ദൂരദര്‍ശനം

ദില്ലി ദൂരദര്‍ശന്റെ 50 വര്‍ഷവും മലയാളം ദൂരദര്‍ശന്റെ 25 വര്‍ഷവും തികയുന്ന ഈ സമയത്ത്‌ പണ്ട്‌ ഈ ടെലിവിഷനും അതിലൂടെ ദൂരദര്‍ശനും ആദ്യമായി എന്റെ ജീവിതത്തില്‍ കടന്നു വന്ന നാളുകള്‍ ഓര്‍ത്തുപോകുന്നു. ഒരു വലിയ മാറ്റമായിരുന്നു അത്‌, ഇന്ന് ഇപ്പോള്‍ കുട്ടികള്‍ 'പ്ലേ സ്റ്റേഷന്‍' 'എക്സ്‌ ബോക്സ്‌' മുതലായവ കണ്ടു കൊണ്ടാണു ജനിച്ചു വീഴുന്നതു തന്നെ. പക്ഷെ തികച്ചും പരിചയമില്ല്ലാത്ത ഒരു 'ഉപകരണം' വീട്ടിലേക്കും പിന്നെ ജീവിതത്തിലേക്കും കടന്നു വന്ന ഒരു കാലഘട്ടത്തില്‍, അങ്ങനെത്തെ ഒരു സമൂഹത്തില്‍ ജീവിക്കാന്‍ കഴിയുന്നത്‌ ഇന്നത്തെ കുട്ടികള്‍ക്ക്‌ പ്രാപ്യമല്ല. എനിക്കുണ്ടായ ഭാഗ്യവും അതാണു.

ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പടിക്കുമ്പോഴാണു വീട്ടില്‍ ടെലിവിഷന്‍ വാങ്ങുന്നത്‌. പക്ഷെ അതിനു മുന്‍പേ ഞാന്‍ പരിപാടികള്‍ കാണാറുണ്ടായിരുന്നു. ഞാന്‍ താമസിച്ചിരുന്ന ഗവണ്‍മന്റ്‌ ക്വാട്ടേര്‍സ്സില്‍ മൂന്നു നാലു വീടുകള്‍ക്കപ്പുറത്തുള്ള ഒരു ചേട്ടന്റെ വീട്ടില്‍ ആയിരുന്നു ടിവി ഉള്ളത്‌. ഒരു പക്ഷെ ആ ക്വാട്ടേര്‍സ്സില്‍ ടിവി ഉള്ള ചുരുക്കം ചില വീടുകള്‍ ആയിരിക്കാം. കണ്ടിരുന്ന പരിപാടികള്‍ - ക്രിക്കറ്റ്‌ (ഗവാസ്കാറും, കപിലും, ശ്രീകാന്തും ലോക കപ്പ്‌ നേടി കത്തി നില്‍ക്കുന്ന കാലം), സിനിമകള്‍ (ഹിന്ദി മാത്രം) പിന്നെ മഹാഭാരതം, രാമയണം, ചില കാര്‍ട്ടൂണുകള്‍ (ഓര്‍മ വരുന്നത്‌ ഹി-മാന്‍, മഹാഭാരതത്തിനു തൊട്ടു മുന്‍പ്‌)- ഇവയൊക്കെ ആണു. മകന്‍ നല്ല വഴിക്ക്‌ വളരട്ടെ എന്നു കരുതിയായിരിക്കാം അഛനും അമ്മയും രാമായണ മഹാഭാരതങ്ങള്‍ കാണാന്‍ എന്നെ അയച്ചത്‌. ക്രിക്കറ്റിനു പക്ഷെ വേറെ ഒരു വീടായിരുന്നു സങ്കേതം. വെറേയും ചേട്ടന്മാര്‍ അവിടെ വന്നു കാണാറുണ്ടായിരുന്നു. വീട്ടിലേ റേഡിയോയില്‍ നിന്നു വരുന്ന ശബ്ദവീചികള്‍ക്കപ്പുറം കാഴച്ചയുടെ ഒരു മനോഹാരിത, അത്‌ കാണാന്‍ അവസരം കിട്ടുമ്പൊഴെല്ലാം ചേട്ടന്മാരുടെ വീടുകളുലേക്കോടി!.

