Tuesday, May 28, 2013

പത്തു വര്‍ഷങ്ങള്‍ ...


അങ്ങനെ തുടങ്ങി ആ പത്തു വര്‍ഷങ്ങള്‍ ...ആദ്യമായി കണ്ട ആ പ്രൊഫഷണല്‍ കൂട്ടുകാരെ ഒന്നും കൂടി ഓര്‍ത്തെടുക്കുമ്പോള്‍............,

ഭയഭക്തി ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന ആ ബഹുനിലകെട്ടിടങ്ങളും അതില്‍ മേഞ്ഞിരുന്ന യുവ തുര്‍ക്കി (യങ്ങ്‌ റ്റെക്കീസ്) കളേയും കടന്ന്‌ പാര്‍ക്ക്‌ സെൻറ്ററി ൽ  ആവശ്യപ്പെട്ട സമയത്തു തന്നെ എത്തി.കമ്പനിയില്‍ ഇന്നാണു  ജോയിന്‍ ചെയ്യേണ്ടത്‌..., ആകെപ്പാടെ ഒരു റ്റെന്‍ഷനാണു മനസ്സില്‍. അപരിചിതമായ മുഖങ്ങള്‍ ആണു ചുറ്റും. ശീതീകരിച്ച ആ വിശാലമായ മുറിയിലെ ഒരു സോഫയില്‍ പതിയെ ഇരിപ്പുറക്കാതെ ഇരുന്നു. നിമിഷങ്ങള്‍ക്കകം ഒരു പരിചിത മുഖം മുന്‍പിലെത്തി. മുന്‍പ്‌ എഴുത്തു പരീക്ഷക്കു വന്നപ്പോഴും അഭിമുഖത്തിനു വന്നപ്പോഴും കണ്ടുമുട്ടിയുരുന്ന ഒരു പെണ്‍കുട്ടി. ആദ്യത്തെ തവണ എന്നില്‍ നിന്നുണ്ടായ വായ്നോട്ടം സഹിക്കാനവാതെ അടുത്ത തവണ ബോയ്ഫ്രണ്ടുമായി മുന്നില്‍ വന്നു എന്നെ പാഠം പഠിപ്പിച്ച പെണ്‍കുട്ടി!! ഇന്നുവരും നാളെവരും ഒരു അപ്പൊയിന്റ്മെന്റ്റ് ലെറ്റര്‍ എന്നു കരുതി, കണ്ണിമചിമ്മാതെ കാത്തിരുന്ന നീണ്ട രണ്ട്‌ മൂന്ന്‌ മാസങ്ങളില്‍ അവളുമായി പലപ്പോഴും കത്തിടപാടുകള്‍ നടത്തിയിരുന്നു. ഒരു പാവക്കു കീ കൊടുത്ത്‌ ചിരിപ്പിച്ച പോലെ അവള്‍ എന്നെ നോക്കി ചിരിച്ചു. ക്രമേണ ആ വിശാലമായ ഹാളില്‍ ഒരു പതിനഞ്ചുപേരോളും വന്നു ചേര്‍ന്നു.

ഒരു ടൈ ഒക്കെ കെട്ടിയ വലിയ മനുഷ്യന്‍ വന്നു ഒരോ പേരുകള്‍ വിളിച്ചു തുടങ്ങി. ഭയങ്കര ഗൌരവക്കാരനാണെന്നു തോന്നുന്നു! ഒടുവില്‍ എന്നെയും. അങ്ങനെ ഞാന്‍ ഭാവി എംഡിയുടെ മുന്‍പില്‍ എത്തപ്പെട്ടു. ഭയങ്കരന്‍മാരായിരിക്കും ഈ മനുഷ്യര്‍ എന്നാണു ഞാന്‍ വായിച്ചറിഞ്ഞിരുന്നത്‌,! പക്ഷെ ഈ പുള്ളി ആളു വളരെ കൂള്‍ ആയാണു കണ്ടത്‌. കമ്പനിയേക്കുറിച്ചും ജോലിയേക്കുറിച്ചും ഒരു ചെറിയ വിവരണം തന്ന ശേഷം എന്നൊട്‌ വല്ലതും അറിയാനുണ്ടോ എന്നു ചോദിച്ചു. ഒരു ജോലി കിട്ടിയ ശേഷം കുറച്ചു ലീവ്‌ എടുത്ത്‌ വീട്ടിലിരിക്കണമെന്നു കരുതിയ എനിക്ക്‌ അത്‌ ഈ കമ്പനിയില്‍ വിലപ്പോവില്ലെന്നു മനസ്സിലായി. എന്നാലും കാര്യങ്ങളുടെ സീരിയസ്നെസ്‌ അറിയുന്നവനാണെന്നു കാണിക്കാന്‍ ഞാന്‍ എംഡിയോട്‌ ചോദിച്ചു.

