ഓര്‍മ്മകളുടെ കല്‍പ്പടവുകളിലൂടെ...

അങ്ങനെ ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം ആ നാട്ടില്‍ ഞാന്‍ വീണ്ടും എത്തി. തോളത്തുള്ള ബാഗിനേക്കളും ഭാരം മനസ്സിലാണു. ഒരുപാടു ഓര്‍മ്മകളുടെ ആ ഭാരം, പക്ഷെ മധുരമുള്ളതാണിത്‌. ചുമക്കാന്‍ ഒരു മടിയുമില്ലാത്തതും. ബസ്സ്‌ സ്റ്റോപ്പില്‍ നിന്നു വീട്ടിലേക്കുള്ള ആ വഴി ഇപ്പോള്‍ ടാര്‍ ചെയ്തിരിക്കുന്നു. പണ്ട്‌ ഈ വഴി എന്റെ മുന്നില്‍ ഒരു തലവേദനയായിരുന്നു. ബസ്സ്‌ സ്റ്റോപ്പില്‍ നിന്നും ഒരു വീട്ടിലേക്ക്‌ ഇത്രയും ദൂരമോ? നടക്കാന്‍ വയ്യ, ഒരു ചക്ര ഷൂ കിട്ടിയിരുന്നെങ്കില്‍ എന്നു ആശിച്ചിരുന്നു! ഏതായാലും കുട്ടിക്കാലത്ത്‌ തോന്നിയ ആ ദൂരം ഇപ്പോള്‍ തൊന്നുന്നില്ല. വളര്‍ന്നപ്പോള്‍ മറ്റുള്ളവ ചെറുതായി? ഈ വഴി അവസാനിക്കുന്നത്‌ അമ്പലത്തിന്റെ പിന്‍ വാതിലിലേക്കാണു. പടര്‍ന്നു നിന്നിരുന്ന ആലിനെ ഇപ്പോള്‍ ഒരു തറയിലേക്ക്‌ ഇരുത്തിയിട്ടുണ്ട്‌. പണ്ട്‌ അമ്പലത്തിനു ഈ ചുറ്റുമതില്‍ ഉണ്ടായിരുന്നില്ല. ബാഗും തൂക്കി നേരെ അകത്തേക്കു ഇറങ്ങി ചെല്ലാം. എന്റെ ഓര്‍മ്മകളെല്ലാം തങ്ങി നില്‍ക്കുന്നത്‌ ഈ അമ്പലത്തിന്റെ നാലുചുറ്റും ആണു. ഈശ്വരനെ ഒന്നു തൊഴുത്‌ വീട്ടിലേക്ക്‌ പോകാം എന്നു കരുതി ഞാന്‍ വലത്തോട്ടുള്ള വഴി എടുത്തു.


ഈ ചുറ്റുപാടില്‍ വേറെ കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ല. മുന്‍പ്‌ (കുട്ടികാലത്ത്‌) കൃഷ്ണനായിരുന്നു ഇവിടെ പ്രതിഷ്ഠ. പിന്നെ നൊക്കിയപ്പോളോ?, സാക്ഷാല്‍ വിഷ്ണു! ഭഗവാന്‍ തന്നെ പറഞ്ഞിട്ടില്ലേ - എല്ല്ലാം അങ്ങേരുടെ ഓരോ അവതാരങ്ങള്‍..എല്ലാ വഴികളും ഒരു ലക്ഷ്യത്തിലേക്ക്‌! ഒരു കറക്കം കറങ്ങി ഞാന്‍ അമ്പലത്തിന്റെ മുന്നില്‍ എത്തി. പടികള്‍ക്കു കീഴെ നിന്നു പ്രാര്‍ത്ഥിച്ചു. വെയിലില്‍ തിളങ്ങി നില്‍ക്കുന്ന ചെമ്പ്‌ പൂശിയ കൊടിമരം. അങ്ങേ തലക്കല്‍ കൊടി പാറുന്നു. അങ്ങനെ ഈ വര്‍ഷത്തെ ഉത്സവത്തിനു കൊടിയേറി. പണ്ട്‌ കവുങ്ങാണു കൊടിമരമാവാറു. അമ്പലത്തിന്റെ നെരെ മുന്നില്‍ ഒരു ഇലഞ്ഞി, ഒരു മുത്തശ്ശന്‍. പക്ഷെ ഇലഞ്ഞിത്തറ ഇവിടെ ഇല്ല. പിന്നെ മുന്നിലുള്ളത്‌ ഓര്‍മ്മകളുടെ പടവുകള്‍. അതിറങ്ങി ചെല്ലുന്നത്‌ ഒരു ഇടവഴിയിലേക്ക്‌. നട്ടുച്ചക്കുപോലും ഒരു ഇരുട്ട്‌ സൂക്ഷിക്കപ്പെടുന്ന ഇടവഴി. ആ വഴിയുടെ ഇടതു വശത്താണു എന്റെ അമ്മയുടെ ആ വീട്‌. പക്ഷെ നേരെ ആ വീട്ട്ടിലേക്ക്‌ പോകാന്‍ തൊന്നിയില്ല. നേരെ നടന്നു ആ ഇടവഴിയിലൂടെ...വീണ്ടും ചെന്നെത്തുന്നത്‌ ഒരു കൂട്ടം പടവുകളിലേക്ക്‌. അതിനു കീഴെ ശാന്തമായി കല്ലടയാര്‍!. ബസ്സിറങ്ങി നടക്കുന്നത്‌ അവസാനിക്കുന്നത്‌ ഇവിടെ. മുന്നോട്ട്‌ നടക്കാനാവതെ ഭൂമിയുടെ ഒരറ്റത്ത്‌!!




