ബംഗളൂരു നാട് : ഒരു കിളിയും കുറച്ചു മരച്ചില്ലകളും!
വീണ്ടും ഒരു പ്രവർത്തി ദിനം. കമ്പനി ബുസ് പതിവു പോലെ ആ സ്റ്റോപ്പിലേക്ക് എത്തിച്ചേർന്നു. ദിനേശന്റെ തല ബസ്സിലെ വിൻഡോ ഗ്ലാസ്സിനിടയിലൂടെ പുറത്തേക്ക് നീണ്ടു. കുറേ ഏറെ സഹപ്രവർത്തകർ ഈ സ്റ്റോപ്പിൽ നിന്നു കയറാനുണ്ട്. പക്ഷെ അവന്റെ ഈ നോട്ടം ഒരാളെ മാത്രം ലക്ഷ്യമിട്ടാണു. ഒരു കിളിയെ...
[കിളിയേക്കുറിച്ച്]
...ഒരു പെൺകിളിയെ...കുറച്ചു ദിവസങ്ങളായി ഈ കിളി കമ്പനിയിൽ ജോയിൻ ചെയ്തിട്ടെന്ന് തോന്നുന്നു. ഒരു കന്നഡക്കാരിയാണു (കാണുമ്പോൾ). ബംഗളൂരുവിലെ മെട്രോ സംസ്ക്കാരത്തിന്റെ ഒരു ജാഢയും ആ മുഖത്തില്ല. അങ്ങനെയെങ്കിൽ നമ്മുടെ ഭാഷയിൽ ഒരു നാട്ടിൻ പുറത്തുകാരി. കർണ്ണാടകത്തിലെ ഒറ്റപ്പാലം, ഷൊർണ്ണൂർ എന്നിടങ്ങളിൽ നിന്നു വരുന്ന ഒരു വള്ളുവനാടൻ കാരി. കുറച്ചു നാണത്തിൽ പൊതിഞ്ഞ ആ മുഖം അങ്ങനെ ബസ്സിലേക്ക് കയറുമ്പോൾ പലരും അങ്ങനെ നോക്കിയിരുന്നു പോകും. ചില ദിവസങ്ങളിൽ തനി നാടൻ വേഷം, ചിലപ്പോഴോ...തനി ‘മോസ്റ്റ് മോഡേൺ’. പക്ഷെ ആ കിളിയുടെ ബസ്സിലേക്ക് കയറുമ്പോഴുള്ള ആ ചിറകടിയുടെ താളത്തിൽ മയങ്ങാത്തവർ ആരുമില്ല!. ഇംഗ്ലീഷ് പത്രങ്ങളിലെ വർണ്ണം തുളുമ്പുന്ന സിനിമാസുന്ദരിമാരുടെ ചിത്രങ്ങളിൽ നിന്നും അപ്പോൾ ദിനേശന്റെ ചില സഹപ്രവർത്തകർ കണ്ണെടുക്കും. വേറെ ചിലരാവട്ടെ എടുത്താൽ പൊക്കാനാവത്ത ഭാരമേറിയ മസാല നോവലിൽ നിന്നായിരിക്കും കണ്ണെടുക്കുന്നത്. ഇനി വേറെ ചിലർ, മനോഹര സംഗീതത്തിന്റെ അഗാത തലങ്ങളിൽ നിന്നു ഊളിയിട്ട് പുറത്തേക്ക് വരുന്നതും കാണാം (ചെവിയിൽ ആ ഇയർ ഫോൺ അപ്പോഴും ഒരു കറുത്ത പാടായി കാണാം - മൂക്കിൽ പഞ്ഞി ഇരിക്കുന്നതു പോലെ!). അയതിനാൽ ആ സ്റ്റോപ്പിൽ എത്തുമ്പോൾ ദിനേശന്റേയും അവസ്ഥ ഇതൊക്കെ തന്നെ!. ഏതായാലും പുലർകാലെയുള്ള ഈ വിരസ ഒഫ്ഫീസ് യാത്രയിൽ അങ്ങനെ ആശ്വാസമായി ആ കിളി പറന്നു വന്നു.
