ബംഗലുരു നാട്‌ : അമളികള്‍ പലവിധം ഉലകില്‍ സുലഭം!

അമളികള്‍ പലവിധം ഉലകില്‍ സുലഭമല്ലേ? എന്റെ ഭാര്യയുടെ ഒരു സുഹൃത്തിനു പറ്റിയ അമളി ഓര്‍ത്തപ്പോള്‍ അങ്ങനെ തൊന്നിപ്പോയി. ആര്‍ക്കും ഏപ്പൊഴും എവിടെയും സംഭവിക്കാം. അത്‌ വരുന്ന വഴി പല വിധത്തിലായിരിക്കും, പല രൂപത്തിലും. ഈ സുഹൃത്തിനു സംഭവിച്ചത്‌ സ്വന്തം വസ്ത്രത്തിലൂടെയായിരുന്നു. ഇതോര്‍ത്തപ്പൊള്‍ ഇതുപൊലുള്ള ചില അമളികളും അത്‌ മറയ്ക്കാനുള്ള ആളുകളുടെ തത്രപ്പടും മനസ്സില്‍ കടന്നു വന്നു.


ഭാര്യയുടെ സുഹൃത്തിന്റെ കാര്യത്തില്‍ സംഭവിച്ചതിതാണു. രാവിലെ ഓഫീസിലേക്കിറങ്ങിയപ്പൊള്‍ പുള്ളിക്കാരനു ഒരു സംശയം, പാന്‍റ് കുറച്ചു 'ടൈറ്റ്‌' ആണോ എന്ന്. കുറേ കാലമായി അലമാരിയില്‍ ഇരിക്കുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ വാങ്ങിയതാണു. ആകെ ഒരു ഫ്രൈഡേ മാത്രമേ ഗള കൗപീനം അഴിച്ചു വച്ച്‌ മനസിനിണങ്ങുന്ന വസ്ത്രം ധരിക്കാന്‍ ഓഫിസില്‍ അനുവാദമുള്ളു. അന്നു ഐ ടി ചുള്ളന്മാര്‍ തമ്മില്‍ മല്‍സരമാണു. പാശ്ചാത്യ പൗരസ്ത്യ വേഷങ്ങളിലെ പുതിയ ഫാഷന്‍ പരീക്ഷിക്കാന്‍ പറ്റിയ അവസരം. കൂടാതെ 'ടൈറ്റ്‌' ആയ വസ്ത്രങ്ങള്‍ ധരിച്ചാല്‍ സോഫ്റ്റ്‌ 'വയര്‍' എന്നുള്ള കളിയാക്കലുക്കള്‍ മാറ്റാന്‍ മസിലുകള്‍ കാണിക്കുക്കയുമാകാം. ഏതായാലും സുഹൃത്ത്‌ ആ പാന്‍റ് തന്നെ ധരിച്ച്‌ ഓഫീസില്‍ പൊയി. പക്ഷെ വരാനുള്ളത്‌ ഐ ടി ക്കാരനായാലും തടയാന്‍ പറ്റില്ലല്ലോ! ക്യുബിക്കിളില്‍ ഒരു റ്റീം ഡിസ്ക്കഷന്‍ നടക്കവേ നിലത്തു വീണ മാര്‍ക്കര്‍ എടുക്കാന്‍ കുനിഞ്ഞപ്പോള്‍ 'കിഴക്കു വെള്ള കീറി' എന്നു പറഞ്ഞു മിമിക്രിക്കാര്‍ അനുകരിക്കുന്ന ശബ്ട്ത്തില്‍ ഒരു കീറല്‍!!. ഫ്ലോറിന്റെ അങ്ങേ തലക്കലുള്ള ക്യുബിക്കളില്‍ നിന്നു വരെ സഹ ഐ ടി ക്കാര്‍ എത്തിനൊക്കി. എന്തോരു നാണകേട്‌! പാന്‍റ് കീറിയതു മാത്രമാണു എന്നു വിശദീകരണം കൊടുത്തു. അല്ലെങ്കില്‍ വല്ല ഗ്യാസും വയറില്‍ നിറഞ്ഞു പുറത്തു വമിച്ചു എന്നായാലോ? ഏതായാലും സുഹൃത്തിനു വീട്ടില്‍ പൊയി വസ്ത്രം മാറാനുള്ള സാവകാശം കമ്പനി അനുവദിച്ചു.

