Tuesday, March 16, 2010

ബംഗലൂരു നാട്‌: സ്വന്തം വീരരാഘവന്‍

മീന്‍ (അലങ്കാര മത്സ്യങ്ങള്‍, അല്ലാതെ അയലയോ മത്തിയോ അല്ല കേട്ടോ!) വാങ്ങണമെന്ന മോഹവുമായി എത്തിചേര്‍ന്നത്‌ ഒരു വലിയ ഷോപ്പിംഗ്‌ മാളിനു മുന്നില്‍. (പണ്ട്‌ പാലക്കാടന്‍ വയല്‍ പാടങ്ങളിലെ വെള്ള ചാലുകളില്‍ ഉടുമുണ്ടുകൊണ്ട്‌ പരല്‍ മീനുകളെ പിടിച്ചു നടന്ന കാലം മുതല്‍ക്കേ ഉള്ള ഒരു ആഗ്രഹം!) നേരെ മീന്‍ കച്ചവടക്കരന്റെ കടയിലേക്ക്‌. നിറഞ്ഞ ചിരിയോടെ അയാള്‍ എന്നെ സ്വീകരിച്ചു. ഒപ്പം കച്ചവടക്കാരിയുമുണ്ട്‌. ചില്ലു കൂട്ടില്‍ പൊളപ്പന്‍ മീനുകള്‍!. ചുവപ്പ്‌, കറുപ്പ്‌, മഞ്ഞ, നീല, പച്ച എന്നിങ്ങനെ വിവിധ ദേശക്കാര്‍, ഭാഷക്കാര്‍. മെലിഞ്ഞുണങ്ങിയ സുന്ദരന്മാരും സുന്ദരികളും. തടിച്ചുകൊഴുത്ത്‌ വീര്‍ത്ത്‌ വയറെല്ലാം ചാടിയ തടിമാടന്മാര്‍. അമ്മമാരുടെ കൈ പിടിച്ച്‌ നടക്കുന്ന കുഞ്ഞു കുറുമ്പന്മാര്‍. പ്രണയ പരവേശത്താല്‍ കാമുകിമാരെ തഴുകി നടക്കുന്ന റോമിയൊമാര്‍. കുഴിയിലേക്ക്‌ കാലും നീട്ടിയിരിക്കുന്ന അപ്പൂപ്പന്‍സ്‌ അമ്മൂമ്മാസ്‌. അങ്ങനെ ഒരു ചെറിയ ലോകം തന്നെ. ആവൂ..ഏതിനെ ദത്തെടുക്കണം? ഞാന്‍ ആലോചിച്ചു. നല്ല ശക്തനായ ഒരുവനാവണം. എതു കഠിന ജീവിത സാഹചര്യങ്ങളെയും തരണം ചെയ്യാന്‍ കഴിയുന്നവനാവണം. മനസ്സ്‌ അചഞ്ചലമായിരിക്കണം. നെഞ്ചില്‍ തീ ആളിപടരുമ്പൊഴും പുറമേ ഒരു നിറ പുഞ്ചിരി തൂകുന്നവന്‍. (ഇത്രയും വേണോ?? വേണം, കാരണം സമയാസമയങ്ങളില്‍ ഭക്ഷണം കിട്ടിയെന്നുവരില്ല!) കൂടാതെ സുമുഖന്‍, സുന്ദരന്‍. ഒടുവില്‍ ഞാന്‍ കണ്ടെത്തി. ഒന്നല്ല..രണ്ടുപേര്‍. ഒരേ ദേശക്കാര്‍. നല്ല മനസ്സിന്റെ ഉടമകള്‍. പട്ടിണിയും പരിവേഷവും നിറഞ്ഞ ബാല്യമായിരുന്നു അവരുടെതെന്ന് കച്ചവടക്കാരന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ നമ്മുക്ക്‌ ഇവരെ നമ്മുടെ ജീവിതത്തിലേക്ക്‌ വിളിക്കാം. ഞാന്‍ ഭാര്യയോട്‌ ചോദിച്ചു. "എനിക്കറിഞ്ഞുകൂട.., പക്ഷെ ഇതിന്റെ അപ്പിയും, മൂത്രവും ഞാന്‍ കോരിക്കളയില്ല. ചേട്ടനായിക്കോള്ളു" അവളുടെ ക്രൂരമായ മറുപടി. ഏതായാലും ഞാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയില്‍ നമ്മുടെ പയ്യന്മാര്‍ ചില്ലു കൂട്ടില്‍ നിന്ന് എന്നെ നൊക്കി എന്തോ തെറി വിളിച്ചോ? "ഒരു തടിമാടന്‍ വന്നിട്ടുണ്ട്‌, ഇയാള്‍ക്ക്‌ വല്ല ആടിനേയോ പശുവിനേയോ വളര്‍ത്തിക്കൂടെ? പാലെങ്കിലും കിട്ടും. ഇനി കൊന്നു തിന്നാനാണോ? ആ ഒപ്പമുള്ള പെണ്ണിന്റെ വായില്‍ ഇപ്പോഴെ വെള്ളം നിറഞ്ഞിരിക്കുന്നു" എന്നിങ്ങനെ ഒരുവന്‍ മറ്റവന്റെ ചെവിയില്‍ മുറുമുറുത്തു. അവരുടെ സംശയം മാറ്റാനായി ഞാന്‍ അവരോട്‌ മൊഴിഞ്ഞു. "ഞാന്‍ നിങ്ങളെ പൊന്നു പോലെ നൊക്കാം കെട്ടോ. വീട്ടില്‍ കാറുണ്ട്‌, ടിവി, ഫ്രിഡ്ജ്‌, വാഷിംഗ്‌ മഷീന്‍ എല്ലാമുണ്ട്‌. എന്റെ ഒപ്പം വരില്ലേ?" ഒടുവില്‍ ഒരു കവറില്‍ രണ്ടിനേയും പാക്ക്‌ ചെയ്തു. ഒപ്പം സോപ്പ്‌, ചീപ്പ്‌, കണ്ണടി. പിന്നെ വയറിളക്കം, ആസ്മ, ചൊറി, ചെരങ്ങ്‌, മൂത്രത്തില്‍ കല്ല് ഇവക്ക്‌ മരുന്നും. ഈ അസുഖമെല്ലാം ഞങ്ങള്‍ക്കും വരുന്നതാണെന്നും, വീട്ടില്‍ മരുന്നുണ്ടെന്നും പറഞ്ഞിട്ടും കച്ചവടക്കാരന്‍ സമ്മതിച്ചില്ല!. ഒടുവില്‍ കടയില്‍ നിന്ന് ഇറങ്ങുമ്പൊള്‍ അവരുടെ കൂട്ടുകാര്‍, കാമുകിമാര്‍ ഇവര്‍ ചേര്‍ന്ന് ഒരു 'സെന്റ്‌ ഓഫ്‌' ഉം നല്‍കി. കണ്ണുനീര്‍ ചില്ലു കൂടുകളെ തകര്‍ത്ത്‌ ഒരു പ്രളയമായി ഷൊപ്പിംഗ്‌ മാളിനെ ഗ്രസിച്ചു!(ഹമ്മോ)