"ഈ കമ്പനിയെങ്ങാനും ബാങ്ക്രുപ്റ്റ്‌ (പൂട്ടിപ്പോയി) ആയാലോ? ഞാന്‍ തരുന്ന ഈ ബോണ്ടിനു എന്തു സംഭവിക്കും?" (എംഡി ഒന്നു ഞെട്ടിയ്യോ?)

 "എനിക്ക്‌ ഒരു ആവശ്യവുമില്ല തന്നെ ഈ കമ്പനിയില്‍ എടുത്തിട്ട്‌, വേറെ ആളുകള്‍ വേയ്റ്റിംഗ്‌ ലിസ്റ്റിലുണ്ട്‌", കണ്ണാടിക്കൂടിനു വെളിയിലേക്ക്‌ എംഡി നോക്കിക്കൊണ്ട്‌ പറഞ്ഞു.

എംഡിയില്‍ നിന്ന്‌ ഇങ്ങനെ ഒരു മറുപടി ഞാന്‍ പ്രതീക്ഷിച്ചില്ല! അങ്ങനെ എൻറെ ചെലവില്‍ ഒരു വേയ്റ്റിംഗ്‌ ലിസ്റ്റുകാരനും ജോലി കിട്ടണ്ട! ഒന്നും മിണ്ടാതെ ഞാന്‍ ബോണ്ട്‌ സൈന്‍ ചെയ്തു കൊടുത്തു.

എല്ലാ ഫോര്‍മാലിറ്റിയും കഴിഞ്ഞ്‌ ഞാന്‍ പാര്‍ക്ക്‌ സെണ്റ്ററിണ്റ്റെ പൂമുഖത്ത്‌ നിന്നു. ജോയിന്‍ ചെയ്യാന്‍ വന്ന മറ്റുള്ളവരും അവിടെ കൂട്ടം കൂടി നില്‍ക്കുന്നുണ്ട്‌. ആദ്യം കണ്ടത്‌ ഒരു തടിച്ച്‌ വെളുത്ത്‌ ഒരു 'അബ്ബാസിനെ' പോലെ ഇരിക്കുന്ന പയ്യനെ.

"എവിടെയാ താമസം? പഠിച്ചത്‌? " ഞാന്‍ ചോദിച്ചു "എസ്‌ ആര്‍ എസ്‌ കോളേജ്‌, ചെന്നൈ. താമസിക്കുന്നത്‌ എം എച്‌ പ്ളാസാ, കഴക്കൂട്ടം." കുറച്ചു മാറി ബൈക്ക്‌ പാര്‍ക്ക്‌ ചെയ്ത്‌ നില്‍ക്കുന്ന ഒരുത്തനെ നോക്കികൊണ്ട്‌ അവന്‍ കടുപ്പത്തില്‍ പറഞ്ഞു. ഹമ്മോ ഭയങ്കരം!! ലോക്കലാണെന്നു തോന്നുന്നു! ഒപ്പം വന്ന മനുഷ്യനെ സൂക്ഷിക്കണം! ആളു പിശകാണു. കുറ്റി താടിയൊക്കെ തടവിയാണു നില്‍പ്പ്‌! . റാഗ്‌ ചെയ്യപ്പെടാന്‍ സാദ്ധ്യത ഉള്ളതിനാല്‍ ഞാന്‍ പതുക്കെ ലൊക്കേഷന്‍ കാലിയാക്കി.