മറ്റൊരു സംഭവം എന്റെ തന്നെ ഒരു സുഹൃത്തിനു പറ്റിയതാണു. ഞാന്‍ ഓഫീസില്ലെത്തി അധിക സമയമായില്ല. എന്റെ റ്റീമിലെ ഈ സുഹൃത്ത്‌ റസ്റ്റ്‌ റൂമിലേക്ക്‌ എന്നു പറഞ്ഞു പൊയതായിരുന്നു. കുറച്ചു കഴിഞ്ഞ്‌ ഞാന്‍ റസ്റ്റ്‌ റൂമിലേക്ക്‌ ചെന്നപ്പൊള്‍ പുള്ളിക്കാരന്‍ അതാ ഓഫീസിന്റെ കൊറിഡോറില്‍ നില്‍ക്കുന്നു!. നമ്മുടെ മനസ്സില്‍ പതിഞ്ഞ സ്വാമി വിവേകനന്ദന്റെ ഒരു രൂപമില്ലേ? കൈ കെട്ടി അഭിമാനത്തോടെ കുറച്ചു ചെരിഞ്ഞുള്ള ആ നില്‍പ്പ്‌?. അങ്ങനെയാണു പുള്ളിക്കരന്റെ നില്‍പ്പ്‌, അതും ഭിത്തിയോട്‌ ചേര്‍ന്ന്. "എന്തു പറ്റി, സുഹ്രുത്തേ?" ഞാന്‍ ചോദിച്ചു. ഒരു പരന്ന ചിരിയാണു മറുപടി. ഞാന്‍ റസ്റ്റ്‌ റൂമില്‍ നിന്നു തിരിച്ചു വന്നപ്പൊഴും അദ്ദേഹം അവിടെയുണ്ട്‌. പുള്ളി എന്നെ ഇത്തവണ അടുത്തേക്ക്‌ വിളിപ്പിച്ചു. "അതേ, ഒരു പ്രശ്നമുണ്ട്‌, ഷര്‍ട്ട്‌ പിന്നില്‍ കീറിപോയി". ഞാന്‍ അങ്ങൊട്ട്‌ ഒന്നു നൊക്കി. ഭരതപ്പുഴയില്‍ വേനല്‍ക്കാലത്ത്‌ കാണുന്ന വെള്ള ചാലുകളെ അനുസ്മരിപ്പിക്കും വിധം ആ ഷര്‍ട്ട്‌ കീറി പൊയിരിക്കുന്നു! സുഹൃത്ത്‌ റസ്റ്റ്‌ റൂമില്‍ വച്ച്‌ ഒന്നു 'ബോഡി സ്റ്റ്രച്ച്‌' ചെയ്താതണെത്രെ. "ഒരു ഓവര്‍കോട്ട്‌ സംഘടിപ്പിക്കണം" പുള്ളി അവശ്യപ്പെട്ടു. ഞാന്‍ ഒന്നു സംഘടിപ്പിച്ചു. പിന്നെ അദ്ദേഹം ആ ദിവസം മുഴുവന്‍ ആ ജാക്കെറ്റില്‍ നിന്നു പുറത്തുവന്നില്ല. പക്ഷെ ഞങ്ങള്‍ മറ്റു സുഹ്രുത്തുക്കള്‍ വെരുതേ ഇരുന്നില്ല. ഒരു പുതിയ ലെതര്‍ ജാക്കെറ്റ്‌ വാങ്ങിയതിന്റെ ജാടയാണു ഇവനു എന്നു പരഞ്ഞു പരത്തി. ചില പെണ്‍ സുഹ്രുത്തിക്കള്‍ വന്നു പുള്ളിയെ കളിയാക്കി. "എന്തൊരു ജാടയാ മനുഷ്യാ? ഞങ്ങള്‍ എല്ലാവരും കണ്ടു. ഇനി ഒന്ന് ഊരിവെക്കാമോ?" പാവം, വീണ്ടും ഒരു പരന്ന ചിരിയുമായി ആ ദിവസം തള്ളിനീക്കി.