ഈ പരിസരത്ത്‌ കണ്ടതില്‍ വച്ച്‌ ഏറ്റവും മനോഹരമായ കടവാണിത്‌. പച്ച പുതപ്പ്‌ വിരിച്ചതുപോലെ തോന്നും. ധാരാളം പാറക്കൂട്ടങ്ങള്‍ ഉള്ള ഒരു കടവ്‌. ഒരു ആകാശ വീക്ഷണം നടത്തിയാലോ? ഒരു പച്ചപ്പു നിറഞ്ഞ പുഴയോരത്ത്‌ വെള്ളം കുടിക്കാന്‍ ഇറങ്ങിയ ആനകൂട്ടങ്ങള്‍ പോലെ തോന്നും. ഈ പാറകൂട്ടങ്ങളില്‍ ഒന്നിന്റെ പേരും 'ആനപ്പ്പാറ' എന്നാണു! ഒരാനയുടെ ശരീരവും അതിന്റെ മസ്തകവും പോലെ തോന്നും ഈ പാറയെ കണ്ടാല്‍. പണ്ട്‌ ഇതിന്റെ പുറത്ത്‌ കേറാന്‍ ഞങ്ങള്‍ മത്സരിക്കുമായിരുന്നു. ഈ പാറയോട്‌ ചേര്‍ന്ന് ഒരു തകര്‍ന്ന ശില്‍പ്പവും കാണാം. തല വേര്‍പ്പെട്ട ഒരു ദേവന്‍!. ശില്‍പ്പിയുടെ കൈയബദ്ധമാവാം. അതോ ഈ മനോഹര തീരമാണോ അമ്പലത്തേക്കാളും ഇരിക്കാന്‍ നല്ലത്‌ എന്നു പുള്ളിക്ക്‌ തോന്നിയതാണോ?