പിന്നെ പരിചയപ്പെട്ടത്‌ ഒരു ആറടിക്കാരന്‍ - കുട്ടനാട്ടുകാരന്‍ ഒരു ഹാന്‍ഡ്സം പയ്യന്‍. കണ്ടപ്പോഴേ തോന്നി, പിന്നിട്ട വഴികളില്‍ ആളുകളെ കൈയിലെടുത്ത്‌ അമ്മാനമാടിയ ഈ കഥാപാത്രം ചരിത്രം ഇനിയും കുറിക്കുമെന്ന്‌! എതായാലും, കമ്പനിയില്‍ ജൊയിന്‍ ചെയ്ത്‌ 9 ആം  ദിവസത്തിനുള്ളില്‍ കല്യാണം കഴിച്ച്‌, 9 ആം മാസം ഒരു അഛനുമായിത്തീര്‍ന്ന്‌ അവന്‍ ആരേയും നിരാശപ്പെടുത്തിയില്ല!

പിന്നെ കണ്ടത്‌ കച്ചേരി പാട്ടിണ്റ്റെ ഒരു മൂളലുമായി ഒരു നമ്പൂതിരിയെ. പാട്ടിണ്റ്റെ ഡിക്ഷ്നറിയെ തത്കാലം മാറ്റിവെച്ച്‌ അബാപ്പ്‌* ഡിക്ഷനറി ഗ്രഹസ്തമാക്കാന്‍ വന്നവന്‍. ശാന്തത മനസ്സില്‍ നിന്ന്‌ മുഖത്തേക്ക്‌ ഇറങ്ങി വന്ന്‌ പിന്നെ അത്‌ അബാപ്‌ പ്രേഗ്രാമിലേകും പകര്‍ന്ന ഒരു മനുഷ്യന്‍. പക്ഷെ ആ പ്രോഗ്രാമുകള്‍ ഒടുമ്പോള്‍ ആ ശാന്തതയോന്നും കസ്റ്റമേഴ്സ്റ്റിണ്റ്റെ മുഖത്ത്‌ കണ്ടില്ല! (ആ കച്ചേരി എപ്പോഴും ഇടക്കിടക്ക്‌ ഫേസ്‌ ബുക്കില്‍ അസഹനീയമാവാറുണ്ട്‌!) :)

 ഓണക്കാലത്ത്‌ പടക്കം പൊട്ടിക്കുന്ന ഒരു നാട്ടില്‍ നിന്ന്‌ (കേരളത്തില്‍ തന്നെയുള്ള ഒരു നാട്‌), ഒരു മഹാന്‍... --------==--. ഉറങ്ങുമ്പോഴും കാലില്‍ കാല്‍ കേറ്റിവെച്ച്‌ തണ്റ്റെ അപ്രമാദിത്വം കാട്ടിയിരുന്ന അവന്‍ പക്ഷെ തണ്റ്റെ ലോല മനസു കൊണ്ട്‌ എത്തിപ്പിടിക്കാത്ത ജന ഹ്രുദയങ്ങള്‍ ഇല്ല! ഞായറാഴ്ച്ച വൈകുന്നേരങ്ങളില്‍ മീന്‍ പൊള്ളിച്ച ആ വാഴയിലകളില്‍ ചോറും പൊതിഞ്ഞ്‌ 'ഫര്‍ണസില്‍' കേറി വന്ന്‌ എന്നെവരെ കൈയിലെടുത്തു!!

 ആനയും അമ്പാരിയും ഉള്ള നാട്ടില്‍ നിന്ന്‌ വന്നൊരാളെയാണു പിന്നെ കണ്ടത്‌. ഞങ്ങളെ സ്വര്‍ഗ്ഗ രാജ്യം പോലെയുള്ള ഒരു വാടക വീട്ടില്‍ കോണ്ടാക്കാമെന്നു പറഞ്ഞു ഒരു ചുട്ടു പൊള്ളുന്ന 'ഫര്‍ണ്ണസി'ല്‍ കോണ്ട്‌ തള്ളിയ മനുഷ്യന്‍! എന്നിട്ടും എന്നെ വെറുതേ വിടാതെ, 'ദുര്യോധന വധം' കഥകളിക്ക്‌ കഴക്കൂട്ടം പ്രൈമറി സ്കൂളിലെ ക്ളാസില്‍ ആദ്യതെ ബെഞ്ചില്‍ തന്നെ പിടിച്ചിരുത്തി, കഥകളി കാണാന്‍ വന്ന ആദ്യ ടെക്കി എന്ന ചീത്ത പേരും ഉണ്ടാക്കി തന്നു. മറക്കില്ല സാര്‍.

