നാടകാന്ത്യം...
നാടകാന്ത്യം...
മേൽച്ചുണ്ടിന്റെ പുറമേക്കൂടി നീണ്ടു നിൽക്കുന്ന മീശ നോക്കി പ്രവീൺ റസ്റ്റ് റൂമിൽ നിന്നു.
"ഈ മീശ കുറച്ചു കൂടിപ്പോയോ?" അവൻ ഒന്ന് ആലോചിച്ചു.
"പക്ഷെ ഒരു പക്കാ പൊലീസിന് ചേരുന്നത് തന്നെ, അപ്പോൾ കുഴപ്പമില്ല!"
ഒരു പോലീസായാണ് അവന്റെ ആ നിൽപ്പ്, എസ് ഐ യൂണിഫോമിൽ ! അപ്പുറത്തു ഓണം പരിപാടികൾ അരങ്ങു തകർക്കുകയാണ്. അടുത്തതാണ് അവന്റെ നേതൃത്വത്തിലുള്ള ഒരു നാടകം. ക്യാരക്ടർ ഒരു പോലീസാണ്, പ്രവീൺ തന്നെ എഴുതി സംവിധാനം ചെയ്ത ഒരു നാടകം. ഒരു മുഴുനീള റോൾ ആണ് അവനുള്ളത്. ആദ്യമായിട്ടല്ല സ്റ്റേജിൽ, പക്ഷെ ഇപ്രാവശ്യം ഒരു ടെൻഷൻ ഉണ്ട്.
"ഡാ പ്രവീൺ, അടുത്തത് നമ്മളാ" റസ്റ്റ് റൂം വാതിൽ പാതി തുറന്ന് അജീഷ് ആണ്. അവനും ഒരു പൊലീസാണ്, പക്ഷെ വെറും കോൺസ്റ്റബിൾ!!
"ആ വരുന്നു. എല്ലാം ഓക്കേ അല്ലേ?" പ്രവീൺ ചോദിച്ചു.
"ഓക്കേ", അതും പറഞ്ഞു അജീഷ് നടന്നു പോയി.
റസ്റ്റ് റൂമിൽ നിന്ന് പുറത്തിറങ്ങി അവൻ സ്റ്റേജിന്റെ അടുത്തേക്ക് ആ കോറിഡോറിലൂടെ നടന്നു.നാടകത്തിലെ എല്ലാ പയ്യൻസും അവിടെ ഒരുങ്ങി നിൽപ്പുണ്ട്. തൊട്ടു മുൻപ് മാർഗം കളി കഴിഞ്ഞിറങ്ങിയ പെൺകുട്ടികൾ സെൽഫികളിൽ വ്യാപൃതരായി നില്പുണ്ട്. ആകെ ഒരു ബഹള മയം! ഇവിടെ പിന്നെ ഗ്രീൻ റൂമൊന്നും കിട്ടില്ല. ഇത് കോർപ്പറേറ്റ് ഓണം ആണ്. ഒരു ഐറ്റി കമ്പനിയിലെ ഓണാഘോഷം! പക്ഷെ ഒരു കംപ്യുട്ടറിനു മനസ്സിലാകുന്ന പരിമിതമായ ഭാഷയിൽ നിന്ന് വിശാലമായ മറ്റൊരു ഭാഷയിൽ പാടാനും എഴുതാനും ഉച്ചത്തിൽ നിലവിളിക്കാനും പറ്റുന്ന ഒരു അവസരമാണിത്!
" നാടകം തകർക്കണം" പിന്നിൽ നിന്നു തോളിൽ തട്ടി ഒരു ശബ്ദം. പ്രവീൺ തിരിഞ്ഞു നോക്കി. മാനേജർ ആണ്, ആളും ഒരു മലയാളി ആണ്. നല്ല സപ്പോർട്ട് ആണ് ഈ കാര്യങ്ങളിൽ.
