ബംഗളുരു നാട് : ദി അറ്റാക്ക് ഓഫ് മൂഷികന്‍സ്

ചാവേര്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ നാട്ടില്‍ ഒരു വാര്‍ത്തയല്ലാതാവുകയാണല്ലോ. ജനസമ്മൂഹത്തിനിടയില്‍ നുഴഞ്ഞു കയറുന്ന ഭീകരര്‍ അവര്‍ക്ക്‌ വലിയ ഒരു തലവേദനയായി മാറുന്നു. ശക്തമായ പ്രതിരോധം തീര്‍ത്താലേ ഇവരേ സമൂഹത്തില്‍ നിന്നു തുരത്താന്‍ കഴിയൂ. ഇതേ രീതിയിലുള്ള ഒരു പ്രതിരോധം ഞാനും തീര്‍ത്തിരിക്കുന്നു...എന്റെ വീട്ടില്‍, മൂഷികന്മാര്‍ക്കെതിരെ!!



ഈ വീട്ടില്‍ താമസം തുടങ്ങി കുറച്ചു കാലം കഴിഞ്ഞപ്പൊഴാണു ഞാന്‍ അതു ശ്രദ്ധിച്ചത്‌, മൂഷിക ഭീകരര്‍ ചുറ്റുമുണ്ട്‌. വീട്ടുടമ ഇതൊന്നും സൂചിപ്പിച്ചിരുന്നില്ല. വീട്ടിനു മുന്നിലെ ഡ്രൈനേജിലേക്ക്‌ ഓടി ഒളിച്ച ഒരുവനെ ഞാന്‍ 'നോട്ട്‌' ചെയ്തു. ചാവേര്‍ ആക്രമണം പ്ലാന്‍ ചെയ്യാന്‍ എത്തിയ ഒരു ഹെല്‍പ്പര്‍ അയിരുന്നു അവന്‍. പരിസരം നിരീക്ഷിക്കാന്‍ എത്തിയതായിരുന്നു. അരോ പുതിയതായി വീട്ടില്‍ ഭരണം തുടങ്ങിയതായി അവര്‍ അറിഞ്ഞിരിക്കുന്നു. ജനാധിപത്യ രീതിയില്‍ ഈ വീട്ടില്‍ അധികാരത്തില്‍ ഏറിയ എന്നോട്‌ ആ ഭീകരര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു! ഭരണത്തില്‍ തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത്‌ ഒരു മേശക്കു ചുറ്റുമിരുന്ന് സംസാരിച്ചു തീര്‍ക്കണ്ടതല്ലേ?


ഇന്റലിജെന്‍സ്‌ സംവിധാനം ശരിയല്ലെന്നു ഭാര്യ ഇടക്കിടയ്ക്കു പറയാറുണ്ടായിരുന്നു. മറ്റു ഭരണത്തിരക്കുകള്‍ക്കിടയില്‍ അതു കാര്യമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഒരു ദിവസം രാവിലെ ഭാര്യ അടുക്കളയില്‍ നിന്നു ഓടി വന്നു നിലവിളിച്ചപ്പോളാണു സംഗതിയുടെ ഗൗരവം മനസ്സിലായത്‌. മൂഷികന്മാരുടെ അദ്യത്തെ അറ്റാക്ക്‌ ആയിരുന്നു അത്‌. അടുക്കളയില്‍ ഗ്യാസ്‌ അടുപ്പിനു അടിയില്‍ ഒളിച്ചിരിക്കുകയായിരുന്ന ഒരുവന്‍ അവളുടെ കഴുത്തിനു മുകളിലൂടെ എടുത്തു ചാടി. ആകെ നിലവിളിയായി. ചാടിയെണീറ്റു ഓടിവന്ന ഞാന്‍ കണ്ടത്‌ അടുത്ത റൂമിലെ ഫ്രിഡ്ജ്‌ നു പിന്നിലെ തുറന്ന ഒളിച്ചിരിക്കാന്‍ പറ്റിയ ഇടത്തേക്ക്‌ അവന്‍ ഓടുന്നതാണു. ഒളിത്താവളങ്ങള്‍ എല്ലാം അവന്‍ മനസ്സിലാക്കിയിരിക്കുന്നു. തലയോ വാലോ പുറത്തു വരുന്നുണ്ടോ എന്നു നോക്കി ഞാന്‍ ഫ്രിഡ്ജ്‌ നു സമീപം നിന്നു. കാണുന്ന നിമിഷം പുറത്തേക്കു വലിച്ചെടുത്ത്‌ 'എന്‍കൗണ്ടര്‍' ചെയ്യാന്‍. പക്ഷെ അവനെ കണ്ടില്ല. അവസാനം അന്നത്തേക്കു ആ ശ്രമം മതിയാക്കി ഞങ്ങല്‍ ഓഫീസിലെക്കു പോയി. ഓഫീസിലെ കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്നു മൗസ്‌ ക്ലിക്ക്‌ ചെയ്യുന്ന അവസരത്തിലെല്ലാം ഞാന്‍ എന്റെ കൈയ്ക്കുള്ളില്‍ പിടയുന്ന ആ മൂഷിക ഭീകരെ ഒര്‍ത്തുപോയി!!


വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയപ്പൊള്‍ ഭാര്യ മുഖം വീര്‍പ്പിച്ചുനില്‍പ്പാണു. കാര്യം മൂഷികന്‍ തന്നെ! അവന്‍ പകല്‍ മുഴുവന്‍ വീട്ടില്‍ അഴിഞ്ഞാടിയിരിക്കുന്നു. എന്നിട്ടു വീണ്ടും താവളത്തിലേക്കു മടങ്ങിയെത്രേ! പകല്‍ വീട്ടില്‍ ആരുമില്ലാത്തപ്പൊള്‍ ഭീകരത സ്രുഷ്ടിക്കുന്നു...എന്നിട്ടു രാത്രി സുഖമായി ഫ്രിഡ്ജ്‌ ല്‍ ഒളിച്ചിരിക്കുന്നു. അവിടെ ഇരുന്നുകൊണ്ടു രാജ്യത്തിനു പുറത്തെ ഭീകരരുമായി സന്ദേശങ്ങല്‍ കൈമാറുന്നു! എങ്ങനെ ഇവനെ നേരിടാം എന്നു അലോചിച്ച്‌ ദിനങ്ങള്‍ കടന്നുപോയി, ഒടുവില്‍ ഒരു വാരാന്ത്യം എത്തി.


ശനിയാഴ്ച്ചയായതിനാല്‍ രാവിലെ സമയമുണ്ട്‌. തല്ലേന്നു രാത്രി വൈകുവോളം ഞാനും ഭാര്യയും പദ്ധതികള്‍ അവിഷ്കരിച്ചു. ബുദ്ധികൊണ്ടു ഭീകരനെ നേരിടാന്‍ അവള്‍ എന്നെ ഉപദേശിച്ചു! അടുക്കളയില്‍ നിന്നു ഫ്രിഡ്ജ്‌ എന്ന ഒളിത്താവളത്തിലേക്കാണു അവന്റെ ഓട്ടം, അയതിനാല്‍ താവളത്തിലേക്കുള്ള വഴി അടച്ച്‌ അവനെ നേരിടണം. എന്നില്ലേ ബുദ്ധി ഉണര്‍ന്നു! രാവിലെ നേരത്തേ ഉണര്‍ന്നു ഞാന്‍ അവന്റെ താവളം കുഷ്യന്‍സ്‌ വച്ചു അടച്ചു!. ഒരു വന്മതില്‍ ഫ്രിഡ്ജ്‌ നു ചുറ്റും ഉണ്ടാക്കി. ഭാര്യ പതിവു പോലെ അടുക്കളയില്‍ നിന്നു നിലവിളിച്ചു ഒാടിവന്നു, മൂഷികന്‍ അവിടെയുണ്ട്‌. ഞാന്‍ ആയുധങ്ങല്‍ എടുത്ത്‌ അടുക്കളയിലേക്ക്‌ കയറി. നിമിഷങ്ങള്‍ക്കകം ഞാനും മൂഷികനും 'ടോം ആന്‍ഡ്‌ ജെറി' ഫില്‍മിലെ പൊലെ 'ചേസ്‌' ആരംഭിച്ചു. പതിവു പോലെ അവന്‍ ഫ്രിഡ്ജ്‌ ലേക്കണു ഓടികയറുന്നത്‌. ഞാന്‍ ഒരു 'എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ്‌' രൂപ ഭാവത്തോടെ അവന്റെ പിന്നില്‍ പാഞ്ഞു! പക്ഷെ പിന്നീടു നടന്നത്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല!. ഒളിതാവളത്തിനു മുന്നിലെ തടസ്സങ്ങല്‍ കണ്ടു ആദ്യം അമ്പരന്ന മൂഷികന്‍ പക്ഷെ ഒരു 'സെര്‍ജി ബൂബ്ക' സ്റ്റയിലില്‍ കുഷ്യന്‍സിനു മുകളിലൂടെ എടുത്തു ചാടി, അകത്തു കയറി!. 'പണി പാളി, പണി പാളി' ഡൈനിംഗ്‌ റ്റേബിളിനു മുകളില്‍ നിന്ന് ഭാര്യ പാടി. അങ്ങനെ ഒരു കാര്യം മനസ്സിലാക്കി, ഇവന്‍ വാഗമണ്ണില്‍ പോയി മലകയറ്റം, മതില്‍ ചാട്ടം മുതലായവ അഭ്യസിച്ചിട്ടുണ്ട്‌!