ഇതേ ഒരു അനുഭവം എനിക്ക്‌ ഉണ്ടായിട്ടുണ്ട്‌. പണ്ട്‌ സ്കൂളില്‍, വൈകുന്നേരം ജനഗണമന സമയത്ത്‌ ഞാന്‍ അറ്റെന്‍ഷനാവാന്‍ എണീറ്റപ്പോള്‍. നിവര്‍ന്ന് നിന്ന് ഷര്‍ട്ട്‌ താഴോട്ടാക്കി എണീറ്റപ്പോള്‍ താഴെ ഷര്‍ട്ടിന്റെ കുറച്ചു ഭാഗം കയ്യില്‍ വന്നു. പിന്നെ സ്കൂള്‍ ബാഗ്‌ ചേര്‍ത്തു വച്ചു മറച്ചാണു വീട്ടിലേക്ക്‌ പൊയത്‌. (നെഞ്ചോട്‌ ചേര്‍ത്ത്‌.. എന്നൊക്കെ പരയാറില്ലേ? അതു പോലെ). ഓഫീസില്‍ വച്ച്‌ ഒരിക്കല്‍ ഒരു പറ്റ്‌ പറ്റി. ഞാന്‍ തന്നെയാണു നായകന്‍. ഓഫീസ്‌ സമയം കഴിഞ്ഞു, പുറത്ത്‌ കമ്പനി ഷട്ടില്‍ കാത്ത്‌ നില്‍ക്കുന്നു. റസ്റ്റ്‌ റൂമില്‍ നിന്നു നേരെ ലിഫ്റ്റിലേക്ക്‌ ഒരു ഓട്ടം. ധാരാളം പേര്‍ ഉണ്ട്‌ അതിനകത്ത്‌. കേറി ചെന്നു ഗമയില്‍ നിന്നു, ഒരു സത്യന്‍ നില്‍പ്പ്‌, കൈ അരക്കെട്ടില്‍ ചെര്‍ത്തു വെച്ച്‌ അങ്ങനെ...(സുന്ദരിമാരും ചുറ്റുമുണ്ട്‌). താഴെ നിലയില്‍ എത്തി സ്വൈപ്പിംഗ്‌ വാതില്‍ കടന്നപ്പോള്‍ ഒരു ഞെട്ടിക്കുന്ന സത്യം മനസ്സിലായി. പാന്‍റ് സിബ്ബ്‌ തുറന്നു കിടക്കുന്നു. ഡോര്‍ അടഞ്ഞിട്ടില്ല. ദൈവമേ..നാണം പൊയോ? ലിഫ്റ്റ്‌,സുന്ദരിമാര്‍. അയ്യേ. പക്ഷെ അവര്‍ പരസ്പരം ഒന്നും പരഞ്ഞു ചിരിച്ചില്ല. അപ്പൊള്‍ പിന്നെ ശ്രദ്ധിച്ചില്ലായിരിക്കാം. പക്ഷെ കന്നഡയില്‍ ഒരു പെണ്ണ്‍ എന്തൊ അസുഖകരമായി സംസരിച്ചിരുന്നോ? സിബ്ബിന്റെ കൊളുത്ത്‌ മാത്രം നീങ്ങുകയും പക്ഷെ സിബ്ബ്‌ തുറന്നു കിടക്കുകയും ചെയ്യുന്ന ഒരു പ്രശ്നം പല പാന്റിനും ഉണ്ടായിട്ടും അത്‌ ഗൗരവമായി എടുക്കാത്തതിന്റെ ഫലം. പണ്ടത്തെ പൊലെ, സ്കൂള്‍ ബഗിനു പകരം ലാപ്‌ ടോപ്‌ ശരീരത്തോട്‌ ചേര്‍ത്തു വെച്ചാണു പിന്നെ വീട്ടിലെത്തിയത്‌!. (പാന്റുകളുടെ എല്ലാ സിബ്ബും കഴിഞ്ഞ ദിവസം മാറ്റി വച്ചു. ഇനി ധൈര്യസമേതം ഞെളിഞ്ഞു നില്‍ക്കാം.)

ഈ അമളികളെ മൈന്റ്‌ ചെയ്യാത്ത ആളുകളും ഉണ്ട്‌. നമ്മുടെ മറ്റൊരു കൂട്ടുകാരന്‍ ഇങ്ങനെയായിരുന്നു. ബാഡ്മിന്‍ണ്‍ കളിക്കിടെ പുള്ളിയുടെ പാന്‍റ് സമ്മര്‍ദ്ദം (ശാരീരികം) താങ്ങാനാവതെ കീറിപോയി. ഒരു സ്മാഷ്‌ അടിച്ചു ഭൂമിയില്‍ കാലുകള്‍ കുത്തിയപ്പൊള്‍ രണ്ടും രണ്ട്‌ ദിശയിലേക്കു നീങ്ങിപ്പേയി. ഒരു വെള്ള മുണ്ടു കീറിപൊകുന്ന ലാഘവത്തില്‍ പാന്‍റും പ്രതികരിച്ചു. പക്ഷെ പുള്ളി ഇത്‌ വകവച്ചില്ല. പിറ്റേന്ന് ഓഫീസിലേക്കും ഇതേ പാന്‍റ് തന്നെ ധരിച്ചു പുള്ളി 'കൊണ്‍ഫിഡെന്റ്‌' കീപ്‌ ചെയ്തു!

പിന്‍ കുറിപ്പ്‌: ടിവി യില്‍ ഫാഷന്‍ ഷോയില്‍ നാം കണ്ട ഉടു വസ്ത്രം മാറലും കീറലും താരതമ്യം ചെയ്യുമ്പൊള്‍ ഇതൊന്നും ഒന്നും അല്ല! അതും ഒരു അമളിയായി തൊന്നാമെങ്കിലും അത്‌ പറ്റുന്നവരുടെ ശരിയായ ജാള്യത അവിടെ കാണില്ല. ഒരു പക്ഷെ അത്‌ ഒരു അഭിനയം മാത്രമായതിനാലാവണം.

അഭിപ്രായങ്ങള്‍

LimboSurfer പറഞ്ഞു…
ചക്കികു പറ്റിയ അമളികള്‍ മാത്രം എഴുതിയാല്‍ മതി. ഒരു മഹാകാവ്യം തന്നെ ഉണ്ടാക്കാം. :)
SAJAN S പറഞ്ഞു…
ഹഹ.....അമളികള്‍ നന്നായി എഴുതി.....ആശംസകള്‍!!
Anil cheleri kumaran പറഞ്ഞു…
അവസാനത്തെ കക്ഷിയെ സമ്മതിക്കണം...
Unknown പറഞ്ഞു…
Ha ha ...valare nannayi ezhuthuyittundu ....Congrats :)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

ഒരു ഓട്ടോഗ്രാഫ്‌ മിനി കഥ

ഓര്‍മ്മകളുടെ കല്‍പ്പടവുകളിലൂടെ...