"എല്ലാ സീനിന്റെയും ഓരോ ഫോട്ടോ വേണം" കഴുത്തിൽ കിടക്കുന്ന ആ ക്യാമറ നോക്കി പ്രവീൺ മാനേജറോട് പറഞ്ഞു .
എല്ലാം ഓക്കേ ആണെന്ന് പുള്ളി തലയാട്ടി.
അവൻ പതുക്കെ സ്റ്റേജിന്റെ അടുത്തേക്ക് നടന്നു ചെന്നു. സെറ്റ് മുണ്ടു ഉടുത്ത ആ ആങ്കർ പെണ്ണ് അടുത്ത പരിപാടി അനൗൺസ് ചെയ്യാൻ പോകുന്നു, നല്ല ശുദ്ധ മലയാളത്തിൽ തന്നെ! പ്രവീണിന്റെ നോട്ടം അവിടെ കൂടിയിരിക്കുന്ന ആ കാണികളായ സഹപ്രവർത്തകരിലേക്കു നീണ്ടു. നല്ല ഒരു ക്രൗഡ് ആണ്. മലയാളികൾ തന്നെയാണ് മിക്കവാറും. പക്ഷെ അവൾ വരാൻ വഴിയില്ല? ഇന്നലെ മെസ്സേജറിൽ കൂടി ചോദിച്ചപ്പോൾ നോക്കട്ടെ എന്ന മറുപടിയാണ് കിട്ടിയത്.
"നാടകം കളിക്കുന്നുണ്ടോ?" അവൾ പ്രോഗ്രാം ലിസ്റ്റ് കണ്ടിട്ടു പിംഗ് ചെയ്തു.
"യെസ് , നാളെ കാണാൻ ഉണ്ടാവില്ലേ?" പ്രവീൺ ചോദിച്ചു.
"ഒരു സെഷൻ ഉണ്ട്, ഞങ്ങളുടെ യൂണിറ്റ് ഹെഡ് വകയാ, ജോയിൻ ചെയ്തതല്ലേ ഉള്ളു? മുങ്ങാൻ പറ്റില്ല. ഞാൻ മാത്രമേ മല്ലു ആയിട്ടുള്ളു, നോക്കട്ടെ" അവളുടെ മറുപടിയിൽ ഒരു ഉറപ്പും ഇല്ലായിരുന്നു.
ഒരർത്ഥത്തിൽ ഈ നാടകം അവൾക്കും കൂടി കാണാനായിരുന്നു. ഒരു വാശിയാണെന്നുതന്നെ കൂട്ടാം, പക്ഷെ അവളോട് അത് നേരിട്ട് പറഞ്ഞിട്ടില്ല.
"ഓർമയുണ്ടോ, അന്ന് കോളേജിൽ വെച്ച് നടന്നത്" പ്രവീൺ മെസ്സഞ്ചറിൽ ടൈപ്പ് ചെയ്തു ചോദിച്ചു.
അവൾ ഒരു സ്മൈലി ചിരി മാത്രം മറുപടി തന്നു. പ്രവീൺ ആ ഹാളിൽ കൂടിയവരെ ഒന്നും കൂടി നോക്കി. അവൾ വന്നിരിക്കാൻ വഴിയില്ല. പക്ഷെ ഈ നാടകം കഴിഞ്ഞാൽ ഒന്ന് മനസ്സിൽ കരുതിയിട്ടുണ്ട്, അത് നടത്തിയിരിക്കും. പ്രവീൺ അത് മനസ്സിൽ ഉറപ്പിച്ചു!
ഒരു നാല് വർഷങ്ങൾക്കു മുൻപാണ്, പ്രവീൺ മായയെ കാണുന്നത്. കോളേജിൽ സീനിയർ-ജൂനിയർ ബന്ധം. റാഗ് ചെയ്യാൻ കൂട്ടുകാരോടൊപ്പം പോയപ്പോൾ ഫ്രണ്ട് ബെഞ്ചിൽ നിന്ന് ആദ്യം എഴുന്നേല്പിച്ചതു അവളെയാണ്. പാടാൻ പറഞ്ഞപ്പോൾ പാടി, മോണോ ആക്ട് ചെയ്യാൻ പറഞ്ഞപ്പോൾ അതും ചെയ്തു.
