ബംഗളൂരു നാട്‌ : ഉസാഘലസാഗു. കോം

രസകരമായി ചിന്തിച്ചാല്‍ ഭാവനാത്മകമായ പേരുകള്‍ തെളിഞ്ഞു വരും, അത്‌ ഏത്‌ വരണ്ട മനസ്സാണെങ്കിലും!

"ദാസാ, ഒടുവില്‍ മോള്‍ക്ക്‌ പേരു കിട്ടി!" കൊച്ചു വെളുപ്പാന്‍ കാലത്ത്‌ തന്നെ സുഹ്രുത്ത്‌ എന്നെ വിളിച്ചിരിക്കുന്നു!

"ഇതെന്താ ഈ രാവിലെ തന്നെ എവിടുന്ന്‌ കിട്ടി?" ഞാന്‍ ഉറക്കച്ചടവോടെ അവനോട്‌ ചോദിച്ചു.

"രാത്രി സ്വപ്നം കണ്ടു, ഒരു മാലാഖ വന്നു ഒരു പേരു പറഞ്ഞു!"

"ബെസ്റ്റ്‌!!! അതും മാലാഖ തന്നെ വന്നു പറഞ്ഞലേ? നീ ഭാഗ്യവാന്‍" ഞാന്‍ അവനോട്‌ പറഞ്ഞു.

എണ്റ്റെ സുഹ്രുത്തിനു അവണ്റ്റെ ഭാര്യ അന്ത്യശാസനം കൊടുത്തിരിക്കുകയായിരുന്നു.

 "എത്രയും പെട്ടെന്ന്‌ ഒരു പേര്‍ കണ്ടുപിടിച്ചില്ലെങ്കില്‍ അമ്മൂമ്മ പറഞ്ഞതില്‍ ഒന്നു ഞാന്‍ സെലെക്റ്റ്‌ ചെയ്യും, രണ്ടെണ്ണം എനിക്കു ഇഷ്ടപ്പെട്ടൂ. ഒന്നു പുരുഷോത്തമന്‍ അല്ലെങ്കില്‍ ത്രിവിക്രമന്‍ കുട്ടി"

ഭാര്യയുടെ അമ്മൂമ്മ സ്നേഹം അപാരം തന്നെ!

സുഹ്രുത്ത്‌ ആകെ റ്റെന്‍ഷനില്‍ ആയിരുന്നു... ഒരു 'ടെക്കി' യുടെ മോനെ ത്രിവിക്രമന്‍ കുട്ടി എന്നൊക്കെ വിളിക്കാമോ??

ഊണിലും ഉറക്കത്തിലും അവന്‍ അങ്ങനെ പേരുകള്‍ ചികഞ്ഞു നടന്നു.
പുഴവെള്ളത്തില്‍ ഉണ്ടു, മഴവെള്ളത്തില്‍ ഇല്ല... കൊപ്രയിലുണ്ട്‌, വെളിച്ചെണ്ണയില്‍ ഇല്ല... ജാവയില്‍ ഉണ്ടു, ഡോട്‌ നെറ്റില്‍ ഇല്ല!

അങ്ങനെ ഒരോരോ സമസ്യകളിലൂടെ തേടി നടന്നു...

ഞങ്ങള്‍ പതിവു പോലെ ഒന്നിച്ചു കൂടാറുള്ളപ്പോള്‍ അവന്‍ ഈ പ്രശ്നം എടുത്തിട്ടു. എത്രയും പെട്ടെന്ന്‌ ഒരു നല്ല പേരു കണ്ടുപിടിക്കണം. ഒരു ജ്യോതിഷി ഒരാദ്യാക്ഷരം പറഞ്ഞിട്ടൂണ്ട്‌. അതു വെച്ച്‌ കുഞ്ഞിനു പേരിട്ടാല്‍ ഐശ്വര്യമാണു പോലും!.

"എതാണു ആ അക്ഷരം?" ഞങ്ങള്‍ ചോദിച്ചൂ.

"ഠ"

"ഈശ്വരാ, ഠ വെച്ചു ഒരു പേരോ?" ഞങ്ങള്‍ അലോചിച്ചു....അഛന്‍ ഒരു മേനോനാ. അപ്പോള്‍ പിന്നെ??

"ഠണ്ഠന്‍ മേനോന്‍"

"ബെസ്റ്റ്‌!!, പക്ഷെ പറ്റില്ല, ഭാര്യയുടെ അമ്മൂമ്മ എങ്ങാനും ആ പേരു ഓമനത്തത്തോടെ ഒന്നു വിളിച്ചാന്‍ ആകെ ഉള്ള രണ്ടു പല്ലുകള്‍ കൂടി തെറിച്ചു പോകും" സുഹ്രുത്ത്‌ ആ പേരു തള്ളി കളഞ്ഞു.

ഇതിനിടയില്‍ നമ്മുടെ മറ്റൊരു ചങ്ങാതിയും വന്നു ചേര്‍ന്നു. അവനും ആയിടക്കാണു ഒരു പെണ്‍കുഞ്ഞു പിറന്നത്‌. ആവശ്യക്കാര്‍ കൂടി...