[ഇനി മരച്ചില്ലകളേക്കുറിച്ച്]
ഒരേ കമ്പനിയുടെ വിജയത്തിലേക്കോ നാശത്തിലേക്കോ ആണു ഒത്തൊരുമിച്ച് പണി ചെയ്യുന്നതെങ്കിലും, ബസ്സിനകത്ത് ആ ഭാവം ആരും കാട്ടാറില്ല. ഒഴിഞ്ഞ ഒരു സീറ്റുണ്ടെങ്കിൽ അതിലാണു കണ്ണു. കൊച്ചു കുട്ടികൾ വാശികൂട്ടുന്നതു പോലെ ഒരു വിൻഡൊ സീറ്റ്!. ആണായാലും പെണ്ണായാലും ഒരേ പോലെ. കൂടാതെ ഒപ്പം ആരും ഇരിക്കരുത് എന്ന വാശിയിൽ കൈയിലെ ബാഗ് എടുത്ത് സീറ്റിന്റെ സൈഡിൽ ബോധപൂർവം വയ്ക്കും. അങ്ങനെ വിശാലമായി ഒരു യാത്ര. പക്ഷെ ഒരു കിളി അങ്ങനെ പറന്നു വരുമ്പോൾ ചഞ്ചലപ്പെടാത്ത മനസ്സുണ്ടോ? ഏതു ചില്ലയിലേക്കാവും ആ കിളി വരുന്നത് എന്ന ആകാംക്ഷയാണു എല്ലാവരുടേയും മനസ്സിൽ. പതുക്കെ ബാഗ് എടുത്തു മാറ്റി മനസ്സിൽ ഒരു സ്വാഗതം പറയുന്നവരുമുണ്ട്! ആ സുന്ദര സാമീപ്യം നുകർന്ന് അങ്ങനെ യാത്ര ചെയ്യാൻ ഒരു ഭാഗ്യം വേണ്ടേ? പക്ഷെ ദിനേശൻ എന്ന ഈ സുന്ദരനു ആ ഭാഗ്യം ഇനിയും ഉണ്ടായിട്ടില്ല. അവന്റെ ആ ചില്ലയിലേക്ക് അവൾ ഇതുവരെ വന്നിട്ടില്ല. പലപ്പോഴും അവളും ഒരു ഒഴിഞ്ഞ ചില്ലയിലേക്കണു പൊകാറു. (നാശം..ഈ ബസ്സിൽ ആരാ ഇത്രയും സീറ്റുകൾ വെച്ചത്?) അല്ലെങ്കിൽ വേറോരു സഹപ്രവർത്തകയുടെ കൂടെയായിരിക്കും അവളുടെ ഇരിപ്പ്, അതാണെങ്കിലോ ഒരു കൊമ്പനാനയും പേടമാനും ഒന്നിച്ചിരിക്കുന്നപോലെ! (കഷ്റ്റം,ഒപ്പം ഇരിക്കരുതെന്ന് ആ പെണ്ണിനെങ്കിലും പറഞ്ഞൂടെ?). പക്ഷെ അവനെ സങ്കടപ്പെടുത്തുന്നത് ഇതൊന്നുല്ല, ചില ആഭാസന്മാരുടെ ചില്ലയിൽ വരെ അവൾ ചെക്കേറിയിട്ടുണ്ട് . എന്തു ചെയ്യാം...അങ്ങനെ ചില്ല ഒഴിപ്പിച്ചിട്ട് ദിനേശൻ കാത്തിരുപ്പു തുടർന്നു.
അങ്ങനെ ഈ യാത്രയിലും അവൻ പ്രതീക്ഷകൾ കൈവിട്ടില്ല. അവന്റെ സീറ്റ് ‘സേഫ്’ ആണു. ആർക്കു വിട്ടുകൊടുത്തിട്ടില്ല. അവൻ മാത്രമല്ല. ചുറ്റുപാടുമുള്ള സ്നേഹിതരും. അവൾ അങ്ങനെ ബസ്സിലേക്ക് കടന്നുവന്നു. അവൾക്കു മുൻപേ വേറെ ചില കശ്മലന്മാരും കടന്നു വരുന്നുണ്ട്. ഒരുത്തനും സീറ്റ് കൊടുക്കില്ല എന്ന ഭാവത്തിൽ ദിനേശനിരുന്നു, സൈഡ് സീറ്റിൽ ബാഗും എടുത്തു വച്ചു. ഇന്നു ഒരു പക്ഷെ ഞാൻ ഭാഗ്യവാനാണോ എന്നു അവനു തോന്നിപ്പോയി? ബസ്സ് ഏകദേശം ഫുൾ ആയി. അവളുറ്റെ കണ്ണുകൾ ഇന്നു അവന്റെ മരച്ചില്ലയിൽ ഉടക്കിയതായി തോന്നിത്തുടങ്ങിയപ്പോഴാണു ഒരു വൃത്തികെട്ടവന്റെ ആസനം അതിൽ പതിച്ചത്! നാശം! കിളി പോയി. അവൾ തൊട്ടുപിന്നിലെ ഒരു ചില്ലയിൽ ചേക്കേറി. പരന്ന ഒരു ചിരിയുമായി ആ അസനത്തിന്റെ ഉടമസ്ഥൻ അവന്റെ നോക്കി.