"കുഴപ്പമില്ലലോ ഈ പെണ്ണ് " അന്ന് പ്രവീൺ മനസ്സിൽ ഓർത്തു.
പിന്നെ നീണ്ട ഒന്ന് ഒന്നര വർഷകാലം, അവന്റെ അവസാന കോളേജ് വർഷത്തിൽ ആകാവുന്നതുപോലെയൊക്കെ അവൻ മായയുമായി അടുത്തു.
കോളേജിലെ ആനുവൽ ഡേ ക്കു മുൻപുള്ള ദിവസങ്ങളിൽ അവൾ ഒരിക്കൽ ചോദിച്ചു.
"ഇയാൾ ആനുവൽ ഡേയ്ക്ക് നാടകം കളിയ്ക്കാൻ പോകുന്നെന്ന് കേട്ടു?"
" അതെ, എന്താ പ്രശ്നമുണ്ടോ? പ്രവീൺ ചോദിച്ചു.
" ഓ, അങ്ങനെ ഒക്കെ കഴിവുണ്ടോ?"
" ഉണ്ട്. പല കഴിവുകളുമുണ്ട്"
" എന്താ, സ്റ്റോറി?"
" അത് ഇപ്പോൾ പറയുന്നില്ല!, നേരിട്ട് കാണാം, പോലീസായാണ് ഞാൻ" പ്രവീൺ ഒന്ന് ആധികാരികമാവാൻ ശ്രമിച്ചു.
" അയ്യോ, എന്തൊക്കെ കാണണം!" അവളുടെ സ്വാഭാവിക മറുപടി.
" നാടകം കഴിഞ്ഞിട്ട് ഞാൻ തന്റെ അടുത്തു വരുന്നുണ്ട്, ആ വേഷത്തിൽ തന്നെ ".
" അയ്യോ, പേടിപ്പിക്കാനാ?"
" അല്ല, ഒരു കാര്യമുണ്ട് " പ്രവീണിന് അങ്ങനെ ഒരു പ്രത്യേകിച്ച് കാര്യം ഉള്ളതായി തോന്നിയില്ല.
കുറച്ചൊക്കെ സീരിയസ് ആയിരുന്നെങ്കിലും നിർദോഷമായ ആ സംസാരം അവളുടെ കൂട്ടുകാരികൾ ഏറ്റെടുത്തു. ഒരു ഉഗ്രൻ പ്രൊപ്പോസൽ പ്ലാൻ ആയി പ്രവീൺ പോലീസ് വേഷത്തിൽ വരുമെന്ന് അങ്ങനെ ഒരു വാർത്ത പരന്നു!! മായക്ക് പക്ഷെ ഇത് പുതുമയല്ലായിരുന്നു, കഴിഞ്ഞ ഒരു വർഷമായി പ്രവീണുമായി ചേർത്തുവെച്ചാണ് അവളെ സംബന്ധിക്കുന്ന എല്ലാ വാർത്തയും! ആദ്യം ഒരു ഇറിറ്റേഷൻ , പിന്നെ ഒരു ഡിസ്‌കംഫോര്ട് , പിന്നെ പതിയെ സുഖകരമായ ഒരു അവസ്ഥ, പ്രവീൺ ഒരു ബെസ്റ് ഫ്രണ്ട് ആണ്, വേറെ ആൺകുട്ടികളുമായി ആ അടുപ്പം ഇല്ല. ഒരു അവസ്ഥാന്തരംത്തിന്റെ വഴിലൂടെ ആയ നാളുകൾ...
