ഒരു 'ഇൻസ്റ്റ' കഥ

5K ഫോളോവേഴ്സ്

====================

"ചേട്ടായിയെ, ഒരു ഹെല്പ് വേണം!..."

അടുക്കളയിൽ നിന്നുള്ള ആ നിലവിളിയിൽ ജോൺ ഞെട്ടി എഴുന്നേറ്റു. മൂക്കിന് മുകളിലേക്ക് വലിച്ചിട്ടിരുന്ന കമ്പിളി മാറ്റി അവൻ സമയം ഒന്ന് നോക്കി, 6 മണി കഴിഞ്ഞതേ ഉള്ളു... 

ഇവൾക്കെന്താണിപ്പോൾ വേണ്ടേ? ഒരു ശനിയാഴചയായിട്ടു ഈ രാവിലെ തന്നെ നിലവിളി ആണല്ലോ?

"ചേട്ടായിയെ...ഒന്ന് വരുവോ?"

വീണ്ടും നിമ്മിയുടെ ആ വിളി!

ജോൺ തൻ്റെ പാതി അടഞ്ഞ ആ കണ്ണുകളുമായി അടുക്കളയിലേക്കു നടന്നു. അവനെ മൂടിയിരുന്ന ആ കമ്പിളിപുതപ്പു ബെഡ്റൂമിൻ്റെ വാതിൽ വരെ അവനെ പിന്തുടർന്നു, പിന്നെ നിലം പതിച്ചു.

"ചേട്ടായിയെ, ദേ നോക്കിയേ, ഒരു ഹെല്പ്, എനിക്ക് കടുകും കറിവേപ്പിലയും ഒന്നിച്ചു എണ്ണയിൽ വീഴുന്ന ക്ലോസപ്പ് വേണം! ഒരു കൈ കൊണ്ട് പറ്റില്ല, ഒരു ഹെല്പ് പ്ളീസ്..."

നിമ്മി അവളുടെ ഫോൺ ഒരു കൈയിൽ പിടിച്ചു മറ്റേ കൈയിൽ ഒരു ചീനിച്ചട്ടിയുമായി നിൽപ്പാണ്. പുതിയ ഇൻസ്റ്റ റീല് ആണെന്ന് തോന്നുന്നു !

തൻ്റെ പകുതി തുറന്ന കണ്ണിലൂടെ ജോണിന്  കാര്യങ്ങൾ മനസിലായി തുടങ്ങുതെ ഉണ്ടായിരുന്നുള്ളു. 

"ഈ രാവിലെ തന്നെ ഏതൊക്കെ വേണോ പെണ്ണെ"

"ചേട്ടായിക്കറിഞ്ഞൂടെ, രാവിലെ അല്ലെ എൻ്റെ എല്ലാ ഷൂട്ടും, ഒരു ഡിസ്റ്റർബൻസും ഇല്ല" നിമ്മി പറഞ്ഞു.

അത് ശരിയാ, സാറ്റർഡേ അയൽക്കാരൊക്കെ ഒന്നെണീറ്റു വരാൻ തന്നെ പത്തു മണിയാവും! പക്ഷെ ആ സമയം വരെ ഉറങ്ങാൻ എനിക്ക് യോഗം ഇല്ലല്ലോ! ജോൺ ആലോചിച്ചു.

"ദേ, ഈ ആംഗിളിൽ ഈ ഫോൺ ഒന്ന് പിടിച്ചേ, ഇടത്തെ കൈകൊണ്ടു കടുക്, വലതു കൊണ്ട് കറിവേപ്പില, ക്യാമറ ഒക്കെ സെറ്റ, ചേട്ടായി ഒന്ന് പിടിച്ചു നിന്നാൽ മാത്രം മതി!" നിമ്മിയുടെ 'ക്യാമറ ആക്ഷൻ കട്ട്' കേട്ട് ജോൺ നിർവികാരനായി നിന്നു.