“ഇതു ഹൊഡക്കനഹുണ്ടി പോകില്ലേ?
ദിനേശനു ഒന്നും മനസ്സിലായില്ല.
ഓ, അങ്ങനെ.ഇതു സർക്കാർ ബസ്സണെന്നു വിചാരിച്ചു കയറിയതാണല്ലെ?
”ഇതു കമ്പനി ബസ്സാണടോ“ (നാശമേ!)
ആസനം പെട്ടെന്ന് സീറ്റ് കാലിയാക്കി ബസ്സിൽ നിന്നിറങ്ങി.
അവനു കലി കയറി. അവൾ വന്നിരിക്കാൻ തുടങ്ങിയതായിരുന്നു...ഒരോന്ന് രാവിലെ ഇറങ്ങിവന്നോളും. അങ്ങനെ അന്നത്തെ ആശയും നിരാശയായി മാറി.
...അങ്ങനെ പിന്നേയും നാളുകൾ പലതും കഴിഞ്ഞു. ദിനേശൻ പറന്നു പോകുന്ന ഈ കിളിയേയും നോക്കി അങ്ങനെ ഇരുന്നു...
പക്ഷെ എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ? അങ്ങനെ എന്റെ ഈ സുഹൃത്തിന്റേയും സമയം വന്നു.
അന്നൊരു വൈകുന്നേരം...
അന്ന് ബസ്സിൽ ആകെയുള്ളത് ഏറ്റവും പിന്നിലെ രണ്ടു സീറ്റുകൾ മാത്രം. സമയത്തിനു ഓഫീസിൽ നിന്നിറങ്ങാൻ കഴിഞ്ഞില്ല. ഓടി വന്നതുകൊണ്ടാണു ബസ്സ് കിട്ടിയതു തന്നെ. ഈശ്വരാ, കാത്തുകൊള്ളേണമേ...എന്നു മനസ്സിൽ ഓർത്ത് ദിനേശൻ അതിൽ ഇരിപ്പുറപ്പിച്ചു. മിക്കവാറും ഈ ലാസ്റ്റ് സീറ്റുകളിൽ ഇരുന്നാൽ ഒരു കുതിരപ്പുറത്തിരിക്കുന്ന പ്രതീതി ആണു. കുലുങ്ങി കുലുങ്ങി അങ്ങനെ അങ്ങനെ... പിൻ ചക്രങ്ങൾ തന്റെ ബസ്സിന്റെ അല്ല എന്നു വിചാരിക്കുന്ന ഡ്രൈവർമാരാണു ബസ്സു ഓടിക്കുന്നത്. ഒരോ ഹമ്പിൽ എത്തിയാലും - സർക്കസിലെ ട്രപ്പീസ് കളിക്കാർ താഴെ വലയിലേക്ക് വീണു പിന്നെയും പൊങ്ങി പോകുന്നത് അനുസ്മരിപ്പിക്കുന്നതു പോലെയാണു - പിൻസീറ്റിൽ ഇരുന്നാൽ. വെറെ നിവൃത്തിയില്ലത്തതിനാൽ ദിനേശൻ അവിടെ തന്നെ ഇരിപ്പുറപ്പിച്ചു. ആകെ ക്ഷീണിതനായ അവൻ പതുക്കെ ബസ്സിന്റെ ജനലിലൂടെ പുറത്തേക്ക് അങ്ങനെ നോക്കിയിരുന്നു. ഉറക്കത്തിലേക്ക് വീഴുമോ ഇല്ലയോ എന്നുള്ള ആ നിമിഷങ്ങൾ...പക്ഷെ പിന്നെയാണു അവിചാരിതമായി അത് സംഭവിച്ചത്....
