Sunday, September 26, 2010

ഹൃദയ ശൂന്യത!

ഇന്നു ലോക ഹൃദയദിനം. ശരീരത്തില്‍ ഹൃദയം ഉള്ളവര്‍ക്ക്‌ ആശങ്കപ്പെടാന്‍ ഒരു ദിനം! രാവിലെ പത്രം തുറന്നപ്പ്പോള്‍ പേജ്‌ മുഴുവന്‍ നമ്മുടെ ഹൃദയത്തിനേക്കുറിച്ചാണു വാര്‍ത്ത. ഭയങ്കരാണത്രേ പുള്ളി. ഇരുപത്തിനാലു മണിക്കൂറും നമ്മള്‍ക്കു വേണ്ടി പണി ചെയ്യുന്നു. പക്ഷെ കാണേണ്ടതുപോലെ കണ്ടില്ലെങ്കില്‍ അദ്ദേഹം പിണങ്ങും. പിന്നെ നമ്മള്‍ അനുഭവിക്കും. എങ്ങനെയെല്ലാം അവനെ സന്തോഷിപ്പിക്കാമെന്നു പത്രത്തില്‍ ഉണ്ടു. എന്തു ഭക്ഷിക്കണം, അതിനു ശേഷം എങ്ങനെ വ്യായാമം ചെയ്യണം..അങ്ങനെ ഹൃദയത്തെ സുഖിപ്പിച്ചു നിര്‍ത്താനുള്ള വഴികള്‍ എല്ലാം. ഞാന്‍ കസേരയിലേക്ക്‌ ചാഞ്ഞു. പതുക്കെ നെഞ്ചിനോട്‌ കൈ ചേര്‍ത്തു. ആ കൈ പക്ഷെ ഒരു ശൂന്യതയിലേക്ക്‌ നീണ്ടപോലെ തോന്നി. ഒരു ഹൃദയ ശൂന്യതയിലേക്ക്‌! ഹൃദയം ഉള്ളവനല്ലേ ഈ പേപ്പറില്‍ എഴുതിയതു വായിക്കേണ്ടു? അതില്ലാത്തവനോ? ഒരു പ്രണയിനി ഇല്ലാത്തവനു പ്രണയദിനം എങ്ങനെയിരിക്കും? ഒരു പക്ഷെ അവന്‍ ആ ദിവസം പുറത്തിറങ്ങി ഒരുവളെ കണ്ടെത്തിയേക്കാം. അല്ലെങ്കില്‍ അടുത്ത ദിനം വരുമ്പോഴേക്കും ഒരുവളെ കിട്ടിയേക്കാം. പക്ഷെ ഇതങ്ങനെയാണോ? ഹൃദയം വാങ്ങാന്‍ കിട്ടുമോ? ഇല്ലാത്തത്‌ ഇല്ലാത്തതു തന്നെയല്ലെ?

പണ്ട്‌ നാലാം തരത്തില്‍ പഠിക്കുമ്പോള്‍ തുമ്പിയെകൊണ്ട്‌ കല്ല് എടുപ്പിക്കുന്ന കൂട്ടുകാരനോട്‌ ഞാന്‍ ചോദിച്ചു. "ഡാ, നിനക്കു ഹൃദയമില്ലേ? ആ തുമ്പിയെ ഇങ്ങനെ കഷ്ടപ്പെടുത്തണോ?". കൂട്ടുകാരന്‍ ഒരു പുഛത്തോടെ എന്നെ നോക്കി. പിന്നീട്‌ അവന്‍ തന്നെ എന്നോട്‌ ഇതേ ചോദ്യം ചോദിച്ചു. അന്നു ഞാന്‍ ഒരുത്തനെ കോമ്പസിനു കുത്തി നില്‍ക്കുകയായിരുന്നു. ചോര പൊടിയുന്നുണ്ട്‌ ആ കൈയിന്‍ നിന്നു. എന്റെ മുഖത്തോ അതേ പുഛ ഭാവം. ക്ലാസ്‌ ടീച്ചറിന്റെ കൈയ്യില്‍ നിന്നു ചൂരല്‍ എന്റെ കൈകളില്‍ ആഞ്ഞാഞ്ഞു പതിക്കുമ്പോള്‍ ഞാന്‍ വേദനയോടെ ടീച്ചറോടും ചോദിച്ചു "നിങ്ങള്‍ക്കു ഒരു ഹൃദയമില്ലെ ടീച്ചറെ?". പിന്നീട്‌ കാമ്പസില്‍ ചിതറി തെറിച്ച ചോരയുടെ മുന്നില്‍ ഞാന്‍ ഒരു ഹൃദയമില്ല്ലാത്തവനായി നിന്നപ്പോള്‍ ഒപ്പമുള്ള പെണ്‍ സഹപാഠികള്‍ നില വിളിച്ചു പറഞ്ഞു "ഹൃദയമില്ലാത്തവര്‍". തല പൊട്ടി ഒഴുകുന്ന രക്തച്ചാലുകള്‍ ലാത്തിയുടെ അറ്റത്ത്‌ സ്പര്‍ശിച്ചപ്പോള്‍ അവിടെ ഒരു പോലീസുകാരനും ഹൃദയമില്ലായിരുന്നു. പിന്നീട്‌, വെറുപ്പും, പകയും ജീവിതത്തില്‍ നിറഞ്ഞപ്പോള്‍ ഈ ചോദ്യത്തിനു പ്രസക്തിയില്ലാതായി. വിദ്യാഭ്യാസകാലം കഴിഞ്ഞു ഒരിക്കല്‍ കാമുകി എന്നോട്‌ കരഞ്ഞു പറഞ്ഞു. "നിനക്ക്‌ ആരേയും സ്നേഹിക്കാന്‍ കഴിയില്ല...നീ ഒരു ഹൃദയമില്ലാത്തവനാണു" പ്രണയകാലത്ത്‌ ഞാന്‍ അവള്‍ക്കയച്ച ഹൃദയത്തിന്റെ അടയാളമുള്ള കാര്‍ഡുകള്‍ അവള്‍ അപ്പോള്‍ നെഞ്ചോട്‌ ചേര്‍ത്ത്‌ പിടിച്ചിരുന്നു. പിന്നീട്‌ അത്‌ തീയില്‍ അമര്‍ന്നപ്പോള്‍ അവള്‍ അവളുടെ ഹൃദയവും അതില്‍ ഹോമിച്ചു.

