എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!





ഒാഫീസ്സില്‍ നിന്നു വന്നപാടെ ഞാന്‍ ഭാര്യയോട്‌ ചോദിച്ചു,

"എന്തായി സ്ക്കോര്‍?"

ഇതു ഇന്ത്യ-വെസ്റ്റ്‌ ഇന്‍ഡീസ്‌ ടെസ്റ്റ്‌ കളിയുടെ സ്ക്കോര്‍ ആണെന്നു ധരിച്ചെങ്കില്‍ തെറ്റി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആങ്ങ്‌ ദൂരെ തിരുവനന്തപുരത്ത്‌ ശ്രീ പത്മനാഭസ്വാമിയുടെ ആ മനോഹരമായ അമ്പലത്തില്‍ നിന്നു കിട്ടിക്കൊണ്ടിരിക്കുന്ന നിധിയുടെ സ്ക്കോര്‍ ആണു ഞാന്‍ ഭാര്യയോട്‌ ചോദിച്ചത്‌! അവള്‍ ഈ ഖനനം ആരംഭിച്ചതില്‍ പിന്നെ തുടര്‍ച്ചയായി കണക്കുകള്‍ സൂക്ഷിക്കുന്നുണ്ട്‌! ‌ (സ്വര്‍ണ്ണമല്ലേ? അവള്‍ ഒരു പെണ്ണുമല്ലെ?)

"ദേ, ഇന്നു നൂറു രാശി നാണയങ്ങള്‍, ഇരുന്നൂറു സ്വര്‍ണ്ണ കട്ടികള്‍, ശരപ്പൊളിമാല, അമൂല്യ രത്നങ്ങള്‍, സ്വര്‍ണ്ണ കതിര്‍, പിന്നെ പത്ത്‌ കിലോ ഭാരമുള്ള മാല,..." അങ്ങനെ അങ്ങനെ...

എല്ലാം ലൈവ്‌ ആയി അവള്‍ അറിയുന്നുണ്ട്‌. മിടുക്കി. എല്ലാ ചാനലുകള്‍ക്കും നന്ദി.

"ഇനി നാളെ റസ്റ്റ്‌ ഡേ ആണു, മറ്റന്നാള്‍ പരിശോധന തുടരും, രണ്ട്‌ കല്ലറകള്‍ കൂടി ഉണ്ട്‌",

അവള്‍ക്കു കുറച്ചു വിശ്രമം, വിശദമായി അനാലിസിസ്‌ നടത്താന്‍ ഒരു ദിനം ഒഴിവ്‌.

വാലറ്റക്കാര്‍ കളിക്കുമോ? എങ്കില്‍ നല്ല സ്കോര്‍ ആകും.

രാത്രി ഡിന്നറിനു ഇരിക്കുമ്പോഴും ഈ നിധിയേക്കുറിച്ചായിരുന്നു സംസാരം.

 "നിണ്റ്റെ വീട്ടില്‍ ഒരു ചെറിയ കുളമില്ലേ? അതു വറ്റിച്ചു നോക്കിയാലോ?" (അവളുടെ നാട്ടില്‍ എല്ലാ വീടുകളിലും കാണാം ഒരു കുളം, പ്രത്യേകിച്ച്‌ ആര്‍ക്കും ഒരു പ്രയോജനവുമില്ലാതെ അങ്ങനെ കിടക്കുന്ന ഒന്ന്‌)

 "നിണ്റ്റെ അപ്പുപ്പന്‍മാര്‍ വല്ലതും ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിലോ?" എനിക്ക്‌ ഒരു സംശയം.

 "സാധ്യതയുണ്ട്‌ട്ടോ? പണ്ട്‌ വീര മാര്‍ത്താണ്ടവര്‍മ്മ പടയോട്ടം നടത്തി ഞങ്ങളൂടെ വീട്ടില്‍ ഒക്കെ വന്നിരുന്നു. ചേര്‍ത്തലയും പരിസര പ്രദേശങ്ങളും ഒക്കെ കീഴടക്കാന്‍ അപ്പൂപ്പന്‍മാര്‍ സഹായിച്ചതായാണു അറിവ്‌" , അവള്‍ ചരിത്രത്തിണ്റ്റെ ഭാണ്ഡം അഴിച്ചിട്ടു!!