തിരിച്ച്‌ ഫ്ലാറ്റിലേക്ക്‌ പൊവുമ്പൊള്‍ ഞാന്‍ ഓര്‍ത്തു...എന്ത്‌ പേരിടും ഇവര്‍ക്ക്‌? ഒടുവില്‍ തീരുമാനിച്ചു, കൂട്ടത്തില്‍ കുറുമ്പനായവനു വീരരാഘവന്‍ എന്നും മറ്റേവനു ദിനേശന്‍ എന്നും. (കാരണം? ഒരോ തോന്നല്‍). അങ്ങനെ ഞങ്ങളുടെ കൊച്ചു കുടുംബത്തില്‍ അവരും അംഗങ്ങളായി. പിന്നെ അങ്ങോട്ട്‌ അവരുടെ കളിയും ചിരിയും താമാശകളും (?) ഞങ്ങളുടെ ജീവിത്തിന്റെ ഭാഗമായി. എകദേശം 8 അടി നീളവും 3 അടി വീതിയും ഉള്ള വലിയ ഒരു മേശയില്‍ ഒരു ചെറിയ ഗ്ലാസ്‌ കൂട്ടിലാണു ഞാന്‍ ഇവയെ ഇട്ടത്‌. സാരമില്ല, ബംഗളൂരു അല്ലെ, ഒരോ അടിക്കും പൊന്നിന്റെ വിലയാ. അവന്മാര്‍ക്ക്‌ മനസ്സിലാവും. അവരുടെ ഒരോ കാര്യത്തിലും ഞാന്‍ ശ്രദ്ധാലുവായിരുന്നു. 2 ദിവസം കൂടൂമ്പൊള്‍ മൂത്രം എടുത്തുകളയണം..പിന്നെ നാലാം ദിവസം അപ്പിയും. വയറിളക്ക സീസണില്‍ നല്ലപൊലെ ഉണ്ടാവും എടുത്തുകളയാന്‍!. പറഞ്ഞിട്ടുകാര്യമില്ല, ആക്രാന്ത പഥികര്‍ അണിവര്‍ എന്നു മനസ്സില്ലായി. 24 മണിക്കൂറും വായും പൊളിച്ച്‌ നീന്തി നടക്കും. ഒരു ഐ ടി എഞ്ചിനീയര്‍ ബംഗളൂരുവില്‍ കേരളാ മെസ്സില്‍ കയറിയതുപോലെയാണു ഇവര്‍ ആഹാരം കണ്ടാല്‍. ഭാര്യയുടെ നിസ്സഹകരണം കാരണം ഞാന്‍ എപ്പോഴും മലവും മൂത്രവും പേറി!.