ഒര്‍മ്മയില്‍ വരുന്ന ഒരു ചമ്മല്‍ ഇപ്പ്പ്പോള്‍ ഒര്‍ക്കുന്നു. പതുവു പോലെ ഒരു ഞായറാഴ്ച. ആദ്യം ഹി-മാന്‍ പിന്നെ മഹാഭാരതം. ഞാന്‍, ചേട്ടന്റെ ഒപ്പം ഹി-മാന്‍ കണ്ടുകൊണ്ടിക്കുന്നു. തലേന്ന് കാണിച്ച നാളത്തെ പ്രസക്ത്ഭാഗങ്ങള്‍ ഓര്‍ത്തുകൊണ്ടു ചേട്ടന്‍ ഒരു പേടിപ്പിക്കുന്ന രംഗം എന്നോട്‌ പറഞ്ഞു, അടുത്ത സീന്‍ അതാണത്രെ. ഭയം പുറത്തുകാണിക്കാതെ ഞാന്‍ പറഞ്ഞു, " ഒന്നു മൂത്രം ഒഴിക്കണം, ഇപ്പൊള്‍ വരാം" പിന്നെ വീടിനു പുറത്തേക്ക്‌. സുദീര്‍ഘമായ ഒരു മൂത്രിക്കല്‍!! തിരിച്ചു വന്നപ്പൊഴേക്കും എല്ലാ സീനും തീര്‍ന്നിരുന്നു, പക്ഷെ ചേട്ടന്റെ അമ്മ എന്നൊട്‌ ഒരു ചോദ്യം " അടുത്ത മൂത്രം ഒഴിക്കല്‍ എപ്പോളാ?" ചേട്ടന്റെ മുഖത്ത്‌ ഒരു കളിയാക്കി ചിരി. (ഇങ്ങനെ ധാരാളം മൂത്രങ്ങള്‍ എന്നില്‍ നിന്നു പൊയിരിക്കാം, ഒര്‍മ്മ വരുന്നില്ല)

ഒടുവില്‍ വീട്ടിലേക്കും ഒരു ടിവി കടന്നുവന്നു. പക്ഷെ വന്ന സമയം തീരെ ശരിയായിരുന്നില്ല. അന്ന് ചേച്ചി പത്താം ക്ലാസ്സ്‌ എന്ന കടമ്പ കടക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. പരീക്ഷ കഴിയാതെ ടിവി പെട്ടി തുറക്കില്ലെന്ന് അഛന്‍. അങ്ങനെ കൂട്ടിലിട്ട കോഴികളെ നോക്കി ചുറ്റും കറങ്ങി നടന്ന ഒരു കുറുക്കന്റെ അവസ്തയിലായി ഞാന്‍. 'ബി പി എല്‍ ടിവി - ബി പി എല്‍ ഇന്ത്യ' എന്നെഴുതിയ ആ കൂടു പൊളിച്ച്‌ എന്ന് ടിവി പുറത്തു വരും? ഒടുവില്‍ 2-3 ആഴ്ച്യ്യൊളം എടുത്തു വന്നപ്പൊള്‍. ആന്റിന ഉറപ്പിച്ചത്‌ സുരേഷ്‌ എന്ന ഒരു ചേട്ടനായിരുന്നു, (ഒട്ടു മിക്ക വീടുകളിലും പുള്ളിയായിരുന്നു 'ഫ്ലാഗ്‌ പോസ്റ്റിംഗ്‌'). അന്ന് ഡി ഡി മലയാളം എതാനും മണിക്കൂര്‍ കാണാമായിരുന്നു. പക്ഷെ നല്ലപൊലെ 'ഗ്രേയിന്‍സ്‌' (ഈ വാക്ക്‌ നമ്മള്‍ എന്നേ മറന്നു!!). ആദി ശങ്കരന്റെ ഒരു ഹിന്ദി സിനിമ നടക്കുമ്പോഴാണു ആന്റിന ഉറപ്പിക്കുന്നത്‌. മലയാളം ചാനലിലെ ആ ഗ്രേയിന്‍സ്‌ കുറക്കാന്‍ ചേട്ടന്‍ നടത്തിയ ശ്രമം ഒര്‍ക്കുന്നു. ഇന്നത്തേ പൊലെ 'ഓട്ടോ ടൂണിംഗ്‌' ആല്ലല്ലോ അന്ന്! ചക്രം കറക്കി കറക്കി വിരലില്‍ തഴമ്പ്‌ കേറി. അങ്ങനെ ദില്ലി-ട്രീവാന്‍ഡ്രം-കൊഡൈക്കനാല്‍ ഇങ്ങനെ മൂന്നു ചാനലുകള്‍ വീട്ടില്‍ വിസ്മയം തീര്‍ത്തു.