"അന്നു കിട്ടിയ സമ്മാനങ്ങള്‍ ഒരു പക്ഷേ ആ കുളത്തിലായിരിക്കും!"

"കുളം വറ്റിച്ചാലോ? എതായാലും നിണ്റ്റെ അഛ്ചനു ഇപ്പോള്‍ പണിയൊന്നുമില്ലലോ?, പക്ഷെ ആരും കാണാതെ വേണം". ഞാന്‍ എണ്റ്റെ ആഗ്രഹം അറിയിച്ചു.

"അതു അടുത്ത്‌ വെക്കേഷനു വീട്ടില്‍ പോകുമ്പോള്‍ തന്നെ അങ്ങ്‌ ചെയ്താല്‍ മതി, വീട്ടുകാര്‍ക്ക്‌ ഇയാളെക്കൊണ്ട്‌ ഒരു പ്രയോജനമുണ്ടാവട്ടെ!!" ഭാര്യക്ക്‌ ഞാന്‍ പറഞ്ഞത്‌ ഇഷ്ടപ്പെട്ടില്ല.

രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു, ഇനി എങ്ങാനും അവളുടെ ഒരു അപ്പൂപ്പന്‍സ്‌ ആ കുളത്തില്‍ നിധി ഒളിപ്പിച്ചിട്ടുണ്ടാവുമോ??

-----------------------------------

"എന്തായി കുഴിക്കല്‍" ഞാന്‍ ഭാര്യോട്‌ ചോദിച്ചു.

 "പെട്ടി എ ബി എന്നിവ കിട്ടി. ഇനി സിയും ഡിയും ആണു കിട്ടാനുള്ളത്‌, കൂടുതല്‍ കുഴിക്കേണ്ടി വരും. ജെ സി ബി വന്നിട്ടുണ്ട്‌" ഭാര്യ അറിയിച്ചു.

"എല്ലാം നീ കൂടെ നിന്നു ചെയ്യിച്ചോണം. ഞാന്‍ ശനിയാഴ്ച്ച വരാം" ഒാഫീസില്‍ പണി കൂടുതല്‍ ഉള്ളതു കൊണ്ട്‌ പൊകാന്‍ പറ്റിയില്ല, ആകെ റ്റെന്‍ഷന്‍!!

ഭാര്യ വീട്ടില്‍ ആകെ തിരക്കാണു, പത്രക്കാര്‍, റ്റി വി, പോലീസ്‌, ഫയര്‍ ഫോര്‍സ്സ്‌ അങ്ങനെ... റ്റി വിയില്‍ ഭാര്യ ആകെ ഷൈനിംഗ്‌ ആണു. അഭിമുഖം, വീണ്ടും അഭിമുഖം... പക്ഷെ നിധിയുടെ കണക്ക്‌ മാത്രം കാണുന്നില്ല. ഇനി അളന്നു തിട്ടപ്പെടുത്താന്‍ പറ്റില്ല എന്നുണ്ടോ??

എണ്റ്റെ പത്മനാഭാ...

ഹോം ലോണ്‍, കാര്‍ ലോണ്‍ അടച്ചു തീര്‍ക്കണം...
 പിന്നെ കൊച്ചിയില്‍ സ്മാര്‍ട്ട്‌ സിറ്റിക്കടുത്ത്‌ ഒരു അന്‍പത്‌ സെണ്റ്റ്‌... പറ്റിയാല്‍ ബെംഗളൂരുവിലെ ഫ്ളാറ്റ്‌ വാടകക്കു കൊടുത്ത്‌ ഒരു സ്ഥലം വാങ്ങി വീടു വെക്കണം... പത്മനാഭന്‍ എണ്റ്റെ ദുഖങ്ങള്‍ കേട്ടിരിക്കുന്നു!!