വീരരാഘവനും ദിനേശനും തമ്മിലുള്ള ഒരു 'കെമിസ്ട്രി' വളരെ നല്ല്ലതായിരുന്നു. പക്ഷെ കൈയ്യൂക്കുള്ളവന്‍ കാര്യകാരന്‍ എന്നു പറയാറുള്ളതു പോലെ പലപ്പോഴും വീരന്‍ ദിനേശന്റെ നേരെ കുതിരകേറിയിരുന്നു. ഭക്ഷണം കൊടുക്കുമ്പൊള്‍ പ്രത്യേകിച്ച്‌. എന്നാലും മിക്കപ്പ്പ്പൊഴും അവര്‍ തമ്മില്‍ നല്ല സൗഹൃദത്തില്‍ തന്നെ ആയിരുന്നു. ചിലപ്പൊള്‍ തോളില്‍ കൈയിട്ട്‌...മറ്റു ചിലപ്പ്പ്പോള്‍ വെള്ളത്തിന്റെ അഗാധതയിലേക്ക്‌ ഊളിയിട്ട്‌...ഒരുമിച്ചങ്ങനെ. പക്ഷെ അധികകാലം ദിനേശനു ആയുസ്സിലായിരുന്നു. നൂറു ദിവസത്തെ ആ ആവാസം ഒരു പ്രഭാതതില്‍ പെട്ടെന്ന് അവസാനിച്ചു. (കാരണം ഇപ്പോഴും ദുരൂഹം). ജീവന്‍ വിട്ടകലുന്ന ദിനേശനെ തട്ടി ഉണര്‍ത്താന്‍ വീരന്‍ ശ്രമിച്ചത്‌ ഒരു നൊമ്പരമായി മാറി. ഒടുവില്‍ സ്പന്ദനങ്ങള്‍ വിട്ടകന്ന ആ ശരീരം പതുക്കെ ചില്ലു കൂട്ടില്‍ നിശ്ചലമായപ്പൊള്‍ അവന്‍ ഒരു മൂലയിലേക്ക്‌ ഒതുങ്ങി.

വീരരാഘവനും ദിനേശനും - ഒരു ഫയല്‍ ഫോട്ടോ.


പിന്നെ അങ്ങോട്ട്‌ വീരന്‍ കുറച്ചുകാലത്തേക്ക്‌ ഒറ്റക്കായിരുന്നു. ഏകനായതിന്റെ ദുഖം അവനു താങ്ങാനാവുന്നതിലും അധികമായപ്പൊള്‍ ഞാന്‍ അവനു ഒരു കൂട്ട്‌ തേടി പഴയ മീന്‍ കച്ചവടക്കാരനെത്തേടിയിറങ്ങി. ഒരു കൂട്ടുകാരിയായാലോ? യൗവനയുക്താനായ അവന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതും അതാകും. 'രോഗി ഇഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും വിക്സ്‌' എന്നൊക്കെ പറയുന്നതുപോലെ! പക്ഷെ കച്ചവടക്കാരനു ഒരു ഉറപ്പും ഇല്ലത്രെ! യുവതിയായ ഒരുവളെ നിങ്ങള്‍ തന്നെ കണ്ടുപിടിച്ചു കൊള്ളാന്‍ അയാള്‍ അവശ്യപ്പെട്ടു. കണ്ണാടികൂട്ടിലേക്ക്‌ ഞാന്‍ ഒരു വായ്‌ നൊക്കിയെപ്പൊലെ ഞാന്‍ തുറിച്ചുനോക്കി. സുന്ദരിയെ എങ്ങനെ കണ്ടെത്തും? മുകളില്‍ സൂചിപ്പിച്ചതുപോലെ റോമിയോമാരോടൊപ്പ്പം കാണുന്നവരെ സെലെക്റ്റ്‌ ചെയ്താലോ? പക്ഷെ ഈ കാലത്ത്‌ ഒന്നും വിശ്വസിക്കാന്‍ പറ്റില്ല. ദില്ലി കോടതി പറഞ്ഞു കഴിഞ്ഞു. പുരുഷനു പുരുഷനെ തന്നെ സെലെക്റ്റ്‌ ചെയ്യാം. ഇനി വീരനെങ്ങാനും?? ഇല്ല,അതു ഞാന്‍ അനിവദിക്കില്ല! പ്രകൃതിനിയമങ്ങളേ എന്റെ വീട്ടില്‍ അനുവദിക്കു! ഏതായാലും ഒടുവില്‍ ഞാന്‍ ഒരുവളെ (വനെ?) കണ്ടെത്തി. പേരോ? പെണ്ണാണെന്നു തെളിഞ്ഞാല്‍ വല്ല ത്രിപുര സുന്ദരി എന്നോ മറ്റോ...