ദിനേശന്റെ കണ്ണുകൾ ബസ്സിനു പുറത്ത് നമ്മുറ്റെ കഥാനായികയായ പെൺ കിളിയിൽ ഉടക്കി. അവളും ആ ബസ്സിലേക്ക് സമയം വൈകിയതറിഞ്ഞ് ഓടി വരുന്നു. ദൈവമേ...അവൾക്ക് ഈ സീറ്റ് മാത്രമേ ഇരിക്കാൻ ഈ ബസ്സിൽ ബാക്കിയുള്ളു. ദിനേശന്റെ നെഞ്ചിടിപ്പ് കൂടി. അങ്ങനെ തന്റെ കാലാകാലങ്ങളായുള്ള മോഹം പൂവണിയുന്നോ?? അവൾ ഒരു കിതപ്പോടെ ബസ്സിൽ ഓടിക്കയറി. സീറ്റുകൾ ഇന്നും ഒഴിവില്ല. നോക്കിയപ്പോഴോ ഏറ്റവും പിന്നിലായി ഒന്നു കണ്ടു. ദിനേശന്റെ മുഖം ചുവന്നു തുടുത്തു. കിളി തന്റെ അടുത്തേക്ക് തന്നെ പറന്നു വരുന്നു...! ഒടുവിൽ അവന്റെ ആ ചില്ലയിൽ അവൾ വന്നിരുന്നു.
ദിനേശന്റെ ശരീരത്തിലൂടെ ഒരു കുളിർ മഴ പൈയ്തിറങ്ങി. വൈകുന്നേരം പോലും എന്തൊരു വാസനയാണു ഈ ദേഹത്തു നിന്നു!! ആദ്യമായി ഒരു ജാവാ പ്രോഗ്രാം ‘കമ്പയിൽ’ ചെയ്യുന്ന ആ സുഗന്ധം! സിന്തോൾ, ലിറിൽ, കുട്ടിക്യൂറ ഏതാണെന്നറിയില്ല.. അവളുടെ മിനുസമാർന്ന ആ തോളുകൾ തന്റെ തോളോട് ചേർന്നപ്പോൾ അവന്റെ വായിൽ നിന്നു ഒരു നിശ്വാസം പുറത്തേക്ക് പോയി. ഇനി ഇപ്പോൾ എങ്ങനെയാണു ഒന്നു പരിചയപ്പെടുക? ഈ അവസരം പാഴാക്കരുത്. “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” പണ്ട് ഗാന്ധിജി പറഞ്ഞിട്ടില്ലലേ? അവൾ ഇനി ആ ഇയർ ഫോൺ സുനാപ്പി എടുത്ത് ചെവിയിൽ തിരുകിയാലോ? പിന്നെ ഒരു ഗുണ്ട് പൊട്ടിച്ചാലും അവൾ കേൾക്കില്ല!
“ഏതു കോളേജിലാ?” ദിനേശൻ ആ പരസ്യം ഓർത്തു.
വേണ്ടാ..ഇനി മമ്മീ എന്നു വിളിച്ച് ഒരു കുഞ്ഞ് എവിടെന്നെങ്കിലും ഓടിവന്നാലോ?
പക്ഷെ പെട്ടെന്നാണു ആ സുന്ദരി കിളി ദിനേശിനോട്...
“ഹായ്”
“ഹായ്” ദിനേശൻ തിരിച്ചും.
“ഈ സീറ്റ് വളരെ ചെറുതാണല്ലേ? രണ്ടു പേർക്ക് ഇരിക്കാൻ ബുദ്ധിമുട്ടാണു” സുന്ദരിക്ക് പരിഭവം.
“അതെ...വളരെ ശരിയാണു” ദിനേശന്റെ മറുപടി. “അതു കൊണ്ടു ചേർന്നിരുന്നോള്ളൂ..വേണമെങ്കിൽ എന്നെ കെട്ടിപ്പിടിച്ചിരുന്നോള്ളൂ, ഇനിയെങ്ങാനും വീണുപോയാലൊ?” ഇത് പക്ഷെ അവൻ മനസ്സിൽ ഓർത്തതേ ഉള്ളൂ.
“എന്താ പേരു? ഏതു റ്റീമിലാ?” അങ്ങനെ സുന്ദരി തുടക്കമിട്ടു.
“ഞാൻ ....”
.......................................
ഒരവസരം കാത്തിരുന്ന ദിനേശൻ പിന്നെ സ്ക്രിപ്റ്റ് കൈയിലെടുത്തു.
അനർഗനിർഗളമായി ആ സംഭാഷണം അങ്ങെനെ നീണ്ടു.