എതായാലും ശനിയാഴ്ച്ച രാവിലെ തന്നെ ഞാന്‍ ഭാര്യ വീട്ടില്‍ എത്തി. വീട്ടിലെ കുളം ആകെ കുളം തോണ്ടിയിരിക്കുന്നു. അയ്യോ കഷ്ട്ടം! ഒരു നിധി ഒളിപ്പിച്ച്‌ ശാന്തമായിരിക്കുകയായിരുന്നു എന്നലെ വരെ! സുസ്മേര വദനയായി ഭാര്യ വീട്ട്‌ വാതില്‍ക്കല്‍. ഒരു ശരപ്പൊളി മാലയുടെ കുറവുണ്ട്‌ ആ കഴുത്തില്‍! സ്വര്‍ണാഭരണങ്ങള്‍ കാണുമ്പോള്‍ മാത്രമുള്ള ആ പ്രത്യേക ചിരി!!

 "ചേട്ടാ എല്ലാം നമ്മുടെ അലമാരയില്‍ പൂട്ടി വെച്ചിരിക്കുകയാ. ആദ്യം ഒരു ചായ കുടിക്കു, എന്നിട്ട്‌ വിശദമായി കാണാം"

 " അതു വേണോ?" ഞാന്‍ അക്ഷമനായി.

 "എന്നാല്‍ വാ, ഞാന്‍ കാണിച്ചു തരാം" ഭാര്യയോടൊപ്പം നേരെ അലമാരി മുറിയിലേക്ക്‌ നടന്നു.

കനമേറിയ താഴുകള്‍ ഒരോന്നോരോന്നായി അടര്‍ത്തി മാറ്റി, അവള്‍ പെട്ടികള്‍ പുറത്തെടുത്തു.

"ഇതാണു പെട്ടി എ - എണ്റ്റെ ആദ്യത്തെ ഫ്രൊക്ക്‌, ടൂത്ത്‌ ബ്രഷ്‌, സ്ളേറ്റ്‌, ഒട്ടിപ്പോ മായാവി സ്റ്റിക്കര്‍, അമ്മാവന്‍ തന്ന മുത്തു മാല, അങ്ങനെ എല്ലാം..."

 "പിന്നെ ഞാന്‍ ആദ്യമായി മാവില്‍ എറിഞ്ഞ കല്ല്‌ അടുത്ത വീട്ടിലെ അപ്പൂപ്പണ്റ്റെ തല തകര്‍ത്ത്‌ നേരെ ഈ കുളത്തിലാ വീണത്‌! അതും കിട്ടിയിട്ടുണ്ട്‌!" (എതോ ഒരു സിനിമാ ഡയലോഗ്‌?)

"ഇനി പെട്ടി ബി - ഞാനും അപ്പുറത്തെ മണിക്കുട്ടനും ചേര്‍ന്ന്‌ അഛ്ച്നും അമ്മയും കളിച്ചപ്പോള്‍ ഉണ്ടാക്കിയ മണല്‍ പുട്ട്‌, ചിരവാ പുട്ട്‌, പിന്നെ കൊട്ടിയും കോലും... " ഭാര്യയുടെ കണ്ണുകളില്‍ നക്ഷത്ര തിളക്കം, പക്ഷെ ആ നക്ഷത്രങ്ങള്‍ എണ്റ്റെ തലക്കു ചുറ്റുമാണു കറങ്ങിയത്‌!

 "അടുത്ത പെട്ടികളിലേക്ക്‌ പോണോ?" ഭാര്യ ചോദിച്ചു. "പൂമ്പാറ്റ, ബാലരമ, പിന്നെ ബോബനും മോളിയും സ്പെഷ്യല്‍ ഒാണപ്പതിപ്പ്‌ എല്ലാമുണ്ട്‌".

"വേണമെന്നില്ല, നീ ചായ എടുത്തു വെച്ചോള്ളു, നല്ല ക്ഷീണം".

 "എന്നാല്‍ ഇനി ചേട്ടന്‍ ക്ഷീണം മാറ്റിക്കോള്ളൂ, എന്നിട്ടു ഇതിണ്റ്റെ പിന്നെലെ കഥകള്‍ ഞാന്‍ ഒന്നോന്നായി പറയാം, എതായാലും ലീവ്‌ കുറച്ചു ദിവസത്തേക്കുണ്ടല്ലോ?"