ഇതിപ്പോൾ കുറച്ചു കാലമായി നിമ്മിയുടെ  ഈ 'കലാപരിപാടി' തുടങ്ങിയിട്ട്! ഫുഡ് ഇൻസ്റ്റ റീൽസ്!! അയ്യായിരം ഫോളോവേഴ്സ് ഉണ്ടുപോലും!. 

"എടീ, ഈ ഫോളോവേഴ്സ് ഒക്കെ നിൻ്റെ ബന്ധുക്കളും പിന്നെ നിൻ്റെ ഡിപി കണ്ടു വരുന്ന വല്ല വായ നോക്കികളും അല്ലെ? " ഒരു കട്ടൻ ഇറക്കികൊണ്ടു ബാൽക്കണിയിൽ ഇരിക്കവേ ജോൺ ചോദിച്ചു.

"അതിനു, അവർ എൻ്റെ റീൽസ് ഇഷ്ടപെട്ടല്ലേ ഫോളോ ചെയ്യുന്നത്? കുശുമ്പ് ഒന്ന് കുറക്കുക" നിമ്മി പറഞ്ഞു.

"നീ നിൻ്റെ ടീമിലെ ജൂനിയർസിനെ ഭീഷണിപ്പെടുത്തി ഫോളോ ചെയ്യിപ്പിച്ചു എന്ന് കേട്ടു!"

"പിന്നെ... അതിൻ്റെ ആവശ്യം എനിക്കില്ല" നിമ്മി  ഒരു തമാശ ആസ്വദിക്കാനുള്ള മൂഡില്ലാതെ അടുക്കളയിലേക്ക് നടക്കവേ പറഞ്ഞു. 

"ഒരു 500k ഫോളോവേഴ്സ് ആവുമ്പോളും ചേട്ടായി ഇത് പറയണം"

"500K എന്ന് പറയുമ്പോൾ??..." പതിവുപോലെ ജോൺ മാത്തമാറ്റിക്സ് തുടങ്ങി. 

അല്ലെങ്കിലും ആരാണ് ഈ K വച്ച് കണക്കു ഉണ്ടാക്കിയത്? നേരിട്ട് ഒരു സംഖ്യ പറഞ്ഞാൽ പോരെ? അവൻ മനസ്സിൽ ചോദിച്ചു.


25K ഫോളോവേഴ്സ്

================

"ആ... ചേട്ടായീ "

അടുക്കളയിൽ നിന്നുള്ള ആ നിലവിളിയിൽ ജോൺ ഞെട്ടി എഴുന്നേറ്റു. മൂക്കിന് മുകളിലേക്ക് വലിച്ചിട്ടിരുന്ന കമ്പിളി മാറ്റി അവൻ സമയം ഒന്ന് നോക്കി, 6 മണി ആവുന്നതേ ഉള്ളു... 

"എന്തുപറ്റി" ജോൺ തൻ്റെ പാതി വിടർന്ന വായിലൂടെ ആവുന്ന ശബ്ദത്തിൽ ചോദിച്ചു

തിരിച്ചു ഒരു മറുപടിയും ആ ബെഡ്റൂമിലേക്ക് വന്നില്ല! 

ജോൺ തൻ്റെ പാതി അടഞ്ഞ ആ കണ്ണുകളുമായി അടുക്കളയിലേക്കു നടന്നു. അവനെ മൂടിയിരുന്ന ആ കമ്പിളിപുതപ്പു ബെഡ്റൂമിൻ്റെ വാതിൽ വരെ അവനെ പിന്തുടർന്നു, പിന്നെ നിലം പതിച്ചു.

നിമ്മി തൻ്റെ കൈ സിങ്കിലേ ടാപ്പിൽ പിടിച്ചങ്ങനെ നിൽപ്പാണ്! 

"പൊള്ളി അല്ലേ!" ജോൺ ചോദിച്ചു

"ആണെങ്കിൽ..." നിമ്മി  തന്റെ അമർഷം മറച്ചു വെച്ചില്ല.

"ആ ഫ്ളൈയിം ഒന്ന് കുറക്കൂ..." 