ഞാൻ ഒരു പുലിയാണെന്നും ഞങ്ങളുടെ റ്റീം ഒരു പുലിമടയാണെന്നും അവൻ പറഞ്ഞപ്പോൾ അവളുടെ കണ്ണു തള്ളി!! കൂടാതെ തന്റെ റ്റീമിലെ സഹ പ്രവർത്തകർ വെറും പൂച്ചകൾ മാത്രമാണെന്നും ഞാനാണു അത് ഒരു പുലിമടയാക്കിയതെന്നു കൂടി കെട്ടപ്പോൾ അവൾ അവനോട് ചേർന്നിരുന്നു!
“കല്യാണം കഴിഞ്ഞതാണോ?” സുന്ദരിയുടെ ചോദ്യം.
എന്താണു പറയേണ്ടത്? ഒരു പക്ഷെ തന്റെ ഈ ഉത്തരത്തിലായിരുക്കുമോ അവളുറ്റെ നിർണ്ണയക തീരുമാനം? ഒരു പുലിയിൽ നിന്നു എലിയിലേക്കുള്ള ദൂരം വളരെ ചെറുതാണു!
“അല്ല” (ഭാര്യയോട് പോവാൻ പറ!)
“ഫ്ളാറ്റ്, കാർ, ലോൺ, പെൻഷൻ പ്ലാൻ എല്ലാമുണ്ട്, ഇനി ഒരു പെണ്ണിനെ കണ്ടെത്തണം”
“പെട്ടെന്നായിക്കൊള്ളൂ” സുന്ദരി മൊഴിഞ്ഞു.
“നൊക്കുന്നുണ്ടു...ഒരേ ഓഫീസിൽ നിന്നാണെങ്കിൽ സൗകര്യം” ദിനേശൻ.
“എന്തേ?”
“ഇങ്ങനെ ഒന്നിച്ചിരുന്ന് പോവാലോ?” ദിനേശനു ഒരു നാണം.
“ഒഹോ? പക്ഷെ ഇതേ പോലെ വേറേ സുന്ദരിമാരോടൊപ്പം അപ്പോൾ പൊകാൻ പറ്റില്ലല്ലോ?“ അവൾ പൊട്ടിച്ചിരിച്ചു. ഒപ്പം ദിനേശനും.
”സുന്ദരി തന്നെയാണുട്ടോ! ഇഷ്ടമായി“ ദിനേശൻ ഒടുവിൽ അത് പറഞ്ഞു!
അവളുറ്റെ മുഖം നാണത്തിൽ മുങ്ങി. ഒളികണ്ണിട്ട് അവൾ അവനെ നോക്കി. രണ്ടു മനസ്സുകൾ വികാരത്തിന്റെ വേലിയേറ്റത്തിൽ കെട്ടു പൊട്ടിക്കാൻ വെമ്പൽ കൊണ്ടു!
പെട്ടെന്നാണു ഒരു വലിയ ഹമ്പിൽ ആ ബസ്സ് ഒരു സുനാമി തിരമാലപോലെ പൊങ്ങിയത്! അവൾ ഒരു ഞെട്ടലോടെ അവനെ കെട്ടിപ്പിടിച്ചു! പിന്നെ അവർ ആ തിരമാലയിലേക്ക് ഒന്നിച്ച് പറന്നുയർന്നു. കൈ കോർത്ത്...അങ്ങനെ ഇണകിളികളെ പോലെ!!
”ഹമ്മോാാാാാാാാാാാാാാാാാാാ“
വാരിയെല്ലുകൾ ഒടിഞ്ഞു തകരുന്ന ശബ്ദവും ഒരു നിലവിളി ശബ്ദവും കേട്ടുകൊണ്ട് ബസ്സ് ഡ്രൈവർ ഓടി വന്നു.
”സാാാർ, എന്തു പറ്റി“
ദിനേശൻ പതുക്കെ കണ്ണു തുറന്നു. താൻ ഒരു റെസ്ലിങ്ങ് യോദ്ധാവിനെ പോലെ ബസ്സിൽ മലർന്നടിച്ചു കിടക്കുന്നു! ഒന്നും മനസ്സിലാവുന്നില്ല.
”കിളി എവിടെ? പറന്നു പോയോ?“
”ഏതു കിളി സാാർ“ ഡ്രൈവർ ചുണ്ട് വളച്ച് ചോദിച്ചു.
ദിനേശൻ ചുറ്റും നോക്കി. ബസ്സിൽ ആരും ഇല്ല...കിളിയും ചില്ലകളും ഒന്നും ഇല്ല!!!
സ്വപ്നമാണോ എന്നു വർണ്ണത്തിൽ ആശങ്ക!