പ്രവീണിന്റെ സ്വന്തം രചനയിൽ ഉണ്ടായ നാടകമാണ് . കുറച്ച് കലാ പരിപാടികൾ പൊതുവേ ഉള്ളതാണ് , താല്പര്യമുള്ള ഒരു സുഹൃദ് വലയവും ഉണ്ട്. പക്ഷെ ഇത് കുറച്ച് സീരിയസ് ആണ്. ആകെ ഒന്ന് സീരിയസ് ആയി ഷൈൻ ചെയ്യാൻ പറ്റുന്ന ഒരു ടൈം. അഭിനയമോഹികളെ ഒന്ന് കണ്ടെത്തി സെറ്റപ്പ് ആക്കി എടുത്തതാണ്. പക്ഷെ ഒരു നാടകം നടത്തി കഴിവ് തെളിയിക്കാൻ പറ്റുന്ന അവസ്ഥയിലല്ലായിരുന്നു ആ വർഷത്തെ ആനുവൽ ഡേ. പൊതുവേ കലുഷിതമാണ് അന്തരീക്ഷം, സ്റ്റുഡന്റ് യൂണിയൻ ഇഷ്യൂ, മാനേജ്‌മന്റ് ഇഷ്യൂ, പിന്നെ ഒരു കൂട്ടം സ്റ്റുഡന്റസ് വക ബഹിഷ്കരണ ആഹ്വനവും!!
"നാടകം കാണാൻ ഉണ്ടാവില്ലേ?" കൂട്ടുകാരികളുടെ ഒരു സിനിമാറ്റിക് ഡാൻസ് റിഹേഴ്സൽ കണ്ടിരിക്കുന്ന മായയോട് പ്രവീൺ ചോദിച്ചു.
"നോക്കട്ടെ, ആകെ അടിയും പ്രശ്നവുമാണെന്നു കേട്ടാലോ?"
പൊതുവെ ബഹളം ഉണ്ടാവുമ്പോൾ ആദ്യം ഓടുന്ന കൂട്ടരാണിവർ...
"അറിയില്ല, നടന്നാൽ നടന്നു!" പ്രവീൺ പറഞ്ഞു.
പക്ഷെ ആ നാടകം അന്ന് നടന്നില്ല! ഒരു വേള നല്ല പോലെ പോയ പരിപാടികൾ പിന്നെ അലമ്പായി, ഔട്ട് സൈഡർ-ഇന്സൈഡർ ഇഷ്യൂ , കള്ള് ഗാങ് അടി അങ്ങനെ...പോലീസുകാരന്റെ പാൻറ് ഇട്ടു നിന്നതു മിച്ചമായി പ്രവീണിന്!! ഒരു പ്രൊപ്പോസൽ പ്ലാൻ മായയോട് വേണമോ എന്ന് ഒരു ഉറച്ച തീരുമാനം ഇല്ലാഞ്ഞിട്ടുകൂടി അവനു നഷ്ടപ്പെടാൻ ഒരു പാടുള്ള ഒരു ദിനമായിരുന്നു അത്. ആ സംഘർഷ ദിനങ്ങളുടെ വ്യാപ്തിയിൽ പിന്നെ ഒരു സമാധാനമായി കൂടിച്ചേരൽ അവർക്കിടയിൽ ഉണ്ടായില്ല! എക്സാം ഹോളിഡേയ്‌സ് , ഫൈനൽ എക്സാം, ക്യാമ്പസ് പ്ലേസ്മെന്റ്... അങ്ങനെ ഒരുപാട് വലിയ കടമ്പകൾ ചാടുന്ന തിരക്കിൽ കുറെ 'ഫോർമൽ' സംസാരങ്ങൾ മാത്രം!
കയ്യടികൾക്ക് ഒരു കുറവുമുണ്ടായില്ല! അല്ലെങ്കിലും കോർപ്പറേറ്റ് ആഘോഷങ്ങൾ അങ്ങനെയാ, ഒരു കഴിവുമില്ല എന്ന് തോന്നിയവർക്കും സ്റ്റേജിൽ നിന്നിറങ്ങുമ്പോൾ ഒരു കഴിവ് കാണികൾ ഉണ്ടാക്കിക്കൊടുക്കും!! ആ നാടകം ഒരു പരീക്ഷണമായിരുന്നു, പ്രവീണിന്റെ കഴിവുകളെ കാണിച്ചുകൊടുക്കാനും പിന്നെ അവന്റേതായ ഒരു അടയാളം ആ കമ്പനിയിൽ ഉണ്ടാക്കിയെടുക്കാനും!