ഒരു എത്തും പിടിയും കിട്ടാതെ അടുക്കളയിൽ നിന്നു തിരിയുന്ന ജോണിനോട്  അവൾ പറഞ്ഞു.

"എണ്ണ തെറിച്ചു വീണു" ടാപ്പിലെ വെള്ളത്തിൽ നോക്കി നിമ്മി അമർഷത്തോടെ പറഞ്ഞു.

"ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചു ചെയ്തൂടെ?, ഇതിപ്പോ എന്താ ഉണ്ടാക്കുന്നേ? എനിക്ക് വല്ലതും രാവിലെ കഴിക്കാൻ ഉണ്ടാകുമോ?" ജോണിൻ്റെ ചോദ്യത്തിൽ ഒരു കളിയാക്കൽ കലർന്നിരുന്നു.

"നീ ഭാഗ്യവാൻ ആണല്ലോ?" കൂട്ടുകാർ ജോണിനോട്  ചോദിക്കുമായിരുന്നു, "ആ ഫുഡ് ഒക്കെ റീൽസ് കഴിഞ്ഞു നിൻ്റെ വയറിലേക്കല്ലേ?" 

"അതെ, ഈ റീൽസിലുള്ള ആ ഭംഗി കഴിക്കുമ്പോൾ ഇല്ല" ഉണ്ടെങ്കിലും  ഇല്ലെന്നേ അവൻ പറഞ്ഞിരുന്നുള്ളു.

"25K അയീട്ടോ" നിമ്മി ഒരു കട്ടൻ ഇറക്കവേ പറഞ്ഞു.

"നീ ഈ പൊള്ളിയ കൈ ഒരു റീൽസ് ആക്കിക്കോ! കണ്ണീരു വീണ ഒരു റീൽസ്! , ഒറ്റയടിക്ക് 5K ഫോളോവേഴ്സ് കിട്ടും". ജോൺ  അങ്ങനെ ഒന്നും അംഗീകരിക്കാൻ ഭാവമില്ലായിരുന്നു!


50K ഫോളോവേഴ്സ്

================

ഇളം ചൂടുള്ള മോരുകറിയിലേക്ക് ഒരു ഐഫോൺ വീണാൽ എങ്ങനെയിരിക്കും?

നിമ്മിയുടെ ആ റീൽസിനും കിട്ടി ഒരു അയ്യായിരം ലൈക്സ്!! അതിൽ ആദ്യ ലൈക് ആവട്ടെ ഐഫോൺ ഉടമ ജോണിൻ്റെയും!

"ചേട്ടായി..." പതിവ് വിളിയിൽ ജോൺ  എണീറ്റു, രാവിലെ അല്ലന്നേ ഉള്ളു! ഒരു സൺ‌ഡേ ആഫ്റ്റർനൂൺ, മഴ പെയ്തിറങ്ങുന്ന ആഫ്റ്റർനൂൺ, നല്ല ഒരു ലഞ്ചും കഴിഞ്ഞു, ഒരു കമ്പിളിയും പുതച്ചു, ഉറക്കത്തിലേക്ക് ഊർന്നിറങ്ങാവുന്ന ആഫ്റ്റർനൂൺ...

"ചേട്ടായി...ഒരു ഹെല്പ്" നിമ്മി അങ്ങനെ ഒരു തവിയും പിടിച്ചു നിൽപ്പാണ് മുന്നിൽ.

"അതെ, രണ്ടു ഫോൺ വേണം, ഒരു ഷൂട്ട് ഉണ്ട്!" 

ആ തവിയിൽ പിടിച്ച് അവളെ ബെഡിലേക്കു വലിച്ചിട്ടാലോ എന്ന് ജോൺ ആലോചിച്ചു.

"നല്ല സുഖമല്ലേ ഇപ്പോൾ ഇങ്ങനെ മൂടി പുതച്ചു കിടക്കാൻ? നീ വാ"

പിടി തരാതെ അവൾ അവൻ്റെ കമ്പിളി വലിച്ചു മാറ്റി.

