപ്പൊളിതാ ഇവിടെ ഈ നഗരത്തില്‍, സ്വന്തം ഫ്ലാറ്റില്‍ അതേ അനുഭവം. പടക്കം അങ്ങെനെ തകര്‍ത്തു പൊട്ടുന്നു. ഇതു കളിത്തോക്കില്‍ പൊട്ടാസ്‌ വെച്ചു പൊട്ടിക്കുന്നതു തന്നെ, തുടര്‍ച്ചയായി അങ്ങനെ നിന്നു പൊട്ടുന്നുണ്ട്‌. ഏതായാലും ചെന്നു നോക്കാമെന്നു കരുതി അടുത്ത ബെഡ്ഡ്‌ റൂമ്മിലേക്കു നടന്നു. ഭാര്യ തന്നെയാണു പൊട്ടിക്കുന്നത്‌, പക്ഷെ തോക്കും പൊട്ടാസും ഇല്ല പകരം ടെന്നീസ്‌ റാക്കറ്റു പോലെ ഒരു ബാറ്റ്‌ കൈയ്യില്‍! കാര്യങ്ങള്‍ ക്രമേണ മനസ്സിലായി തുടങ്ങി. തലേന്നു ഭാര്യയുടെ നിര്‍ദ്ദേശപ്രകാരം കൊണ്ടുവന്ന ഇലക്ട്രിക്‌ 'കൊതുക് ' ബാറ്റ്‌ ആണിത്‌. നിമിഷങ്ങള്‍ക്കകം അനേകം കൊതുകുകളെ കൊന്നൊടുക്കാന്‍ കഴിവുള്ള ഒരു ബാറ്റ്‌! വീനസ്‌ വില്ല്യംസിന്റെ ചടുല ഭാവഭേദങ്ങളോടെ അതേ 'ഗ്രൗണ്ട്‌ സ്ട്രോക്‌' മൂവ്‌ മെന്റില്‍ ഭാര്യ ബാറ്റു ഉപയോഗിച്ച്‌ കൊതുകുകളെ കൊന്നൊടുക്കുകയാണു. ബാറ്റിന്റെ ഇലക്ട്രിക്‌ വലയില്‍ കുരുങ്ങി പൊട്ടിത്തെറിക്കുന്ന കൊതുകിന്റെ നിലവിളിയാണു ഞാന്‍ കേട്ട ശബ്ദം. കഷ്ടം, നല്ല ചില സ്മരണകള്‍ അങ്ങനെ അവിടെ തകര്‍ന്നു വീണു! വലയില്‍ കുരുങ്ങി പോകുന്ന കൊതുകുകള്‍ തിളച്ച എണ്ണയില്‍ വീഴുന്ന കടുകു മണികളെ പോലെ തുടര്‍ച്ചയായി പൊട്ടിതകരുന്നു. ഏതായാലും കുറച്ചു നേരമെങ്കിലും പഴയ വിഷുക്കാല സ്മരണകള്‍ മനസ്സില്‍ പൊടിതട്ടിയെടുക്കുവാന്‍ ഇടയാക്കിയ ഈ വീനസ്‌ വില്ല്യംസിനു നന്ദി പറഞ്ഞു കൊണ്ടു ഞാന്‍ മറ്റു പ്രഭാത കാര്യങ്ങളിലേക്കു കടന്നു.