അബാപ്പ്‌* ഒരു വട്ടം എഴുതി തോറ്റ്‌ തുന്നം പാടിയ ഒരു പയ്യനെ കണ്ടു! അയ്യേ നാണമില്ലാതെ വീണ്ടും പഠിക്കാന്‍ വന്നതായിരുന്നു. പക്ഷെ അവന്‍ പിന്നീട്‌ ഒരു അംബാസിഡര്‍ കാര്‍ ഒക്കെ കൊണ്ടുവന്ന്‌ ഞങ്ങളെ അത്ഭുതപ്പെടുത്തി. ആദ്യമായി ടെക്നോപാര്‍ക്കില്‍ ഒരു 8 0  മോഡല്‍ അംബാസിഡറില്‍ ജോലിക്ക്‌ വന്നത്‌ ഇവനായിരിക്കും! ( പിന്നെ ഷാജി കൈലാസ്‌ ആ കാര്‍ തൂക്കി വാങ്ങി ഒരു സുരേഷ്‌ ഗോപി സിനിമയില്‍ വില്ലന്‍മാരെ ചുട്ടു കൊല്ലാന്‍ ബൊംബ്‌ വെച്ച്‌ തകര്‍ത്തൊക്കെ ചരിത്രം!). എതായാലും ശംഖമുഖത്ത്‌ കാറ്റ്‌ കൊള്ളാനും റയില്‍ വേ ട്രാക്കില്‍ ബ്രേക്ക്‌ ജാം ആയി ഉന്തി രക്ഷപ്പെടാനും ആ കാറിനു കഴിഞ്ഞത്‌ നമ്മള്‍ നല്ല മനുഷ്യര്‍ വിചാരിച്ചത്‌ കൊണ്ട്‌ മാത്രം!

 തട്ടുപോളിപ്പന്‍ ഇംഗ്ളീഷോക്കെയായി ഒരു ജാഡ മനുഷ്യനെ കണ്ടു മുട്ടി. വയസ്സേറെയായിട്ടും ഒരു കോളേജ്‌ പയ്യനെ പോലെ പള്‍സറിലൊക്കെയായിരുന്നു വന്നത്‌! താന്‍ ഒരു കമ്പനി പൂട്ടിച്ചിട്ടാണു വരുന്നതെന്നു പരഞ്ഞപ്പോഴേ എണ്റ്റെ മനസ്സില്‍ ഒരു ഇടിത്തി വീണു. മുന്‍പു എംഡി യോട്‌ ചോദിച്ചത്‌ ഒര്‍മ്മ വന്നു. പക്ഷെ ആള്‍ പക്ഷെ ഒരു കുഴപ്പക്കാരനായിരുന്നില്ലെന്നു മാത്രമല്ല, ഒരു മഹാ സംഭവമായി തന്നെ മാറി. എത്ര വലിയ ഓഫീസ്‌ പാര്‍ട്ടിയുണ്ടായാലും, സ്വന്തം അമ്മൂമ്മ തരുന്ന ഒരു പിടി കഞ്ഞി കുടിക്കാതെ ഉറക്കം വരാതിരുന്ന, അതിനായി ആറ്റിങ്ങലിലേക്ക്‌ പള്‍സറില്‍ പാഞ്ഞിരുന്ന ആ മനുഷ്യന്‍ എല്ലാവരേയും ആശ്ചര്യപ്പെടുത്തി!