"നാടകം കാണാൻ വന്നിരുന്നോ?" സഹപ്രവത്തകരുടെ അനുമോദനങ്ങളിൽ നിന്ന് ഒന്ന് സമയം കണ്ടെത്തിയപ്പോൾ പ്രവീൺ മായക്ക് മെസ്സേജ് അയച്ചു .
"ഇല്ല,സോറി... ഞാൻ പറഞ്ഞില്ലേ, മീറ്റിംഗ് തീർന്നില്ല; സദ്യക്ക് ഉറപ്പായും ഉണ്ടാവും"
സാഹചര്യങ്ങൾ അന്നത്തേതു തന്നെ! പ്രവീൺ മനസ്സിൽ ഓർത്തു. പക്ഷെ സദ്യവരെ അങ്ങനെ വെയിറ്റ് ചെയ്യാൻ പറ്റില്ല! ഇപ്പോൾ നടക്കേണ്ടത് ഇപ്പോൾ തന്നെ. ഇപ്പോൾ പോലീസിന്റെ പാൻറ് കൂടാതെ ഷർട്ടും ദേഹത്തുണ്ട്! വേറെ എന്തുവേണം? പിന്നെ കസേരകൾക്കിടയിലൂടെ, അടുത്ത പ്രോഗ്രാം ആസ്വദിക്കുന്നവരുടെ കാഴച്ചകൾക്കിടയിലൂടെ അവൻ ഒറ്റ ഓട്ടമായിരുന്നു...
അവളിരിക്കുന്ന ബിൽഡിംഗ് ബ്ലോക്കിലേക്ക്! ഇടക്കെപ്പെഴോ ഐറ്റി ക്കാരൻ മാവേലി എന്തോ ചോദിക്കാൻ തടഞ്ഞു...
"സമയമില്ല മാവേലി, പാതാളത്തിലേക്ക് പോവുന്നതിന്റെ മുൻപ് ഒരു കാര്യം കാണിച്ച് തരാം" തിരിഞ്ഞു നോക്കാതെ അവൻ പറഞ്ഞു.
മായ ആ ബിഗ് സ്ക്രീനിലേക്ക് അങ്ങനെ തുറിച്ച് നോക്കിയിരിപ്പാണ്. എന്തൊക്കെയോ വലിയ സത്യങ്ങൾ ആ പ്രസേൻറ്റേഷനിൽ ഉണ്ടായിരുന്നു! മനസിലാക്കാൻ അത്ര എളുപ്പമല്ല! വർഷങ്ങളായി ആ കമ്പനിയിൽ വർക്ക് ചെയ്യുന്ന തന്റെ മെന്റർ ഒരു പത്തു പ്രാവശ്യം ആയി ആ മീറ്റിംഗിനിടക്ക് കോട്ടു വായ് ഇടുന്നു! ആയതിനാൽ ഇതൊന്നും വല്യ സംഭവം അല്ലെന്നു അവൾക്കു തോന്നി... താൻ ഇങ്ങനെ വായ മൂടി ഇരിക്കുന്നത് തന്നെ വല്യ കാര്യം!
ഇടക്ക് മൊബൈൽ ഒന്ന് നോക്ക്കിയപ്പോൾ വീണ്ടും പ്രവീണിന്റെ മെസ്സേജ് .
"ഐ ആം വെയ്റ്റിംഗ് ഔട്ട് സൈഡ്"
മായ പുറത്തേക്ക് ഒന്ന് പാളി നോക്ക്കി. പ്രവീൺ പുറത്തു നില്പുണ്ട്, ആ പോലീസ് വേഷത്തിൽ!!