"എല്ലാം റെഡി ആണ്, ഒന്ന് ഹെല്പ് ചെയ്യൂ!" അവൾ പറഞ്ഞു.

ഇനി രക്ഷയില്ല, സഹായിക്കാതെ വിടില്ല!

"ദേ, ഞാൻ ഈ കറി ഒഴിക്കുമ്പോൾ ചേട്ടായി മോളിൽ നിന്നും ഞാൻ സൈഡിൽ നിന്നും..., ഓക്കേ? ഈ ആംഗിളിൽ  വീഡിയോ മതി"

ഈ കല്യാണത്തിനൊക്കെ ഷൈൻ ചെയ്തു ഫോട്ടോ പിടിച്ചുനടക്കുന്ന ഫോട്ടോഗ്രാഫേഴ്സിന് സൈഡിൽ ഈ വെളിച്ചം എന്തിനോ വേണ്ടി അടിച്ചു നിൽക്കുന്ന സഹായിയെ പോലെ ജോൺ തൻ്റെ ഫോൺ പൊക്കിപ്പിടിച്ചു അങ്ങനെ നിന്നു! 

"ഒരു മോര് കറി ഷൂട്ട്!!" ജോൺ മനസ്സിൽ ഓർത്തു.

പക്ഷെ പെട്ടന്നാണ് അത് സംഭവിച്ചത്, ഈ മോര് കറി സ്ലോ മോഷനിൽ വീഴുന്ന പാത്രത്തിന്റെ സമീപത്തു രണ്ടു മത്തി ഫ്രൈ ഒരു വാഴ ഇല നീക്കി പുറത്തു വന്നു!! ആ മണത്തിൽ അവൻ്റെ മൂക്കുകൾ വിടർന്നു, വായിലെ ഉമിനീർ തൊണ്ടയിലേക്ക് ഒഴുകി!! ഒപ്പം കൈയിലെ ഐഫോൺ മോര് കറിയിലേക്കും!

"ചേട്ടായി, അറിയാതെ ആണെങ്കിലും ഐഫോൺ വീഴ്ച ശരിക്കും എൻ്റെ ക്യാമറയിൽ പതിഞ്ഞു, 'ബിഹൈൻഡ് സ്ക്രീൻ' അടിപൊളി. എത്ര കമന്റ്സ് ആണ് നോക്കിയേ, പലർക്കും ഇങ്ങനെ പറ്റിയിട്ടുണ്ട്!" നിമ്മി ആകെ ത്രില്ലിൽ ആണ്.

"അത് എൻ്റെ ഒരു ക്രീയേറ്റീവ് തിങ്കിങ് ആയിരുന്നു" തൻ്റെ ഐഫോണിലെ സ്ക്രീൻ ഗാർഡിൽ എത്ര തുടച്ചാലും പോകാതെ പറ്റികൂടിയ മോരിൻ്റെ ആ പാടുകൾ നോക്കി ജോൺ  അവകാശപ്പെട്ടു. അല്ലാതെ മത്തി കണ്ടു കണ്ട്രോൾ പോയി എന്ന് പറയാൻ പറ്റില്ലലോ!! എന്നിരുന്നാലും അവളുടെ 50K യിലേക്കുള്ള ആ പ്രയാണത്തിൽ തൻ്റെ ഈ വീഴ്ച ഒരു കാരണമായതിൽ അവൻ മനസ്സിൽ സന്തോഷിച്ചു!


100K ഫോളോവേഴ്സ്

==================

കുപ്പി വളകളുടെ ആ കിലുക്കത്തിൽ ജോണിൻ്റെ ഉറക്കം നഷ്ട്ടപെട്ടു!

സമയം അപ്പോൾ രാവിലെ 6 മണി ആവുന്നതേ ഉള്ളു!

ഇതെവിടുന്നു വരുന്നു?! ജോൺ പതുക്കെ ആ കിലുക്കത്തിലെ ഉറവിടത്തേക്കു നടന്നു...