വലിയ ബാങ്ക്‌ ബാലന്‍സുമായി ഒരാള്‍ വന്നു. അടുത്ത ഒരു വര്‍ഷം കൊണ്ട്‌ 2.5  ലക്ഷം സമ്പാദിക്കണമെന്നോക്കെ പുള്ളി തട്ടി വിട്ടു! ആദ്യ ശമ്പളം ഒരു നോക്കിയ  3 3 1 5  വാങ്ങാന്‍ മാത്രമേ കഷ്ടിച്ച്‌ തികയുമായിരുന്നുള്ളൂ!! ഇന്നിട്ടിത്താ ഈ പയ്യന്‍ ലക്ഷങ്ങള്‍ സമ്പാദിക്കണമെന്നോക്കെ... ? പക്ഷെ ശനിയാഴച്ചകളില്‍ എന്നേയും വിളിച്ച്‌ കഴകൂട്ടം ബൈപാസിലൂടെ തമ്പാനൂരിലേക്ക്‌ സിനിമ കാണാന്‍ ഒരു കൈനറ്റിക്കില്‍ പായുമ്പോള്‍ എങ്ങനെ അത്‌ പറ്റുമെന്നു പുള്ളി മനസ്സിലാക്കിപ്പിച്ച്‌ തന്നു! നന്ദി!

നീണ്ട്‌ മെലിഞ്ഞു വലിയ വിമാനമൊക്കെ പറത്തിയ്യ ഒരു പയ്യനേയും പരിചയപ്പെട്ടു. എപ്പോഴും ചിരിച്ച്‌ ഒരു കള്ള ലക്ഷണത്തോടെയുള്ള പയ്യന്‍. സത്യം പറയാമല്ലോ പുള്ളിയേക്കുറിച്ച്‌ ഒന്നും തന്നെ കൂടുതലായി എഴുതാനില്ല! പറത്തിയത്‌ വലിയ വിമാനമൊന്നുമല്ലെന്നും അമ്മാവനെന്ന നിലക്ക്‌ ചേച്ചിയുടെ കുട്ടിക്ക്‌ കളിക്കാന്‍ വാങ്ങിച്ച പ്ളസ്റ്റിക്ക്‌ വിമാനമാണെന്നു അറിഞ്ഞതോടെ പുള്ളിയേക്കുറിച്ചുള്ള ഒര്‍മ്മകള്‍ എല്ലാം മറഞ്ഞു പോയിരുന്നു!

 ഇനിയുമുണ്ട്‌ നാലഞ്ചു പേര്‍...ഒര്‍മ്മകളുമുണ്ട്‌. പക്ഷെ എഴുതുന്നില്ല! സിണ്റ്റാക്സ്‌ എറര്‍ വരുത്താതെ ഈ പ്രൊഗ്രാമൊന്നു കമ്പയില്‍ ചെയ്യണമെന്നുണ്ട്‌!! (

ആദ്യ ട്രൈയിനിംഗ്‌ ക്ളാസ്സില്‍ ഒരു ഉസ്താദ്‌ വന്നു പറഞ്ഞു - അബാപ്പ്‌ എന്താണു? എസ്‌ എ പീ എന്ന മഹാ സമുദ്രത്തിന്റെ  ജീവനാഡിയായ പരല്‍ മീനുകളാണു അബാപ്പ്‌.., പണ്ട്‌ കുട്ടിക്കാലത്ത്‌ ഒരുപാടെണ്ണത്തിനെ പിടിച്ചിട്ടുണ്ട്‌ തോട്ടില്‍, അതും ഉടുത്തിരുന്ന തോര്‍ത്ത്‌ വെച്ച്‌. . പക്ഷെ ഇപ്പോള്‍ പത്ത്‌ വര്‍ക്ഷമായി ഒരു വലയും കൊണ്ട്‌ നില്‍ക്കുന്നു. ഒന്നും വന്ന്‌ കേറുന്നില്ല ല്ലോ സാര്‍!)?

2 comments:

ajith said...

വന്ന് കേറുമായിരിയ്ക്കും സമയമാകുമ്പോള്‍

Rani said...

ഈ കമ്പനിയെങ്ങാനും ബാങ്ക്രുപ്റ്റ്‌ (പൂട്ടിപ്പോയി) ആയാലോ? ഞാന്‍ തരുന്ന ഈ ബോണ്ടിനു എന്തു സംഭവിക്കും?" (എംഡി ഒന്നു ഞെട്ടിയ്യോ?)

പാവം എംഡി ഈ അപ്ലിക്കേഷൻ പ്രൊസസ്സ് ചെയ്ത സമയത്തെ ശപിച്ചിട്ടുണ്ടാവും :)