ചില ഹര്‍ത്താല്‍ ദിന ചിന്തകള്‍!


അപ്രതീക്ഷിതമായി കടന്നു വരുന്ന ഹര്ത്താലുകളെ നേരിടാന്‍ നമ്മുടെ നാട്ടിലെ കുടുംബമായി താമസിക്കുന്ന ആളുകള്‍ക്ക്‌ നല്ല പരിചയമായിരിക്കുന്നു. തലേന്ന്‌ ജോലി കഴിഞ്ഞു വരുന്ന വഴി ബിവറേജസില്‍ കയറിയിറങ്ങി ഒരു കുപ്പി സംഘടിപ്പിച്ചാല്‍ ഹര്‍ത്താല്‍ ദിനം കുശാലായി. ഇനി വീട്ടുകാരെ മുഷിപ്പിക്കാതിരിക്കാന്‍ രാവിലെ ഇറങ്ങി കുറച്ച്‌ ഇറച്ചി അല്ലെങ്കില്‍ മീന്‍, വീട്ടുകാരും ഹാപ്പി, മദ്യത്തോടോപ്പം അത്‌ വയറ്റില്‍ എത്തുമ്പോള്‍ കുടുംബ നാഥനും ഹാപ്പി! അങ്ങനെയെങ്കില്‍ ഹര്‍ത്താല്‍ ദിനത്തെ ആര്‍ക്കാണു പേടി? കുടുംബത്തോടെയല്ലാതെ സ്വന്തമായി കുടിയും വെപ്പുമില്ലാതെ ജീവിക്കുന്നവര്‍ക്കോ? പക്ഷെ അവിടെയും ഒരു 'റോള്‍ മോഡല്‍' ആയി ന്യു ജെനറേഷന്‍ ഐ ടി ബാച്ചിലേര്‍സിനെ കാണാനാവും! എങ്ങനെ? ഇവരുടെ ഒരു പൊതു സ്വഭാവം എങ്ങനെ:

1. ഹര്‍ത്താല്‍ ദിനം ഒരു ശനിയാഴ്ച്ചയോ ഞായറാഴ്ച്ചയോ എന്നു കരുതി തലേന്ന്‌ ഉറങ്ങാന്‍ കിടക്കുക; തീര്‍ച്ചയായും ഞെട്ടിപ്പിക്കുന്ന ഒരു സ്വപ്നം ഒരു മാനേജറിണ്റ്റെ രൂപത്തില്‍ വന്നില്ലെങ്കില്‍ മിക്കവാറും ഹര്‍ത്താല്‍ ദിനം പത്തു മണിയോടെയെ ഇവര്‍ കിടക്കിയില്‍ നിന്നെണീക്കു. നഴ്സുമാര്‍ ആവശ്യപ്പെടുന്നതു പോലെ ഡ്യുട്ടി സമയം ഹര്‍ത്താലുകാര്‍ നിജപ്പെടുത്തിയതിനാല്‍ നാലു മണിക്കുര്‍ അപ്പോഴേക്കും പിന്നിട്ടു കഴിഞ്ഞിരിക്കും!

2. ഇനി ചുറ്റുപാടുകള്‍ തിരിച്ചറിഞ്ഞു പ്രതികരണ ശേഷി കൈവരിക്കുമ്പോഴേക്കും ഒരു മണിക്കുര്‍ കഴിഞ്ഞിരിക്കും - 11 മണി.

3. ബ്രെയ്ക്‌ ഫാസ്റ്റിണ്റ്റെയും ലഞ്ചിണ്റ്റേയും മധ്യേ സൂര്യന്‍ ലഗ്ന രാശിയില്‍ കത്തി നില്‍ക്കുന്നതിനാല്‍, ഇനി ഒരു ചായ വിത്ത്‌ ഒരു കടി അതു മതി. എതു ഒന്നന്നര ഹര്‍ത്താല്‍ ദിനത്തിലും തുറന്നിരിക്കാന്‍ ചങ്കുറ്റം കാണിക്കാറുള്ള ശ്യാമളന്‍ ചേട്ടണ്റ്റെ ചായക്കട അതു തന്നോളും! ചായ കുടിക്കുന്നതിനിടെ ഹര്‍ത്താലുകരെ നാലു തെറി വിളിക്കുക കൂടി ചെയ്യുമ്പോഴേക്കും - 12 മണി.

4. ഇനി തിരിച്ച്‌ വീട്ടില്‍ വന്ന്‌ പത്രം, ടിവിയിലെ സീരിയല്‍ അല്ലെങ്കില്‍ ന്യുസ്‌ അല്ലെങ്കില്‍ ഹര്‍ത്താല്‍ ദിന സൂപ്പര്‍ ഹിറ്റ്‌ സിനിമ (ഈ സിനിമയുടെ പോസ്റ്റര്‍ പോലും നാട്ടില്‍ കണ്ടിട്ടില്ല!) എന്നീ അവശ്യ സര്‍വീസുകളിലൂടെ ഒന്നു കണ്ണോടിക്കുമ്പോഴേക്കും സമയം - 1:30 മണി.

5. വിശപ്പ്‌ പതുക്കെ വയ്യറില്‍ തട്ടി വിളിക്കുമ്പോള്‍, ഫ്രിഡ്ജിലൂടെ ഒന്നു കണ്ണോടിക്കാം. ഒരു ബാച്ചിലറിണ്റ്റെ ഫ്രിഡ്ജില്‍ എന്നും കാണപ്പെടുന്ന മുട്ട, തൈരു, അച്ചാര്‍ - പിന്നെ പപ്പടവും. ചോറിണ്റ്റെ ഒപ്പം വേറെ എന്തു വേണം? അരി തിളക്കാന്‍ ഇട്ടിട്ട്‌ ഒരു കുളി. അതു കഴിഞ്ഞ്‌ ഇഷ്ട്ട ഭക്ഷണം - മണി 2:30

6. അതിനു ശേഷം, ഹര്‍ത്താല്‍ ദിനത്തിലെ 'ട്രെന്‍ഡ്‌' അറിയിക്കുന്ന സ്പെഷ്യല്‍ ന്യൂസ്‌ ബുള്ളറ്റില്‍ കണ്ടിട്ട്‌, ചില കല്ലെറിയലുകളും, കുറേ കഷ്ട്ടപ്പാടുകളും കണ്ടിട്ട്‌, ടി വി ക്കാരുടെ കഷ്ടപ്പെടുന്നവരുമായുള്ള അഭിമുഖം - അവരുടെ ആ ദിവസത്തെ 'ഫീല്‍', യാത്രാ വാഹനം കിട്ടാതെയുള്ള നെട്ടോട്ടം, എന്നിവ വിശകലനം ചെയ്തിട്ടു പതുക്കെ കിടക്കയിലേക്ക്‌ ചായുമ്പോള്‍ - 3 മണി.

7. പിന്നെ പതുക്കെ കണ്ണു തുറക്കുന്നത്‌ 6 മണി കഴിഞ്ഞ്‌ ഹര്‍ത്താലുകള്‍ ഇല്ലാത്ത ഒരു ലോകത്തേക്ക്‌! മനോഹരമായ ആ ലോകത്ത്‌ പിന്നെ നമ്മള്‍ ആരാ?

അപ്പോള്‍ പിന്നെ ഈ ഹര്‍ത്താലിനെ ഇനി ആരാണു പേടിക്കേണ്ടത്‌?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!

ബംഗളൂരു നാട്‌ : ചപ്പാത്തി ഇങ്ങനേയും പരത്താം!!!