ഓപ്പറേഷന്‍ പരാജയപ്പെട്ടതിന്റെ ദു:ഖവുമായി ആ ദിനം കടന്നുപോയി. എന്നാല്‍ വളരെ തന്ത്രപ്രധാനമായ ചില തീരുമാനങ്ങല്‍ ഞാന്‍ എടുത്തു. നാളെ ഇവനെ വക വരുത്തും. ഉറപ്പാണു. പിറ്റേന്ന് ആദ്യം ഞാന്‍ ചെയ്ത കാര്യം അവന്റെ ഒളിത്താവളം നിരപ്പാക്കി എന്നതാണു. ആ ഫ്രിഡ്ജ്‌ ഞാന്‍ നിരക്കി വെറോരു മുറിയില്‍ കൊണ്ടുവച്ചു. ആയുധങ്ങളുമായി പതിവു പോലെ ഞാന്‍ തയ്യറെടുത്തു. വീണ്ടും 'ടോം ആന്‍ഡ്‌ ജെറി' മോഡല്‍ ചേസ്‌. ഇത്തവണ മൂഷികനു എല്ലാം പിഴച്ചു. ഒളിത്താവാളം കണാനേയില്ല!! പാവം എങ്ങൊട്ടു എന്നറിയാതെ മുറിയിലൂടെ അങ്ങൊട്ടും ഇങ്ങൊട്ടും പരക്കം പായുന്നു. പൂര്‍ണമായി ഒളിച്ചിരിക്കന്‍ ഒരു ഇടം കിട്ടാതെ അവന്‍ കഷ്ടപ്പെട്ടു. ടിവി സ്റ്റാന്‍ഡില്‍ ശ്രമിച്ചെങ്കിലും അവിടെ നിന്നും ഞാന്‍ അവനെ തുരത്തി. ഒടുവില്‍ വീടിന്റെ മെയിന്‍ വാതിലിനു മുന്നില്‍ വച്ചു എന്റെ അയുധങ്ങള്‍ക്കു മുന്നില്‍ അവന്‍ കീഴടങ്ങി. മര്‍മ്മത്തില്‍ തന്നെ പ്രഹരം. ചോര വാര്‍ന്നു നിമിഷങ്ങള്‍ക്കകം മരണം. ഭാഗ്യമെന്നു പറയട്ടെ ആരും ഇതിനെ ഒരു വ്യാജ ഏറ്റുമുട്ടലായി ചിത്രീകരിച്ചില്ല! എന്റെ ജീവിത്തിലെ ആദ്യ മൂഷിക ഹത്യ.


തറവാടിയായ ഒരു മൂഷിക ഭീകരനേയണു ഞാന്‍ പിന്നീട്‌ നേരിട്ടത്‌. (ഇപ്പൊഴും നേരിടുന്നു...) സെപ്റ്റിക്‌ ടാങ്കില്‍ ആണു താമസമെങ്കിലും അപ്പി ഇടാന്‍ അവന്‍ എന്റെ കക്കൂസില്‍ വരുന്നു!! വാഷ്‌ ബേസിന്റെ കുഴല്‍ കടിച്ചു മുറിച്ചു വഴി ഉണ്ടാക്കിയാണു അവന്റെ വരവ്‌. എന്നും രാത്രി വന്നു 'കാര്യം' സാധിച്ചു മടങ്ങി പോകും. പലപ്രാവശ്യവും അവനെ ഞാന്‍ ക്ലോസറ്റില്‍ കുടുക്കി. പിന്നേ ധാരാളം വെള്ളം ഒഴിച്ചു ഫ്ല്ഷ്‌ ചെയ്തു കളഞ്ഞു. ചത്തോളും എന്നു വിചാരിച്ചു. പക്ഷെ വീഗാലാന്റിലെ 'വണ്ടര്‍ സ്പ്ലാഷ്' പോലെയേ ഉള്ളു ആ മൂഷികനു ഇതൊക്കെ എന്ന് വീണ്ടും അവനെ കണ്ടപ്പൊള്‍ മനസ്സിലായി. ആ ഭീകരന്‍ എപ്പോഴും കക്കൂസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കഴിയുന്നു. 'എന്‍കൗണ്ടര്‍' തന്ത്രങ്ങളുമായി ഞാനും...

അഭിപ്രായങ്ങള്‍

അനില്‍ശ്രീ... പറഞ്ഞു…
അടുത്ത തവണത്തേക്ക് .. BEST WISHES...
നരിക്കുന്നൻ പറഞ്ഞു…
ഹഹഹ
ചങ്കരനും പറ്റിയോ ഇത്. 4 വർഷം മുമ്പ് കുടുംബം നാട്ടിൽ പോയപ്പോൾ 2 5 മാസത്തേക്ക് ഞാൻ താമസിച്ച ബാച്ചിലർ മുറിയിലും ഉണ്ടായി ഇതേ അനുഭവം. ഹെന്റീശ്വരാ... ആസിഡൊഴിച്ചിട്ടും പോകാത്ത ആസാധനം ഇപ്പോൾ ഉണ്ടോ ആവോ..
smitha adharsh പറഞ്ഞു…
ഈ "ജെറി" യെപ്പിടിക്കാന്‍ ഒരു "ടോം"നെ വളര്‍ത്തി നോക്കിക്കൂടെ?
ഇപ്പഴത്തെ കാലത്തു ,"ടോമും" മനുഷ്യനെ ബുദ്ധിമുട്ടിച്ചാലോ...ല്ലേ?

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!

ബംഗളൂരു നാട്‌ : ചപ്പാത്തി ഇങ്ങനേയും പരത്താം!!!