ആ കല്‍പ്പടവുകളില്‍ നില്‍ക്കുമ്പൊള്‍ ചുറ്റുപാടും ഒരു നൂറു മുഖങ്ങള്‍ തെളിഞ്ഞു വന്നു. ഈ ഇടവഴിയും പടവുകളും ഈ നാടിന്റെ തന്നെ ഒരു പ്രതിഫലനമാണു. ഒരു പക്ഷെ ഈ ഇടവഴിയായിരിക്കാം ഒരായിരം പരിഭവങ്ങളും കുശുമ്പു പറച്ചിലും പൊട്ടിച്ചിരികളും ഓര്‍ത്തു വെച്ചിരിക്കുന്നത്‌. വീട്ടിന്റെ മുന്നില്‍ ഇരിക്കുമ്പൊള്‍ കാണാം, ഒരു വലിയ തുണിക്കെട്ടുമായി കടവിലേക്കു പോകുന്ന പെണ്ണുങ്ങളെ. പിന്നെ കുറച്ചു കഴിഞ്ഞു 'ശടേ' എന്നു പറഞ്ഞു ഈറനുടുത്ത്‌ തിരിച്ച്‌ പാഞ്ഞു പോകുന്നതും കാണാം. വീട്ടിലെ പെണ്ണുങ്ങള്‍ പുറത്ത്‌ നില്‍പ്പുണ്ടെങ്കില്‍ ആ പോക്കില്‍ തന്നെ അവര്‍ ഒരു കുശലാന്വേഷണം നടത്തുകയും ചെയ്യും. അപ്പോള്‍ വായ്‌ നോട്ടമായിരുന്നു പണ്ട്‌ പണി എന്നു ഒരു തോന്നല്‍ വന്നേക്കാം?. പക്ഷെ ആ കാലത്ത്‌ അതിനുള്ള അവഗാഹം ഒന്നും ഇല്ലാത്തതിനാല്‍ ആ ഗണത്തില്‍ കൂട്ടേണ്ട. പക്ഷെ പടവുകളില്‍ അന്ന് കണ്ട ചില മുഖങ്ങള്‍ മനസ്സില്‍ ഇപ്പോളും പതിഞ്ഞു കിടപ്പുണ്ട്‌! (ഭാര്യ അറിയണ്ട!) ആ മുഖങ്ങള്‍ ഇപ്പോള്‍ ഒരുപാട്‌ മാറിയിരിക്കാം, പക്ഷെ മനസ്സിലുള്ളത്‌ അങ്ങനെയിരിക്കട്ടെ.




ഇതിലെല്ലാം ഉപരിയായി ഈ വീട്ടിലെത്തുമ്പോഴുള്ള ഒരു സൗഭാഗ്യം ഈ അമ്പലത്തിന്റെ സാമീപ്യമാണു. രാവിലെയും വൈകുന്നേരവും ഉള്ള ഹരിനാമ കീര്‍ത്തനം, ദീപരാധന, വിശേഷദിവസങ്ങളിലെ വായന അങ്ങനെ... പണ്ട്‌ അവധിക്കാലങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച്‌ ഇവിടെ വരുമ്പൊള്‍ ബഹുരസമാണു. വളരെ വലിയ ഒരു പുരുഷാരം ഒന്നും ഇല്ലെങ്കിലും (ഇന്നുമില്ല!) ഉള്ളത്‌ കൊണ്ടു ഓണം എന്നപോലെയായിരിക്കും ഈ ആഘോഷങ്ങള്‍. പത്തു ദിവസത്തെ ഈ ഉത്സവത്തിനു ബാലേ, നാടകം, ഗാനമേള, കഥാപ്രസംഗം അങ്ങനെ പലതും ഉണ്ടാവും. ആദ്യമായി ഒരു ഉത്സവപ്പറമ്പിന്റെ അനുഭൂതിയും, മേല്‍പ്പറഞ്ഞ കലാരൂപങ്ങളെ അടുത്തറിയുന്നതും ഇവിടെ വെച്ചാണു.

ഈ ആറില്‍ ഓരോ തവണ മുങ്ങിപൊങ്ങുമ്പൊള്‍ ഉണരുന്നത്‌ മനസ്സും ശരീരവും മാത്രമല്ല, ഒരു നൂറു ഓര്‍മ്മകളും കൂടിയാണു. ക്ലാവു പിടിക്കാത്ത നല്ല ഒരു പാട്‌ ഓര്‍മ്മകള്‍. കടവില്‍ നിന്നു വീട്ടിലേക്ക്‌ തിരിച്ച്‌ നടന്നു കേറുമ്പൊള്‍ മനസ്സില്‍ ഓര്‍ത്തു, തിരിച്ചു ബംഗലൂരുവിലേക്കു വണ്ടി കയറുന്നതിനു മുന്‍പ്‌ ഈ ആറില്‍ ധാരാളം മുങ്ങലുകള്‍ നടത്തണം. അങ്ങനെ മനസ്സു നിറക്കണം. ഇനി അടുത്ത ഒരു വരവു വരെ സൂക്ഷിക്കാന്‍. ഇനി ഈ നാട്‌ ഏതണെന്നല്ല്ലേ, കൊട്ടാരക്കരയില്‍ നിന്നു പത്ത്‌ കിലോമീറ്റര്‍ മാറി ശാസ്താം കോട്ടക്കുള്ള വഴിയില്‍, പുത്തുര്‍-പാങ്ങോട്‌ താഴം എന്നാണു ഈ നാടിന്റെ പേരു.