കാലം പിന്നേയും ഒരുപാട്‌ കഴിഞ്ഞു. ജീവിതത്തില്‍ പലതും നേടി. നല്ല ജോലി, ശമ്പളം, ഒരു വീട്‌, വാഹനം അങ്ങനെ. അപ്പോഴോന്നും ഹൃദയത്തെക്കുറിച്ച്‌ ഞാന്‍ ചിന്തിച്ചിട്ടില്ല. ചുറ്റുപാടുമുള്ളവര്‍ ആരും തന്നെ നിനക്കു ഒരു ഹൃദയമില്ല്ലേഡാ എന്നു ചോദിച്ചിട്ടില്ല. അവര്‍ ഒരു പക്ഷെ അതിനര്‍ഹരല്ലായിരിക്കാം. ഒടുവില്‍ കഴിഞ്ഞ ദിവസം ഒരു കലഹത്തിന്റെ അന്ത്യത്തില്‍ ഭാര്യ ചോദിച്ചു, "ഒരു സ്നേഹവുമില്ല്ല എന്നോട്‌, ഒരു ഹൃദയവുമില്ലാത്ത മനുഷ്യന്‍!". അങ്ങനെ ഞാന്‍ വളരെക്കാലത്തിനു ശേഷം അത്‌ വീണ്ടും തിരിച്ചറിഞ്ഞു. നാലാം തരത്തില്‍ ഞാന്‍ ചോദിച്ചു തുടങ്ങിയത്‌... പിന്നെ പലരും എന്നോട്‌ ചോദിച്ചത്‌... ഒടുവില്‍ ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു കൊണ്ട്‌ എന്റെ ഭാര്യ എന്നോട്‌ പറഞ്ഞത്‌!

ഞാന്‍ എന്റെ കൈ നെഞ്ചില്‍ നിന്നെടുത്തു. പത്രത്താളുകള്‍ മറിച്ചു. ബി പി, കൊളസ്ട്രോള്‍ ഇവ എങ്ങനെ നിയന്ത്രിക്കാം എന്നു ഒരു ലേഖനം. ഞാന്‍ അപ്പോള്‍ ഓര്‍ത്തു. ഹൃദയരഹിതനായ എനിക്ക്‌ ഇവയൊക്കെ എങ്ങനെ വന്നു? മരുന്നുകള്‍ മുറക്കു കഴിക്കുന്നുമുണ്ട്‌. ഡോക്ടര്‍ പറ്റിച്ചതാണോ? അതോ എന്റെ കൈ ചെന്നെത്തിടാത്തോരിടത്ത്‌ അദ്ദേഹം ഇരിപ്പുണ്ടോ? ഈ ശൂന്യതക്കപ്പുറത്ത്‌? വേണ്ട, ഒരു അന്വേഷണത്തിനു ഞാനില്ല. വീണ്ടെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..അതിന്റെ ആവശ്യം ഇനി ഇല്ല. ഒരു പക്ഷെ ആ കണ്ടെത്തല്‍ ഹൃദയം പൊട്ടുന്ന ഒരലര്‍ച്ചയിലേ അവസാനിക്കു!

6 comments:

ചെറുവാടി said...

Good Article.

kaattu kurinji said...

My Friend...

valare bhabgiyayi paranju hrudaya shoonyathayeppatti!

Jishad Cronic said...

good writing...

ശോഭിത said...

Something Different...!!!

jiya | ജിയ said...

ചക്കീ... നീ ഭഗ്യവാനാ....
അറ്റാക്ക് വരുമെന്ന പേടി വേണ്ടല്ലോ..?
ഹ്യദയമുള്ള ഞങ്ങളുടെ കാര്യമാ കഷടം എപ്പോഴാ പണിമുടക്കുകയെന്നാരറിഞ്ഞു.. നമ്മുടെ ബസ്സുകാരെ പോലയാ...
(ഹ്യദയം പണിമുടക്കിയിട്ടില്ലങ്കിൽ വീണ്ടും കാണാം.. )

അരുണ്‍ കായംകുളം said...

:)
nannayirikkunnu