 "വളരെ നല്ല കാര്യം", ഞാന്‍ പറഞ്ഞു, ആ കുളം നശിപ്പിച്ചു കളഞ്ഞു, ഇല്ലെങ്കില്‍ ഒന്നു ചാടാമായിരുന്നു. ഇനി സഹിക്കുക തന്നെ പത്മനാഭാ!!

"പിന്നെ വേറോരു കാര്യം, ചേട്ടണ്റ്റെ വീട്ടിലെ അമ്മ വെച്ച ആ വാഴത്തോട്ടമില്ലെ, അവിടെയും  കുഴിക്കാന്‍ തുടങ്ങിയെത്രെ?" ഭാര്യ എന്തോ ഒാര്‍ത്ത്‌ പറഞ്ഞു.

 "എണ്റ്റെ പത്മനാഭാ, അനുഗ്രഹിച്ചീടണേ"

-------------------------------

 "ഇതെന്താ ഇന്നു പതിവില്ലാതെ, ദൈവത്തെ വിളിച്ച്‌ ഉണരുന്നത്‌?" ഭാര്യ കട്ടിലിനു അടുത്ത്‌ വന്നു ചോദിച്ചു.

പെട്ടി, കുളം എല്ലാം അങ്ങനെ ഒരു സ്വപ്നമായി അവശേഷിച്ചു.

"എണ്റ്റെ വീട്ടില്‍ കുഴിക്കാന്‍ തുടങ്ങിയെന്നല്ലെ നീ പറഞ്ഞത്‌?" ഞാന്‍ ഭാര്യയോട്‌.

"എന്ത്‌?" ഭാര്യക്കു മനസ്സിലായിലെന്നു തോന്നുന്നു.

 "കട്ടന്‍ കാപ്പിയുണ്ട്‌, കുടിച്ചോളു"

പക്ഷെ അത്‌ കേള്‍ക്കാതെ ഞാന്‍ വീട്ടിലേക്ക്‌ വിളിച്ചു. അമ്മ അപ്പുറത്ത്‌ ഫോണ്‍ എടുത്തു.

"അമ്മേ, ആ പാപ്പച്ചനോട്‌ പറഞ്ഞ്‌ ആ വാഴത്തോട്ടം ഒന്നു കുഴിപ്പിക്കണം"

"എന്തിനാ" അമ്മക്ക്‌ അത്ഭുതം.

 "അവിടെ കുഴിച്ചാല്‍ ചിലപ്പോള്‍ നിധി വല്ലതും കിട്ടിയേക്കും" ഞാന്‍ പറഞ്ഞു.

 "നിനക്കു നിണ്റ്റെ അഛചണ്റ്റെ അസുഖമാണോടാ, പഴയ സാധനങ്ങളെല്ലാം കെട്ടിപ്പിടിച്ച്‌ ഇരുന്നോളും. ഒന്നും എടുത്ത്‌ കളയില്ല."

"നിണ്റ്റെ പഴയ ആ പത്താം ക്ളാസിലെ അന്‍ഡര്‍വെയറെല്ലാം കഴിഞ്ഞ ആഴ്ച്ചയാ ഒന്നു കത്തിച്ച്‌ അവിടെ കുഴിച്ചിട്ടത്‌, ഇനി അതെല്ലാം പൊക്കിയെടുക്കണോ? നിധിയാണേത്രെ!".

 വേണ്ടായിരുന്നു പത്മനാഭാ, രാവിലെ തന്നെ അഛനേയും ചീത്ത കേള്‍പ്പിച്ചു.

"എന്താ, രാവിലെ നിധിയേക്കുറിച്ച്‌ ഒരു സംസാരം?" ഭാര്യ കാപ്പിയുമായി മുന്നില്‍.

 "അത്‌ അടുത്ത വീട്ടിലെ കൊച്ചച്ചണ്റ്റെ മോളില്ലേ? നിധി, അവള്‍ക്കു സുഖമല്ലെ എന്നു ചോദിച്ചതാ"

ഞാന്‍ ആ കാപ്പിയുടെ ചൂടിലേക്ക്‌ ഉള്‍വലിഞ്ഞു.