എന്നെ ആശ്ചര്യപ്പെടുത്തിയത്‌: പണ്ട്‌ വള്ളി നിക്കറുമിട്ട്‌ എന്നോടൊപ്പം ഓടി ചാടി കളിച്ചവര്‍, ഇന്നിതാ അമ്പലത്തിലെ സ്റ്റേജില്‍ ഇരുന്ന് ഭാഗവതം വായിക്കുന്നു. നല്ല ഗാംഭീര്യമുള്ള ശബ്ദ്ധം അങ്ങനെ ആ നാട്ടില്‍ കാതുകള്‍ക്കു പുണ്യമായി ഒഴുകുന്നു. അമ്പടാ, എനിക്കണെങ്കില്‍ നെരെ ചൊവ്വേ ഒരു വരി കവിത പോലും തെറ്റില്ലാതെ വായിക്കാന്‍ കഴിയില്ല. ഭയ ഭക്തിയോടെ ഞാന്‍ സ്റ്റേജിന്റെ ഒരു മൂലക്ക്‌ അവരെയും നൊക്കി അങ്ങനെയിരുന്നു.

വാല്‍കഷണം: ഏതൊരു അമ്പലത്തിന്റേയും അവിഭാജ്യ ഘടകം ഇവിടേയും ഞാന്‍ കണ്ടു...


അഭിപ്രായങ്ങള്‍

ശ്രീ പറഞ്ഞു…
സുഖമുള്ള വിവരണം. നൊസ്റ്റാള്‍ജിക്‍.

പെട്ടെന്ന് തീര്‍ന്നോ എന്ന സംശയം മാത്രം
jayanEvoor പറഞ്ഞു…
ചങ്കരാ....
ഞാൻ വീണു!
വിഷ്ണു ക്ഷേത്രം എന്നല്ലാതെ ഇതേതാ അമ്പലം എന്നു പറഞ്ഞില്ല.
(രാമപുരത്തെവിടാ വീട്?)
എന്റെ നാട്ടിലെ അമ്പലം (പണ്ടത്തെ) തന്നെയാണോന്നു തോന്നിപ്പോയി. ആല്‍മരം, കവുങ്ങിന്റെ കൊടിമരം, ഇലഞ്ഞി...

ഇപ്പോള്‍ ഒരുപാട് മാറിയിരിക്കുന്നു. കൊടിമരം വന്നു, ചുറ്റുമതില്‍ വന്നു, ഇലഞ്ഞി പോയി.

എന്തിനാ ആ ആല്‍മരത്തിനു വെള്ളച്ചായം അടിച്ചിരിക്കുന്നതു്?
ഏതായാലും കുട്ടിക്കാലത്ത്‌ തോന്നിയ ആ ദൂരം ഇപ്പോള്‍ തൊന്നുന്നില്ല.

അവസാനത്തെ ഉല്‍സവകമ്മിറ്റി ഓഫീസ്സിന്റെ അടക്കം മനോഹരമായ ചിത്രങ്ങളോടുകൂടിയ നല്ല വിവരണം ശരിക്കും കുട്ടിക്കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഉല്ലാസ് പറഞ്ഞു…
നന്ദി എല്ലാവര്‍ക്കും,

ജയന്‍, രാമപുരം ബസ്സ്‌ സ്റ്റാന്റിനടുത്തുതന്നെ. അമ്പലം - തിരു ആദിശ്ശമംഗലം വിഷ്ണു ക്ഷേത്രം.

എഴുത്തുകാരി, ഒരു വെള്ളപൂശലാണോ അത്‌?
ഉപാസന || Upasana പറഞ്ഞു…
പടങ്ങള്‍ കൊളുത്തിപ്പിടിച്ചു മനസ്സില്‍
നൈസ് പോസ്റ്റ്സ്
:-)
Unknown പറഞ്ഞു…
തിരുവാദിശ്ശമംഗലം ക്ഷേത്രം☺

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!

ബംഗളൂരു നാട്‌ : ചപ്പാത്തി ഇങ്ങനേയും പരത്താം!!!