പണ്ട്, സ്കൂളിൽ ജനാല കമ്പിയിൽ പിടിച്ചു കളിക്കുമ്പോൾ, നിമ്മിയുടെ  കൈത്തണ്ടയിൽ നിന്നു വന്നിരുന്ന അതെ കിലുക്കം!!

"ചേട്ടായി രാവിലേ എഴുന്നേറ്റോ?" നിമ്മി നിന്നു ചമ്മന്തി അരക്കുകയാണ്, അതും ഒരു അരകല്ലിൽ! കഴിഞ്ഞ തവണ നാട്ടിൽ നിന്നു വന്നപ്പോൾ കാറിൻ്റെ ഡിക്കിയിൽ അവസാന ടിക്കറ്റ് കിട്ടി കേറി വന്ന അരകല്ല്! അവളുടെ കുപ്പി വളകൾ ആ അരക്കലിന് ഒരു പശ്ചാത്തലസംഗീതം ഒരുക്കുകയാണ്!

"ദോശയും ചമ്മന്തിയും! ഇന്നത്തെ റീൽസ്" നിമ്മിയുടെ മുഖത്ത് ഒരു പുതിയ റീലിൻ്റെ  ഉന്മേഷം തെളിഞ്ഞു നിന്നു.

"ഇത് നോർമൽ ബ്രേക്‌ഫാസ്റ് അല്ലേ?" ജോൺ ചോദിച്ചു.

"അല്ല നാല് ടൈപ്പ് ചമ്മന്തികൾ ഉണ്ട്, കണ്ടു നോക്ക്!" നിമ്മി തൻ്റെ  നെക്സ്റ്റ് റീൽസിന്റെ വിജയം ഉറപ്പിച്ചികൊണ്ടു പറഞ്ഞു.

"അപ്പോൾ ഒരു 'അടയാർ ആനന്ദ ശരവണ ഭവൻ' ബ്രേക്‌ഫാസ്റ് പോലെ അല്ലേ?" ജോണിൻെ ഫേവറേറ്റ്!

"അല്ല ഒരു ചമ്മന്തിയെ ശരിക്കും ഉണ്ടാകൂ...മറ്റേതൊക്കെ ചുമ്മാ കാണിക്കാനാ...ഒന്ന് തൊടാൻ!" നിമ്മി ശരിക്കും റീൽസിൽ എക്സ്പെർട് ആയി!

"അപ്പൊ, റീൽസ് നോക്കി വെള്ളമിറക്കാം" ജോൺ മനസ്സിൽ ഓർത്തു!

"പിന്നേ ചേട്ടായി, ഇന്ന് വൈകുന്നേരം 100K സെലിബ്രേഷൻ വീഡിയോ ഉണ്ട്...കേക്ക് ഒക്കെ ഓർഡർ ചെയ്തേ" നിമ്മി പറഞ്ഞു.

"അപ്പോൾ എന്നെ ഇന്ന് ഇൻട്രൊഡ്യൂസ് ചെയ്യില്ലേ?" ജോൺ താൻ ഒരു മോട്ടിവേഷൻ റോൾ മോഡൽ ആകുന്നതു മനസ്സിൽ ഓർത്തു.

"എന്തിനു, സൈഡിൽ ഇരുന്നാൽ മതി" നിമ്മി പറഞ്ഞു. "അത് മതി, ഇല്ലെങ്കിൽ കേക്കുപോലും ചിലപ്പോൾ കിട്ടിയേക്കില്ല!" ജോൺ മനസ്സിൽ ഓർത്തു!

ആ വൈകുന്നേരം കേക്കിൻ്റെ  ഒരു തുണ്ടു അവളുടെ വായിലേക്ക് വെച്ചുകൊടുത്തു ജോൺ പറഞ്ഞു, "ഹാപ്പി 100k !". LED ലൈറ്റിൻ്റെ  ആ വെളിച്ചത്തിൽ അവളുടെ മുഖത്തു ആകെ ഒരു മഞ്ഞ പരന്നിരുന്നു!!