അയ്യേ, എന്താ ഇത്? അവൾ മനസ്സിൽ ഓർത്തു.
ഫ്ലോറിൽ പോലീസ് വേഷത്തിൽ കണ്ട ഒരാളെ സഹ പ്രവർത്തകർ കൗതുകത്തിൽ നോക്കി. പ്രവീണിന് പക്ഷെ ചമ്മൽ ഒട്ടും തോന്നിയില്ല! വരുന്ന വഴിക്ക് ബിൽഡിംഗ് സെക്യൂട്രിറ്റി ചേട്ടന്മാർ തന്നെ കണ്ടു സല്യൂട്ട് അടിച്ചോ? എന്ന് സംശയം, എന്തായാലും ഇനി ഈ വേഷം കേട്ടില്ല, ആയതിനാൽ ഇങ്ങനെ നിൽക്കട്ടെ!
"മീറ്റിംഗ് ആണ്, തീർന്നില്ല " മായയുടെ മെസ്സേജ്.
"ഞാൻ അകത്തേക്ക് വരണോ?" ആ ധൈര്യം ഇല്ലാഞ്ഞിട്ടും അങ്ങനെ ഒരു റിപ്ലൈ കൊടുത്തു!
"വരൂ, പ്രോഗ്രാം ഉണ്ടെന്നു പറയു" അവൻ വിടാൻ ഭാവമില്ല!
ഒരു സഹ പ്രവർത്തകയുടെ ചെയറിന്റെ പിന്നിലേക്ക് നീങ്ങിയിരുന്ന് അവൾ ആലോചിച്ചു.
"വരാം, പക്ഷെ ഇവിടുന്ന് പോ" അവൾ റിപ്ലൈ കൊടുത്തു.
"റസ്റ്റ് റൂമിനടുത്ത്" എന്ന് മെസ്സേജ് അയച്ചു പ്രവീൺ അങ്ങോട്ട്പോയി .
മായ പതുക്കെ മീറ്റിംഗ് റൂമിൽ നിന്നിറങ്ങി, റസ്റ്റ് റൂമിനടുത്തേക്ക് നടന്നു. ആ മുറിയിൽ തങ്ങി നിൽക്കുന്ന കോർപ്പറേറ്റ് സ്ട്രാറ്റജികളുടെ തള്ളലിൽ അവളുടെ കൊഴിഞ്ഞുപോക്ക് ആരും ശ്രദ്ധിച്ചില്ല!! ആകെ ചമ്മലായി, അവിടുന്നും ഇവിടുന്നും ഒക്കെ ആരൊക്കെയോ നോക്കി ചിരിക്കുന്നു. ഒരു കള്ളന്റെ മുഖഭാവത്തിൽ പ്രവീൺ അങ്ങനെ ആ പോലീസ് വേഷത്തിൽ നിൽക്കുന്നു!!
"ഇതെന്താ, ഇങ്ങനെ? അവൾക്ക് ചെറിയ ദേഷ്യം വന്നിരുന്നു.
"ചുമ്മാ ഒരു സർപ്രൈസ്, ഇഷ്ടപ്പെട്ടോ?" പ്രവീൺ ചോദിച്ചു.
"പൊലീസുകാരെ എനിക്ക് പണ്ടേ ഇഷ്ടമല്ല!" മായ പറഞ്ഞു.
"അത് സാരമില്ല, ഇപ്പോൾ അഴിച്ചു വെക്കാം, പക്ഷെ അതിനു മുൻപ്" എന്ന് പറഞ്ഞു മായയുടെ കൈപിടിച്ച് അവൻ ആ സ്റ്റെയർകേസിലേക്ക് ഓടി ഇറങ്ങി!
ആ പിടിക്കൊപ്പം പോവാനല്ലാതെ അവൾക്ക് വേറെ വഴി ഇല്ലായിരുന്നു!