”ഇതേതാ സ്ഥലം“
”വെടക്കനഹള്ളി“ ഡ്രിവെർ മൊഴിഞ്ഞു.
ഈശ്വരാാ, ഇതേതാ ഈ വെടക്ക് സ്ഥലം?
”സാാർ ഇത് ലാസ്റ്റ് സ്റ്റോപ്പ് ഇവിടെ ഇറങ്ങിക്കോ“
ദിനേശനു പിന്നേയും ഒന്നും മനസ്സിലായില്ല!
ഇങ്ങനെ ഒരു സ്ഥലം എന്റെ ബസ്സ് റൂട്ടിൽ ഇല്ലല്ലോ?
”ഇതേതാ റൂട്ട്“ ദിനേശനു വിശ്വസിക്കാൻ പറ്റുന്നില്ല.
”റൂട്ട് 24, സാർ ഒന്നു ഇറങ്ങാവോ? പോയിട്ട് അടുത്ത ഓട്ടം ഉള്ളതാ“ ഡ്രൈവർ തെറി വിളി തുടങ്ങിയോ എന്നു സംശയം?
ഇപ്പോൾ ദിനേശനു എല്ലാം മനസ്സിലായി.
ഓടി വന്നു ഓഫീസ് ബസ്സിൽ കാൽ വെച്ചത് മാറിപോയി!! 25 ആണു എന്റെ റൂട്ട്!!
അപ്പോൾ ആ സുന്ദരി കേറിയതു??? ഉറക്കവും സ്വപ്നവും അവൾക്കു മുൻപേ എന്നിലേക്ക് വന്നു ചേർന്നിരുന്നു?
”ഇതു ബംഗളൂരു തന്നെയല്ലെ?“ വാരിയെല്ലുകൾ പറക്കി കൂട്ടി ബസ്സിൽ നിന്നിറങ്ങുമ്പോൾ ദിനേശൻ ചോദിച്ചു.
”അതെ നൊർത്ത് ബംഗളൂരു“, ഡ്രൈവർ പറഞ്ഞു,
”സമാധാനം, ഇനി വല്ല ഹൈദ്രാബാദിനു അടുത്താണെങ്കിൽ നാളെ അവിടെയുള്ള ഓഫീസിൽ പൊയി വർക്ക് ചെയ്യാമായിരുന്നു!
‘ഇടിവെട്ടിയവൻ, തലയിൽ വീണ തേങ്ങ എടുക്കാൻ കുനിഞ്ഞപ്പോൾ ചന്തിക്ക് പാമ്പ് കടിച്ചു’ എന്ന പോലെയായി! കഷ്ടം.
'a thunderstorm hit guy, who bended to grab the cocunut which falls on his head, was bitten by a snake on his ass' (ഹമ്മേ!! ഒരു സുരേഷ് ഗോപി സ്റ്റൈൽ)
ദിനേശൻ, തന്റെ സൌത്ത് ബംഗളൂരു വീട്ടിലേക്കുള്ള അടുത്ത ബി എം ടി സി ബസ്സും കാത്ത് അങ്ങനെ നിന്നു... പാലായിൽ നിന്ന് പൊൻങ്കുന്നം വഴി ശബരിമലയിലേക്ക്, കല്ലും മുള്ളും താണ്ടിയുള്ള ഒരു യാത്ര ഓർത്തുകൊണ്ട് അങ്ങനെ നിന്നു!
[ഫോട്ടോ നന്ദി: ഗൂഗിൾ]
അഭിപ്രായങ്ങള്‍
എല്ലാം മനസ്സിലായി ;)
ഇതു കുറച്ചു സത്യമാണല്ലോ.....ഹിഹി
അസ്സലായി....
രസിച്ചു ചില പ്രയോഗങ്ങള്‍
പക്ഷെ കിളിയെവിടെ എന്ന് മനസ്സിലായില്ലാ, ;)
കർണ്ണാടകത്തിലെ ഒറ്റപ്പാലം, ഷൊർണ്ണൂർ എന്നിടങ്ങളിൽ നിന്നു വരുന്ന ഒരു വള്ളുവനാടൻ കാരി. :D:D
നന്നായി ഈ ദിനേശന്‍ ചങ്കരന്‍ തന്നെ അല്ലെ ഒരു ആത്മ കഥ ഫീല്‍ ചെയ്തില്ലെന്നൊരു ഡൌട്ട്
ആത്മകഥയല്ലാട്ടോ,നൂലൻ.
വളരെ ശരി, എഴുത്തുകാരി.