"ഒരു പേരുണ്ട്‌ - അപരാജിത" ഞാന്‍ ഉണര്‍ത്തിച്ചു.

 "പക്ഷെ ഒന്നാം ക്ളാസില്‍ തന്നെ ആ മകള്‍ മൂന്നു വട്ടം തോറ്റാലോ? അഛനു പിന്നെ തലയില്‍ മുണ്ടിട്ട്‌ നടക്കാം, പേരു അന്വര്‍ഥമാക്കിയതിനു!"

അവനു ഇപ്പോഴേ മകളുടെ കാര്യത്തില്‍ സംശയമുണ്ട്‌? ആരുടേയാ മകള്‍!

ഈ ചങ്ങാതി ഒരു കുറുപ്പ്‌ ആണു... അങ്ങനെയെങ്ങില്‍ മലയാള സാഹിത്യത്തിണ്റ്റെ ചില അംശങ്ങള്‍ എടുത്ത്‌ ഒരു പേരു,

"നിര്‍നിമേഷ്‌ കുറുപ്പ്‌" (കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഉന്‍മേഷം!)

"എണ്റ്റെ പക്ഷെ പെണ്‍കുട്ടിയല്ലേ?" ചങ്ങാതി ഒഴിഞ്ഞു മാറി.

 "ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു പെണ്‍ പേരുണ്ടാക്കാം, നിരാലംബാ കുറുപ്പ്‌!"

ചങ്ങാതിക്ക്‌ എന്നിട്ടും ബോധിച്ചില്ല. അങ്ങനെ ഞങ്ങളുടെ പേരു അന്വേഷണം പല ദിനങ്ങള്‍ നീണ്ട്‌ പോയി. ഒടുവില്‍ ഇതാ ഈ സുഹ്രുത്തിനു രാത്രി ഒരു മാലാഖ വന്നു പേരു നിര്‍ദ്ദേശിച്ചത്രെ?

എതായാലും അവന്‍ ആ പേരു തന്നെ ആ മോള്‍ക്കിട്ടു.

ദിവസങ്ങള്‍ക്കു ശേഷം ഓഫീസില്‍ ഇരിക്കുമ്പോള്‍ റ്റീമിലെ സഹ പ്രവര്‍ത്തകന്‍ ഒരു പേരു അന്വേഷിച്ച്‌ എത്തി. ഇത്‌ പക്ഷെ പുള്ളി പ്ളാന്‍ ചെയ്യുന്ന ഒരു വെബ്‌ സൈറ്റിനു വേണ്ടിയാണു.

ഒരു മലയാള ടച്ചുള്ള 'പഞ്ചിംഗ്‌' പേരു. പലതും ഞങ്ങളുടെ മനസിലൂടെ കടന്നു പോയി.

തീക്കളി.കോം, വെടിപ്പുര.കോം, പട്ടാസ്‌.കോം.

എണ്റ്റേത്‌ മസാല ചിത്രങ്ങളുടെ സൈറ്റ്‌ അല്ല!" അവന്‍ ഈ പേരുകള്‍ നിഷേധിച്ചു.

ഗോട്ടി.കോം, ഗോലി.കോം... "

എന്നാല്‍ പിന്നെ 'ലം' കൂടിച്ചേര്‍ത്ത്‌ 'ലംഗോട്ടി. കോം' എങ്ങനെ?"

ഭവനാത്മകമായ പേരുകളുടെ വേലിയേറ്റത്തില്‍ ആ ചര്‍ച്ച അങ്ങനെ അവസാനിപ്പികേണ്ടി വന്നു!

വൈകുന്നേരം സുഹ്രുത്തിനെ വീണ്ടും കണ്ടപ്പോള്‍ ചോദിച്ചു, "എന്താ പേരായോ?"

"ആയി", ഉസാഘലസാഗു. കോം"

അഭിപ്രായങ്ങള്‍

mini//മിനി പറഞ്ഞു…
പേര് വിശേഷം ഉഗ്രൻ.
അച്ഛന്റെയും അമ്മയുടെയും ആദ്യാക്ഷരം ചേർത്ത് മക്കൾക്ക് പേരിടുന്നവരുണ്ട്. അച്ഛൻ നാരായണൻ അമ്മ റീന, അപ്പോൾ മകൾ നാറി.
അനൂപ്‌ പറഞ്ഞു…
"ഠണ്ഠന്‍ മേനോന്‍" athu kollam
അമ്മാവന്‍ പറഞ്ഞു…
മിനി ചേച്ചീ, അപ്പൊ മാത്യു-ക്രിസ്ടീന മകന്‍?
അമ്മൂമ്മയുടെ ത്രിവിക്രമൻ കുട്ടി മതിയായിരുന്നു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബംഗളൂരു നാട്‌: എന്റെ അച്ചായന്റെ രണ്ടാം തിരു കല്യാണം!

എങ്കിലും എണ്റ്റെ ശ്രീ പത്മനാഭാ...!

ബംഗളൂരു നാട്‌ : ചപ്പാത്തി ഇങ്ങനേയും പരത്താം!!!