[ഫോട്ടോ കടപ്പാട്‌: ഗൂഗിള്‍,ഐക്കണ്‍ ആര്‍ക്കൈവ്‌. കോം]

അഭിപ്രായങ്ങള്‍

ഉല്ലാസ് പറഞ്ഞു…
എണ്റ്റെ ശ്രീ പത്മനാഭാ, നീ തന്നെ ശരണം!!
Ajeesh Mathew പറഞ്ഞു…
ശ്രീ പദ്മനാഭാനെന്തിനാ ലക്ഷം കോടി കേരള സര്‍ക്കാരിനു കൊടുത്താല്‍ ആ എ ഡി ബി യുടെ കടം എങ്കിലും അടച്ചു തീര്‍ക്കാം .
Vp Ahmed പറഞ്ഞു…
ഇങ്ങനെ എത്ര നിധികള്‍ നമ്മുടെ നാട്ടില്‍ കിടപ്പുണ്ട്, ആര്‍ക്കും താല്പര്യം ഇല്ലാതെ.
അതെ, എത്രയാ നിധി, അതു് ദിവസവും ഇങ്ങിനെ കൂടിക്കൂടി വരുന്നു. ഒന്നു കാണാനെങ്കിലും പറ്റിയാല്‍ മതിയായിരുന്നു സ്വര്‍ണ്ണക്കട്ടിയും തങ്കവിഗ്രഹവും ശരപ്പൊളി മാലയുമെല്ലാം.
Lipi Ranju പറഞ്ഞു…
ഹായ്, ഇത് കലക്കിട്ടോ.. :) ഇനിയിപ്പോ വീട്ടിലെ കിണറും ഒന്ന് നല്ലോണം കുഴിച്ചു നോക്കണം ... ഈ പോസ്റ്റ്‌ വായിച്ചപ്പോളാ ആ ബുദ്ധി വന്നത് !!നന്ദി മാഷേ :))
mayflowers പറഞ്ഞു…
"എന്തായി സ്കോര്‍?"
നല്ലപോലെ ചിരിച്ചു..
നിരക്ഷരൻ പറഞ്ഞു…
:):):) ഞാൻ മനസ്സറിഞ്ഞ് ചിരിച്ചു ചങ്കരൻ. കേമായിട്ട് എഴുതീട്ടുണ്ട്.
Unknown പറഞ്ഞു…
ഹെ ഹെ ഹേ..
ന്നാലും ചങ്കരാ, ത്ര വേണ്ടാര്‍ന്ന്!!

എഴുത്ത് ഉഷാറാക്കീട്ടാ,
ഞാനുമൊന്ന് വിളിക്കട്ട് വീട്ടിക്ക്, പിറക് വശത്തെ ചാരക്കുപ്പ ഒന്ന് മാന്തിയാലോന്ന് ഒരു ചിന്ത, ഒക്കെ കേട്ടപ്പൊ, ങേ...!!
ഉല്ലാസ് പറഞ്ഞു…
നന്ദി : പഥികന്‍, അജീഷ്‌, വിപി, രഘു, എഴുത്തുകാരി ചേച്ചി, ലിപി, മേയ്ഫ്ളവര്‍, നിരക്ഷരന്‍, നിശാസുരഭി
Prabhan Krishnan പറഞ്ഞു…
ശബരിമല അയ്യപ്പനും,ഗുരുവായൂരപ്പനുമൊക്കെ പരസ്പരം വിളിയോടു വിളി..!..
”പപ്പനാവന്റെ മൊതലു മൊത്തം പോയി..ഇനി ഇങ്ങോട്ടെന്നാണാവോ..മാന്താന്‍ വരുന്നെ..!!“

ഇവിടെ ഞാനാദ്യമാണ്. എഴുത്ത് നന്നായിട്ടുണ്ട്
പത്മനാഭന്റെ നിധി കൊണ്ട് ഇങ്ങനെയും ഒരു ഗുണമുണ്ടായി അല്ലേ..!
ആശംസകള്‍..!
mini//മിനി പറഞ്ഞു…
നിധിപുരാണം ഇവിടെ ഇപ്പൊഴാ കണ്ടത്, നന്നായിരിക്കുന്നു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

ബംഗളൂരു നാട്‌ : ചപ്പാത്തി ഇങ്ങനേയും പരത്താം!!!