പൊതുവെ ആൾക്കാർ നടക്കാറില്ലെങ്കിലും , ലഞ്ചിന്റെ സമയത്തു വയർ ഒന്ന് 'സെറ്റിൽ' ചെയ്യാൻ ചിലർ ആ സ്റ്റെയർകേസ് ഉപയോഗിക്കാക്കാറുണ്ട്! പക്ഷെ അന്ന് ആരുമില്ലായിരുന്നു. നാല് നിലകൾ ഇറങ്ങി അവർ ഒരു എമർജൻസി എക്സിറ്റ് വാതിലിലെത്തി.
"ഇതെന്താണീ കാണിക്കുന്നത്?" മായ പ്രവീണിന്റെ കൈ നിർബന്ധിച്ചു വിടുവിച്ചു.
"നാല് വർഷമായി, എപ്പോഴാ ഈ നാടകം ഒന്ന് പൂർത്തിയായത്! നിനക്ക് വേണ്ടി വെയിറ്റ് ചെയ്തതാ, അന്ന് ഇത് നടന്നില്ല!" പ്രവീൺ പറഞ്ഞു.
കഴിഞ്ഞ നാലു വർഷത്തിലേറെയായി മായയുമായി നടന്ന പല സംഭാഷണങ്ങളിൽ ഒന്നിലും തന്റെ മനസ് തുറക്കാൻ പറ്റാത്തതിന്റെ ആ തടസ്സം അവന്റെ ആ വാക്കുകളിൽ ഉണ്ടായിരുന്നു! പിന്നെ ഇതേ കമ്പനിയിൽ അവളെ എത്തിച്ച ആ നിയോഗത്തോടുള്ള നന്ദിയും.
"ഓഹോ, എനിക്ക് ഈ ഹെറോയിസും ഒന്നും ഇഷ്ടമല്ലെന്നറിയില്ലേ? പിന്നെ പോലീസുകാരെ പ്രത്യേകിച്ച്" മായയുടേത് ഒരു ചെറു ചിരിയിൽ പൊതിഞ്ഞ വാക്കുകൾ ആയിരുന്നു.
"ഈ വേഷം ഇപ്പോൾ തന്നെ ഊരിവെക്കും, പിന്നെ ഞാനും ഒരു സാദാ ഐറ്റി കാരൻ...എന്താ പോരെ?" പ്രവീണിന്റെ മുഖത്ത് ഒരു കിതപ്പ് പടർന്നിരുന്നു.
"ശരി പോലീസെ!!, സാർ ഇനി ഒന്ന് റിലാക്സ് ചെയ്യൂ" മായയുടെ വിരലുകൾ ആ പോലീസ് കോളർ മുന്നോട്ടു പിടിച്ച് വച്ചു.
ആ എക്സിറ്റ് ഡോർ തുറന്നിറങ്ങിയ അവളുടെ പിന്നാലെ അല്പം ജാള്യതയോടെ പ്രവീൺ പുറത്തിറങ്ങി. ചില സഹ പ്രവർത്തകർ ആ വഴികളിലുണ്ട്.
"ഇപ്പോൾ ഒരു ചമ്മൽ തോന്നുണ്ട്, ഈ ഡ്രെസ്സിൽ " പ്രവീൺ പറഞ്ഞു.
"ഇനി ഈ വഴിയിൽ ഊരാൻ പറ്റില്ലലോ? അത് വരെ സല്യൂട് സ്വീകരിച്ചു സാർ നടന്നാട്ടെ", മായ ഒരു ബിൽഡിങ് സെക്യൂരിറ്റിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
നീല യൂണിഫോമിൽ കടും നീല തൊപ്പിയും ടൈയും കെട്ടി നിന്ന ആ സെക്യൂരിറ്റി, പ്രവീണിന് ഒരു നെടുനീളൻ സല്യൂട്ട് നൽകി!! പ്രവീൺ ഒരു നല്ല ചമ്മലോടെ തന്നെ അത് സ്വീകരിച്ചു മുന്നോട്ട് നടന്നു.
!ശുഭം!
അഭിപ്രായങ്ങള്‍