"ഓർമ്മയുണ്ടോ?, പണ്ട് താൻ ഒരു യാഷികാ ക്യാമറയൊക്കെ കൊണ്ടുവന്നു എൻ്റെ ഒരു അടുക്കള ഫോട്ടോ എടുത്തേ?" നിമ്മി ചോദിച്ചു.

"ഓ അത്!, നീ മമ്മി ഉണ്ടാക്കിയ ചിക്കൻ കറിയിൽ തവിയിട്ടു കുത്തുന്ന ആ ഫോട്ടോ!" ജോൺ ഓർത്തുകൊണ്ട് പറഞ്ഞു.

"അയ്യടാ, അത് ഞാൻ തന്നെ ഉണ്ടാക്കിയതാ..., മമ്മി ചെറുതായി ഹെല്പ് ചെയ്തതെ ഉള്ളു..." നിമ്മി സമ്മതിച്ചില്ല. 

പ്രണയം അതിൻ്റെ പാരമ്യത്തിൽ നിന്നപ്പോൾ, അവളുടെ ഒരു ഫോട്ടോ പതിപ്പിക്കാൻ ജോൺ അമ്മാവൻ്റെ ഒരു ഗൾഫ് ക്യാമറയുമായി നിമ്മിയുടെ വീടിൻ്റെ അടുക്കള വഴി അവളുടെ അടുത്തെത്തിയ കഥ!. ഒരു 'വിവിഡ് വാം' ഫിൽറ്റർ ഇട്ട പഴയ ഒരു 'നെഗറ്റീവ് ഇമേജുള്ള' ഫോട്ടോ!

"ഒരു സർപ്രൈസ് ഉണ്ട്". അവൾ ആ ഫോട്ടോ പതുക്കെ ഡൈനിങ്ങ് ടേബിൾ ക്ലോത്തിനു അടിയിൽ നിന്നു കമത്തിയ ഒരു ചീട്ടു എടുക്കുന്നത് പോലെ എടുത്തു!

"ഈ ഫോട്ടോ ഒരു ഇൻസ്റ്റയും ഇല്ലാത്തപ്പോൾ ഉള്ളതല്ലേ! അപ്പോൾ ആരാ ആദ്യം എൻ്റെ റീൽസ് ഉണ്ടാക്കിയെ?" നിമ്മി കൗതുകത്തോടെ ചോദിച്ചു.

"ആദ്യം നിന്നെ ലൈക്കിയതാരാ അപ്പോൾ?" ജോണിൻെ വക തിരിച്ചൊരു ചോദ്യം.

"അതുനുള്ള ഉത്തരമാണിത്, ഒരേ ഒരു ഉത്തരം" നിമ്മി ജോണിനെ ചേർത്ത് പിടിച്ചു, തൻ്റെ പുതിയ 100k സ്പെഷ്യൽ റീൽ ഡ്രാഫ്റ്റിൽ നിന്നു പബ്ലിഷ് ചെയ്തു! ഒപ്പം ഒരാൾ ഉള്ളതിൻ്റെ എല്ലാ സ്നേഹവും നന്ദിയും ആ ക്ലിക്കിൽ ഉണ്ടായിരുന്നു!

ആ പഴയ സ്മരണകൾ നിമിഷങ്ങൾക്കുള്ളിൽ ഇൻസ്റ്റ അതിരുകൾ ഭേദിച്ച് ഹാഷ് ടാഗുകൾ പേറി അവളുടെ ലക്ഷം ഫോളോവേഴ്സിലേക്ക് കുതിച്ചു!!


150K ഫോളോവേഴ്സ്

==================

"ചേട്ടായിയെ, ഒരു ഹെല്പ് വേണം!..."

 പതിവ് തെറ്റാതെ ജോൺ വീണ്ടും ഞെട്ടി എഴുന്നേറ്റു!

......


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!

ബംഗളൂരു നാട്‌ : ചപ്പാത്തി ഇങ്ങനേയും പരത്താം!!!