അങ്ങനെ വീരനു ഒരു കൂട്ട്‌. ഇനി ഒരു കുഞ്ഞിക്കാലു കാണാന്‍? ഒരോ മോഹങ്ങളെ..! പക്ഷെ ഞാന്‍ ചിലപ്പോഴൊക്കെ ഒന്നു ചില്ലുകൂട്ടില്‍ നൊക്കാറുണ്ട്‌...ഒരു കുഞ്ഞു വീരന്‍ അങ്ങനെ നീന്തിത്തുടിച്ച്‌ പൊങ്ങിവരുന്നത്‌ കാണുന്നുണ്ടോ?

പിന്‍ കുറിപ്പ്‌: ഈ ബ്ലോഗിന്റെ താഴെ ഞാന്‍ ഒരു ഗാഡ്ജറ്റ്‌ ഉണ്ടാക്കിയിട്ടുണ്ട്‌. എന്റെ വീട്ടില്‍ വീരനും അവന്റെ കൂട്ടും താമസിക്കുന്ന ചില്ലു കൂട്ടിന്റെ ഒരു പ്രതിഫലനം!. നിങ്ങള്‍ക്കും ആ മീനുകള്‍ക്ക്‌ ഭക്ഷണം കൊടുക്കാം. ആക്രാന്തത്തോടെ അവ പാഞ്ഞു വരുന്നതുകണ്ടോ?

6 comments:

പട്ടേപ്പാടം റാംജി said...

വളരെ ഇഷ്ടായി.
ഞാന്‍ കുറെ നേരം മീനുകള്‍ക്ക് ഭക്ഷണം കൊടുത്തു.
നല്ല സന്തോഷം തോന്നി അപ്പോള്‍.
ഒരു കഥ പോലെ വീരരാഘവനെയും ദിനേശനെയും
അവതരിപ്പിച്ച് നന്നാക്കി.
മിനുകളുടെ മനോഹരമായ ചിത്രം പോലെ ഭംഗിയുള്ള
രചന.

ശ്രീ said...

കൊള്ളാമല്ലോ. ആ പേരുകള്‍ മാത്രം കേട്ടാല്‍ ആനയേയോ മറ്റോ ആണ് വളര്‍ത്തുന്നത് എന്ന് തോന്നും.

അല്ല, ഒരു കുഞ്ഞിക്കാല്... സോറി, കുഞ്ഞിവാല്‍ കാണുമ്പോള്‍ അറിയിയ്ക്കണേ... ;)

Anonymous said...

അതെ അതെ.. പേര് കേട്ടാ തോന്നില്ല മീന്‍ ആണെന്ന്..
നാട്ടില്‍ പോവുമ്പോ തോട്ടില്‍ നിന്ന് വരാലിനെയോ കരട്ടിയെയോ മറ്റോ കൊണ്ട് വന്നാ പോരായിരുന്നോ...

നമ്മുടെ നാട്ടില്‍ ധാരാളമുണ്ടല്ലോ രണ്ടും
..രാമപുരത്തെ..

ചങ്കരന്‍ said...

വളരെ നന്ദി, റാംജി.

ശ്രീ, തീര്‍ച്ചയായും അറിയിക്കാം.

നേഹ, രാമപുരത്തുകാരിയാണോ? മീന്‍ പിടിത്തത്തില്‍ ഉപദേശം വല്ലതും?..:-)

Radhika Nair said...

എന്നിട്ട് കുഞ്ഞു വീരന്‍ അങ്ങനെ നീന്തിത്തുടിച്ച്‌ പൊങ്ങിവരുന്നത്‌ കണ്ടോ?

ശ്രീ പറഞ്ഞത് പോലെ പേര് കേട്ടാല്‍ ആന ആണോ എന്ന് തോന്നും :)

അരുണ്‍ കായംകുളം said...

ആ ഗഡ്ജറ്റങ്ങ് ബോധിച്ചു :)