പിന്നേ അങ്ങോട്ട്‌ വീട്ടിലേ എല്ലാവരുടേയും ദിനചര്യ തന്നെ മാറുകയായിരുന്നു, വൈകുന്നേരം സ്കൂളില്‍ നിന്ന് വന്നാല്‍ കണേണ്ട പരിപാടികള്‍, രാത്രി ആഹാരം കഴിക്കുമ്പോള്‍ കണേണ്ടത്‌ എന്നിങ്ങനെ എല്ലം 'വെല്‍ പ്ലാന്‍ഡ്‌' ആയിരുന്നു. മറക്കാന്‍ പറ്റാത്തതായി അങ്ങനെ എത്ര പരിപാടികള്‍... ശനിയാഴ്ച്ച വൈകുന്നേരങ്ങളിലേ ഹിന്ദി സിനിമ, ഞായറാഴ്ച്ച വൈകുന്നേരത്ത്‌ മലയാളം, അതിനു മുന്‍പ്‌ 'ജയന്റ്‌ റൊബൊര്‍ട്ട്‌' (വിരലിന്റെ അറ്റത്തു നിന്ന് വെടിയുണ്ട പായുന്നത്‌ ഒര്‍ക്കുന്നു!), മലയാളം, ഹിന്ദി വാര്‍ത്തകള്‍ എന്നിങ്ങനെ. സീരിയലുകള്‍ അന്ന് ഹിന്ദി ആയിരുന്നു - സര്‍ക്കസ്‌, ഫുജി, റിപ്പോര്‍ട്ടര്‍, വ്യൊംകേഷ്‌ ബക്ഷി, മാല്‍ഗുഡി ഡേ യ്സ്‌, മൃഗനയനി, ഹം ലൊഗ്‌, ഗുണിരാം, ഏക്‌ സെ ബഡ്ക്കര്‍ ഏക്‌ (അന്ന് ഒരു എപ്പിസോഡ്‌ കഴിഞ്ഞാല്‍ അടുത്തത്‌ അടുത്ത്‌ ആഴ്ച്ച മാത്രം!, ഇന്ന് ഇത്‌ റ്റൂ മച്ച്‌!). ഒടുവില്‍ മെഗാ സീരിയലുകളുടെ ജനനം -'ശാന്തി', പിന്നെ മസാല നിറച്ച്‌ 'സ്വാഭിമാന്‍'. രാത്രി സീരിയലുകള്‍ കാണുന്നത്‌ ആഹാരം കഴിക്കുമ്പൊള്‍. അതു വരെ ഒന്നിച്ചിരുന്നു കഴിച്ചിരുന്ന ഞങ്ങള്‍ അഛനെ ഒറ്റപ്പെടുത്തി ടിവിക്കു മുന്‍പില്‍. ഞായറാഴ്ച്ചകളാണു വിഭവ സമൃദ്ദം. പേപ്പറില്‍ ആദ്യം വായിക്കുന്നത്‌ വാരാന്ത്യപതിപ്പിലെ മഹാഭാരതം സ്ക്രിപ്റ്റ്‌, പിന്നെ ഒറിജിനല്‍ ടിവി പ്ലേ. 'ഭാരത്‌ എക്‌ ഖൊജ്‌', 'സിഗ്മ' എന്നിങ്ങനെ തുടരുന്ന കാഴ്ച്ചകള്‍... (ഈ സീരിയല്‍ ലിസ്റ്റ്‌ ഞാന്‍ ഒര്‍ക്കും തോറും എഴുതികൊണ്ടിരിക്കാം, പക്ഷെ ഈ ലിങ്ക്‌ കാണുക -  http://www.creative-castle.net/forum/forum_posts.asp?TID=4882  -  എല്ലാം ഇവിടെയുണ്ട്‌!)

ഏതായാലും ഒന്ന് ഉറപ്പാണ്‌, ഇന്നത്തെ ചാനലുകളിലെ അസംഖ്യം പരിപാടികള്‍ക്കിടയിലും അന്നത്തെ ആ എണ്ണം പറഞ്ഞ കാഴച്ചകള്‍ മനസ്സില്‍ എന്നും പതിഞ്ഞു നില്‍ക്കും. ദൂരദര്‍ശനു മാത്രം അവകാശപ്പെടാനാവുന്നതാണു ഈ ക്രെഡിറ്റ്‌.

അഭിപ്രായങ്ങള്‍

Anil cheleri kumaran പറഞ്ഞു…
ഏകദേശ ഇതേ ഓര്‍മ്മകളാണ് എനിക്കും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!

ബംഗളൂരു നാട്‌ : ചപ്പാത്തി ഇങ്ങനേയും പരത്താം!!!